ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് ജനിച്ചത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആലിയ കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സന്തോഷവാര്‍ത്ത താരം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. 

To advertise here,

ഇപ്പോഴിതാ പേരക്കുട്ടിയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍. കൊച്ചുമകള്‍ വളരെ ക്യൂട്ടാണെന്നും താന്‍ വളരെ സന്തോഷവതിയാണെന്നും അവര്‍ പ്രതികരിച്ചു. 

കുഞ്ഞിനെ കാണാന്‍ രണ്‍ബീറിനെ പോലെയാണോ ആലിയയെ പോലെയാണോ എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി. 'അവള്‍ വളരെ കുഞ്ഞല്ലേ. ഇന്നല്ലേ ജനിച്ചത്. അതുകൊണ്ടുതന്നെ അതൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല' എന്നായിരുന്നു നീതുവിന്റെ ഉത്തരം. ആലിയയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും നീതു അറിയിച്ചു. 

ഞായറാഴ്ച രാവിലെയാണ് ആലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ കുഞ്ഞിന് ജന്മം നല്‍കി. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം.'-ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതേ പോസ്റ്റ് നീതു കപൂറും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.