മൂന്ന് സിനിമാ കുടുംബങ്ങള്‍ ഒരുമിച്ച് കൂടിയതിന്റെ ചിത്രം പങ്കുവെച്ച് നടി കാവ്യ മാധവന്‍. ദിലീപ്, നരേന്‍, മീരാ ജാസ്മിന്‍ എന്നിവരുടെ കുടുംബാംഗങ്ങളാണ് ഒരു വീട്ടില്‍ ഒത്തുചേര്‍ന്നത്.

To advertise here,

'മുന്‍കൂട്ടി തീരുമാനിക്കാതെ ഒരുമിച്ചു കൂടി അവിസ്മരണീയമായ നിമിഷങ്ങളായി മാറിയ ഒത്തുചേരല്‍'- എന്ന ക്യാപ്ഷനോടെയാണ് കാവ്യ ചിത്രം പോസ്റ്റ് ചെയ്തത്. ദിലീപ്, കാവ്യാ മാധവന്‍, മകള്‍ മഹാലക്ഷ്മി, നരേന്‍, ഭാര്യ മഞ്ജു ഹരിദാസ്, മക്കളായ തന്മയ, ഓംകാര്‍, മീരാ ജാസ്മിന്‍, അമ്മ ഏലിയാമ്മ ജോസഫ്, സഹോദരിമാരായ ജെനി സൂസന്‍ ജോസഫ്, ജിബി സാറ ജോസഫ്, ജിബിയുടെ മകള്‍ എന്നിവരെ ചിത്രങ്ങളില്‍ കാണാം.

എല്ലാവരും ഒരു ടേബിളിന് ചുറ്റും നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. മീരാ ജാസ്മിന്റെ സഹോദരിമാരുടെ അടുത്താണ് മഹാലക്ഷ്മി ഇരിക്കുന്നത്. നിര്‍മാതാവ് രഞ്ജിത് മണംബ്രക്കാട്ടിനേയും ചിത്രത്തില്‍ കാണാം. നരേനും മീരാ ജാസ്മിനും ഒന്നിച്ചെത്തിയ 'ക്വീന്‍ എലിസബത്ത്' എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് രഞ്ജിത്.

ഒരു മാസം മുമ്പാണ് മീരയുടെ അച്ഛന്‍ ജോസഫ് ഫിലിപ്പ് മരിച്ചത്. അന്ന് ദിലീപ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ മീരയുടെ വീട്ടില്‍ ആശ്വാസവാക്കുകളുമായെത്തിയിരുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'പാലും പഴവും' എന്ന ചിത്രത്തിലാണ് മീര ഇപ്പോള്‍ അഭിനയിക്കുന്നത്.