തിയേറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുകയാണ് രൺവീർ സിങ് നായകനായ ധുരന്ധർ: ദി റിവഞ്ച്. മാർച്ച് 19-ന് പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആദിത്യ ധർ ആണ്. ഹംസ അലി മസാരി എന്ന ഇന്ത്യൻ ചാരനായാണ് രൺവീർ ചിത്രത്തിൽ വേഷമിട്ടത്. ധുരന്ധർ 2-ലെ പ്രധാനപ്പെട്ട ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

To advertise here,

ചിത്രത്തിൽ ഡാനിഷ് ഇഖ്ബാൽ അവതരിപ്പിച്ച ബഡേ സാഹബ് എന്നറിയപ്പെടുന്ന ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെ രൺവീറിന്റെ ഹംസ അലി മസാരി കൊല്ലാൻ ശ്രമിക്കുന്നുണ്ട്. ഒരു തുള്ളി സാന്ദ്രതയേറിയ മെർക്കുറി (രസം) ഉപയോഗിച്ചാണ് ഹംസ ഇതിന് ശ്രമിക്കുന്നത്. ഈ ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് വർഷങ്ങൾക്ക് ശേഷം മറ്റൊരാൾ ഇതിൽ വിജയിക്കുന്നതായും ചിത്രത്തിൽ കാണിക്കുന്നുണ്ട്.

രാകേഷ് ബേദി അവതരിപ്പിച്ച ജമീൽ ജമാലി ബഡേ സാഹബിന് ഹസ്തദാനം നൽകുന്ന ചിത്രം ഹംസയെ കാണിക്കുന്നുണ്ട്. ഹസ്തദാനത്തിന് മണിക്കൂറുകൾക്ക് ശേഷം ഭക്ഷണം കഴിക്കവെ ബഡേ സാഹബിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നു. പിന്നീട് അദ്ദേഹം കിടപ്പിലാകുന്നതായും ചിത്രം പറഞ്ഞുവെക്കുന്നു. ഇതാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. കേവലം ഒരു തുള്ളി മെർക്കുറിക്ക് ഇത്ര വലിയ ആഘാതമുണ്ടാക്കാനുള്ള ശേഷിയുണ്ടോ?

ചിത്രത്തിന്റെ എൻഡ് ക്രെഡിറ്റിൽ രൺവീറിന്റെ കഥാപാത്രം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആൻഡ് സ്ട്രാറ്റജി എന്ന ഇന്ത്യയുടെ, ചാരന്മാരെ പരിശീലിപ്പിക്കുന്ന സാങ്കൽപ്പിക സ്ഥാപനത്തിൽ പരിശീലനം നേടുന്നത് കാണിക്കുന്നുണ്ട്. അവിടെ രൺവീറിന്റെ കഥാപാത്രം ഉൾപ്പെടെയുള്ളവർക്ക് സാന്ദ്രതയേറിയ മെർക്കുറിയുടെ ക്യാപ്‌സ്യൂളുകൾ പരിചയപ്പെടുത്തുന്നുണ്ട്. ഇതിൽനിന്ന് ഒരു തുള്ളി ചർമ്മത്തിലൂടെ ശരീരത്തിലെത്തിയാൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാകും എന്നാണ് പരിശീലനം നൽകുന്ന വിദഗ്ധൻ ഈ രംഗത്തിൽ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് നോക്കാം.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന (ന്യൂറോടോക്‌സിൻ) ലോഹമാണ് മെർക്കുറി. മസ്തിഷ്‌കത്തേയും നാഡീവ്യവസ്ഥയേയും ഗുരുതരമായി ബാധിക്കുന്നതാണ് മെർക്കുറിയെങ്കിലും ധുരന്ധറിൽ അതിശയോക്തി കലർത്തിയാണ് മെർക്കുറി പോയിസണിങ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. സ്ലോ പോയിസണാണ് മെർക്കുറി. അതിനാൽ തന്നെ ചിത്രത്തിൽ കാണിച്ചത് പോലെ 'സിനിമാറ്റിക്' ആയല്ല ഇത് പ്രവർത്തിക്കുന്നത്. മെർക്കുറി ചർമ്മത്തിലൂടെ ശരീരത്തിലെത്തുമെന്നത് ശരിയാണെങ്കിലും വാതകരൂപത്തിലുള്ള മെർക്കുറി ശ്വസിക്കുന്നതും വായിലൂടെ ഉള്ളിലെത്തുന്നതുമാണ് കൂടുതൽ അപകടകരമെന്നും വിദഗ്ധർ പറയുന്നു.

ശരീരത്തിൽ മെർക്കുറി വിഷബാധയുണ്ടായാൽ അത് കണ്ടെത്താൻ കഴിയാത്ത ഒന്നല്ല. ലബോറട്ടറി പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും. രക്തം, മൂത്രം, മുടി എന്നിവയുടെ സാമ്പിളാണ് ഇതിനായി പരിശോധിക്കുക.