മിഴ് നടൻ ധനുഷും ബോളിവുഡ് നടി മൃണാൾ ഠാക്കൂറും പ്രണയബന്ധം അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് മാസങ്ങളായി അഭ്യൂഹം നിലനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ പ്രണയദിനത്തിൽ ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നുപോലും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും താരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ താരപ്രണയത്തിന് അന്ത്യമായിരിക്കുന്നത്.

To advertise here,

കഴിഞ്ഞവർഷം ഓഗസ്റ്റ് മുതലാണ് ധനുഷ്-മൃണാൾ പ്രണയം സോഷ്യൽ മീഡിയയിൽ പൂവിട്ടത്. മൃണാൾ അഭിനയിച്ച സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രീമിയറിന് ഇരുവരും ഒന്നിച്ചെത്തിയതാണ് പ്രണയാഭ്യൂഹത്തിന് തിരികൊളുത്തിയത്. പിന്നീട് ധനുഷിന്റെ തേരേ ഇഷ്‌ക് മേം എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിക്ക് മൃണാൾ ഠാക്കൂർ എത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ധനുഷ് തന്റെ അടുത്ത സുഹൃത്താണെന്നാണ് മൃണാൾ പറഞ്ഞിരുന്നത്.

മൃണാളിന്റെ പിറന്നാളാഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് അന്ന് മൃണാൾ ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്. പിന്നീട് ധനുഷിന്റെ മൂന്ന് സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി. സ്പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേലിസ്റ്റ് പങ്കുവെക്കുന്നുവെന്നും ആരാധകർ കണ്ടെത്തിയിരുന്നു.

'ദോ ദിവാനാ ഷെഹർ മേ' എന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ മൃണാൾ പങ്കുവെച്ചപ്പോൾ 'നന്നായിട്ടുണ്ട്' എന്ന് ധനുഷ് കമന്റിടുകയും ചെയ്തിരുന്നു. ഇതിന് മൃണാളും ചിത്രത്തിലെ നായകൻ സിദ്ധാർഥ് ചതുർവേദിയും മറുപടിയും നൽകിയിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ട് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

തമിഴ് സംവിധായകനും നിർമാതാവുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്. 2004- ൽ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയെ ധനുഷ് വിവാഹംചെയ്തു. ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. 2024-ൽ ഇരുവരും വിവാഹമോചനം നേടി. മഹാരാഷ്ട്രയിലെ ധുലെയിൽ മറാഠി കുടുംബത്തിലാണ് മൃണാൾ ഠാക്കൂറിന്റെ ജനനം. മറാഠി- ഹിന്ദി സിനിമകളിലൂടെ അരങ്ങേറിയ മൃണാൾ ഠാക്കൂർ, ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലൂടെയാണ് പാൻ- ഇന്ത്യൻ ശ്രദ്ധനേടുന്നത്.