ആ ബന്ധത്തിൽ ഒരിക്കലും ഒരു സാധാരണ അവസ്ഥ ഉണ്ടായിരുന്നില്ലെന്ന് അനുപമ പറഞ്ഞു. അത് ഒന്നുകിൽ അതിയായ സന്തോഷമോ അല്ലെങ്കിൽ വല്ലാത്ത വിഷമമോ ആയിരുന്നുവെന്നും അനുപമ പറഞ്ഞു.

നാർസിസിസ്റ്റിക് അബ്യൂസിൽനിന്നുള്ള അതിജീവനത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരൻ. ആ ബന്ധം തന്റെ ആരോഗ്യത്തെ എത്രത്തോളം മോശമായി ബാധിച്ചുവെന്നാണ് അനുപമ വിശദീകരിക്കുന്നത്. പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തന്റെ ജീവിതത്തിലെ ഏറ്റവും തളർത്തുന്ന ഒരു കാലഘട്ടമായിരുന്നു അതെന്ന് താരം വ്യക്തമാക്കുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് അനുപമ ഇക്കാര്യങ്ങൾ പറഞ്ഞത്.
ആ ബന്ധത്തിൽ ഒരിക്കലും ഒരു സാധാരണ അവസ്ഥ ഉണ്ടായിരുന്നില്ലെന്ന് അനുപമ പറഞ്ഞു. അത് ഒന്നുകിൽ അതിയായ സന്തോഷമോ അല്ലെങ്കിൽ വല്ലാത്ത വിഷമമോ ആയിരുന്നുവെന്നും അനുപമ പറഞ്ഞു. ഈ വ്യക്തി 'നമുക്ക് ഇത് അവസാനിപ്പിക്കാം' എന്ന് പറയുന്ന സമയങ്ങൾ ഉണ്ടായിരുന്നു, രണ്ടു ദിവസത്തിന് ശേഷം അദ്ദേഹം പറയും, 'എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല' എന്ന്. പിന്നെ ഇരുവരും ചേർന്ന് പ്രശ്നങ്ങൾ തീർക്കും. ഈ ചൂഷണങ്ങളെല്ലാം നടക്കുമ്പോൾ, താൻ ജീവിതത്തിലെ സ്വന്തം പോരാട്ടങ്ങളിലൂടെ കടന്നുപോവുകയായിരുന്നുവെന്നും അനുപമ പറഞ്ഞു.
"നിങ്ങൾ കടുത്ത ഉത്കണ്ഠയിലൂടെ കടന്നുപോകുമ്പോൾ, അത് നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നു. പാനിക് അറ്റാക്ക്, ആങ്സൈറ്റി അറ്റാക്ക്, ബോധക്ഷയം, ഞാൻ വല്ലാതെ മെലിയുകയായിരുന്നു... എനിക്ക് നേരത്തേ ഇതിൽ ഒന്നുപോലുമുണ്ടായിരുന്നില്ല, ഞാൻ സന്തോഷവതിയായ ഒരു സാധാരണ കുട്ടിയായിരുന്നു. എന്റെ വലതു കണ്ണ് തുടർച്ചയായി തുടിക്കാൻ തുടങ്ങി, അതിനാൽ ഷൂട്ടിംഗ് പോലും നിർത്തിവെക്കേണ്ടി വന്നു... അത്രയും മോശം അവസ്ഥയായിരുന്നു. നിരന്തരമായ മാനസിക സമ്മർദം കാരണം ശരീരഭാരം വളരെയധികം കുറഞ്ഞു. ചിലപ്പോഴൊക്കെ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെ വരികയും ഛർദ്ദിക്കുകയും ചെയ്യുമായിരുന്നു. ഞാൻ വല്ലാതെ മെലിഞ്ഞുപോയി. എല്ലാ ദിവസവും രാത്രി മണിക്കൂറുകളോളം കരയുമായിരുന്നു. എന്നിട്ട് രാവിലെ എഴുന്നേറ്റ് ഷൂട്ടിംഗിന് പോകേണ്ടി വന്നിരുന്നു." അനുപമ പരമേശ്വരന്റെ വാക്കുകൾ.
ബന്ധത്തിൽ ശാരീരിക ഉപദ്രവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും, തന്റെ ശരീരത്തിലും മനസ്സിലും ഒരിക്കലും ഭേദമാകാത്ത മുറിവുകളാണ് അത് അവശേഷിപ്പിച്ചതെന്ന് അനുപമ വ്യക്തമാക്കി. "എന്റെ ശരീരത്തിൽ മുറിവുകളുണ്ട്, ശാരീരിക പീഡനമല്ല, എന്നാൽ ഒരിക്കലും ഉണങ്ങാത്ത ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ട്. എനിക്ക് എന്തുകൊണ്ട് അതിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല എന്ന് ആളുകൾ ചോദിച്ചു, എന്നാൽ അതൊരു ചിലന്തിവല പോലെയാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. വർഷത്തിന്റെ തുടക്കത്തിൽ ഒരു ഘട്ടമുണ്ടായിരുന്നു, അന്ന് ഞാൻ ഈ വ്യക്തിയോട് പറഞ്ഞു, നീ എന്റെ സമാധാനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്, നമുക്ക് ഇനി ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന്... പതുക്കെ ഞാൻ ഈ വ്യക്തിയുടെ യഥാർത്ഥ മുഖം കണ്ടുതുടങ്ങി... അവരുടെ നുണകൾ പിടികൂടി, അവരെ ചോദ്യം ചെയ്തു. പതുക്കെ, പ്രശ്നക്കാരിയാക്കി മാറ്റാൻ അവർ ശ്രമിച്ചു." അനുപമ മനസ്സുതുറന്നു.
ഇതൊക്കെ തുടർന്നുകൊണ്ടിരുന്നുവെന്നും കാര്യങ്ങൾ പൊട്ടിത്തെറിയിലെത്തിയെന്നും അനുപമ പറഞ്ഞു. ഇരു കുടുംബങ്ങളും വിഷയത്തിൽ ഇടപെട്ടു. ഏതാനും ദിവസങ്ങൾക്ക് ശേഷം തന്നോട് സംസാരിക്കാൻ പോലും തനിക്ക് ആ വ്യക്തിയെ ഭീഷണിപ്പെടുത്തേണ്ടി വന്നു. അവർ ചെയ്യുന്ന ഒന്നിന്റെയും ഉത്തരവാദിത്തം അവർ ഏറ്റെടുക്കില്ല. അയാളുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നത് താൻ നേരിട്ടുകണ്ടെന്നും അനുപമ പരമേശ്വരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു വർഷമായി താൻ നാർസിസിസ്റ്റിക് അബ്യൂസ് നേരിടുകയാണെന്ന അനുപമയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തന്റെ മുൻ പങ്കാളി വിക്രം സിനിമയായ 'അന്യനി'ലെ കഥാപാത്രത്തെപ്പോലെയായിരുന്നുവെന്ന് അനുപമ പറഞ്ഞിരുന്നു. ചിലപ്പോൾ അന്യനെപ്പോലെയും മറ്റുചിലപ്പോൾ റെമോയെപ്പോലെയും അമ്പിയെപ്പോലെയും അയാൾ പെരുമാറി. പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ തന്നെ വിവാഹനിശ്ചയം എന്ന് ആവശ്യം അയാളും കുടുംബവും ഉന്നയിക്കാൻ തുടങ്ങി. രണ്ടു വർഷം ശാരീരികവും വൈകാരികവുമായ യാതനയും തകർച്ചയും നേരിട്ടുവെന്നും നടി പറഞ്ഞു.
Content Highlights: Actress Anupama Parameswaran shared shocking details in an interview with Dhanya Varma about enduring severe physical and mental health issues—including panic attacks, drastic weight loss, and surgery—due to a past abusive and manipulative relationship.
Published: 15 Aug 2026, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented