ബെംഗളൂരുവിലെ യാത്രാചെലവിനെ കുറിച്ച് വീഡിയോ പങ്കുവെച്ച് യുവതി. ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് താമസം മാറിയ അനുഭൂതി ഗുപ്ത എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. ഡൽഹിയിലെ മെട്രോ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരുവിലെ ചെലവ് തന്നെ അമ്പരപ്പിക്കുന്നുവെന്നും അതിനായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നുവെന്നും യുവതി വീഡിയോയിൽ പറയുന്നു.

To advertise here,

'ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറിയതിനുശേഷം യാത്രയ്ക്കായി മാത്രം ഞാൻ ചിലവഴിക്കേണ്ടി വരുന്നത് ഭീമമായ തുകയാണ്. ഞാൻ ഡൽഹിയിൽ നിന്നുള്ള ആളാണ്. അവിടെ മെട്രോ ഉപയോഗിച്ച് എവിടെയും യാത്ര ചെയ്യാമായിരുന്നു. കാരണം അവിടുത്തെ മെട്രോ സ്റ്റേഷൻ എന്റെ വീട്ടിൽ നിന്ന് അ്ഞ്ച് മിനിറ്റ് അകലെയായിരുന്നു. എന്നാൽ ബെംഗളൂരുവിലെ എന്റെ വീടിനടുത്തുള്ള ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ 8 കിലോമീറ്റർ അകലെയാണ്. 8 കിലോമീറ്റർ.' അവർ വീഡിയോയിൽ പറയുന്നു.

യാത്ര ചെയ്യേണ്ടി വരുന്ന ദൂരം തന്റെ ദൈനംദിന തീരുമാനങ്ങളിൽ ഒരു പ്രധാന ഘടകമായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു. 'പുറത്തിറങ്ങുന്നതിന് മുമ്പ് ഏത് വസ്ത്രം ധരിക്കണം എന്നല്ല ഇപ്പോൾ ഞാൻ ആലോചിക്കുന്നത്. ഞാൻ പോകുന്ന സ്ഥലത്തേക്ക് എത്ര ഓട്ടോ ചാർജ് വരും എന്നതാണ്. ചാർജ്ജ് വളരെ കൂടുതലാണെങ്കിൽ, ഞാൻ റാപ്പിഡോ ബൈക്കിൽ സൗകര്യപ്രദമായി യാത്ര ചെയ്യാൻ പറ്റുന്ന വസ്ത്രം തിരഞ്ഞെടുക്കും.' യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു.

മുമ്പ് ഒരിക്കലും ചിന്തിക്കാതിരുന്ന ദൈനംദിന ചെലവുകളെ കുറിച്ച് ഇപ്പോൾ താൻ കൂടുതലായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നുവെന്നും അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 'ഡൽഹിയിൽ ആയിരുന്നപ്പോൾ നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്നതിനെക്കുറിച്ച് എനിക്ക് ഒരിക്കലും ചിന്തിക്കേണ്ടി വന്നിട്ടില്ല. മെട്രോ എല്ലായിടത്തും ഉണ്ടായിരുന്നു. ഏത് സ്ഥലത്തും അഞ്ച് മിനിറ്റ് അകലെ ഒരു സ്റ്റേഷൻ ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് ജോലിക്കായി ഞാൻ ബെംഗളൂരുവിലേയ്ക്ക് മാറിയപ്പോൾ, പുറത്തിറങ്ങുമ്പോൾ ആദ്യം ഓട്ടോ ചാർജ് പരിശോധിക്കേണ്ടി വന്നു. ഞാൻ ഈ നഗരത്തെ പല കാരണങ്ങളാൽ ഇഷ്ടപ്പെടുന്നു. എന്നാൽ യാത്രയ്ക്കായി മാത്രം ചെലവഴിക്കുന്ന പണത്തെ കുറിച്ച് ആലോചിക്കുമ്പോൾ എല്ലാ ഇഷ്ടവും പോകും. നിങ്ങൾ ജീവിച്ചുകൊണ്ടിരുന്ന സ്ഥലം മാറുമ്പോൾ നിങ്ങൾ മുമ്പ് ഒരിക്കലും ശ്രദ്ധിക്കാത്ത ചെറിയ കാര്യങ്ങൾപോലും ശ്രദ്ധിക്കാൻ തുടങ്ങും.' അവർ കുറിച്ചു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ഒടുവിൽ ഒരാൾ ആ സത്യം തുറന്നുപറഞ്ഞെന്നായിരുന്നു ഒരു കമന്റ്. തന്റെ ഓഫീസിലേക്കുള്ള നാല് കിലോമീറ്റർ ദൂരത്തേക്കാൾ ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് യാത്ര ചെയ്യുന്നത് ലാഭകരമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.