
തൊടുപുഴ: ഒരുവർഷം മുൻപാണ് സായുക്കുട്ടന് ആ കളിപ്പാട്ടക്കാർ കിട്ടുന്നത്. അവന് അത് ഒരുപാട് ഇഷ്ടമായി. കളിപ്പാട്ടമല്ല, കയറിയിരുന്നു ഓടിക്കാൻ പറ്റുന്ന ശരിക്കുമുള്ള കാർ വേണമെന്നായി ആഗ്രഹം. വണ്ടിപ്രാന്തനായ അച്ഛൻ അർജുൻ, മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തീരുമാനിച്ചു. 90 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് കമ്പനിയായ ആസ്റ്റൺ മാർട്ടിൻ പുറത്തിറക്കിയ വിന്റേജ് കാറിന്റെ ഓടുന്ന മോഡൽ, പൊളിച്ചുമാറ്റിയ വണ്ടികളുടെ ഭാഗങ്ങൾ ഉപയോഗിച്ച് നിർമിച്ചു.
മണക്കാട് കുന്നത്ത് വീട്ടിൽ അർജുൻ കെ. വേണുവാണ് നാലുവയസ്സുകാരനായ മകൻ സായു എന്ന തന്വിക്കിന് ഓടുന്ന കാർ നിർമിച്ചത്. ചില വാഹനപ്രേമികളുടെ കൈവശം മാത്രമേ ഇപ്പോൾ ഈ കാറുള്ളൂ. അത് വാങ്ങണമെങ്കിൽ 25 ലക്ഷം രൂപയെങ്കിലും വേണമായിരുന്നു. അതുകൊണ്ടാണ് സ്വന്തമായി കാർ നിർമിക്കാമെന്ന് വർക് ഷോപ്പ് ഉടമ കൂടിയായ അർജുൻ തീരുമാനിച്ചത്. ഗൂഗിളിൽ തിരഞ്ഞ് കാറിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി. പൊളിച്ചിട്ടിരുന്ന വണ്ടികളുടെ ഭാഗങ്ങൾ ശേഖരിച്ചു. ഫൈബറും ഈ ഭാഗങ്ങളും ഉപയോഗിച്ച് ഏറെ പണിപ്പെട്ട് കളിപ്പാട്ട കാറിന് സമാനമായി ബോഡി നിർമിച്ചു. ഒഴിവുസമയത്തായിരുന്നു അർജുന്റെ അധ്വാനം.
വാനിന്റെ എൻജിനാണ് ഉപയോഗിച്ചത്. ഒരുപാട് നാളത്തെ തിരച്ചിലിനൊടുവിൽ കമ്പനിയുടെ എബ്ലം ഒരു വിന്റേജ് ഷോപ്പിൽനിന്ന് കിട്ടി. പെയിന്റ് ചെയ്തതും സ്വന്തം വർക്ക്‌ഷോപ്പിൽ. അപ്‌ഹോൾസ്റ്ററി ജോലി മാത്രം പുറത്തുചെയ്തു. എട്ടുമാസംകൊണ്ട് ആസ്റ്റൺ സെവൻ മോഡൽ മാതൃകയിൽ കാർ പൂർത്തിയാക്കി. പണിക്കൂലി ഒഴിവാക്കിയാൽ മൂന്ന് ലക്ഷം രൂപ ചെലവായി. മകനെ അടുത്തിരുത്തി കാർ ഓടിച്ചപ്പോൾ അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയാണ് കഷ്ടപ്പാടിനുള്ള സമ്മാനമെന്ന് അർജുൻ പറയുന്നു.
ഇത്തരത്തിലുള്ള വാഹനങ്ങൾ റോഡിൽ ഓടിക്കാൻ നിയമപരമായി അനുമതിയില്ല. അതിനാൽ വീട്ടുമുറ്റത്താണ് അച്ഛന്റേയും മകന്റേയും കാർ റൈഡ്. പെട്രോളിലാണ് ഓടുന്നത്. അർജുന്റെ ഭാര്യ ആതിരയും അച്ഛൻ വേണുവും അമ്മ ജയയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ഏറെ പാരമ്പര്യമുള്ള കാർ നിർമാണ കമ്പനിയാണ് ആസ്റ്റൺ മാർട്ടിൻ. ജെയിംസ് ബോണ്ട് സിനിമകളിൽ ഒരു കഥാപാത്രമായാണ് കമ്പനിയുടെ കാറുകളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: A father in Todupuzha built a working Aston Martin replica for his son using scrap parts.
Published: 04 Apr 2025, 09:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented