പരമ്പരാഗത കമ്പനികളിൽനിന്ന് നിർമിതബുദ്ധി (എഐ)യുടെ മേഖലയിലേക്ക് നിക്ഷേപകരുടെ താത്പര്യം മാറി എന്നതിന്റെ ഉദാഹരണമാണ് സോഫ്റ്റ്ബാങ്കിന്റെ മുന്നേറ്റമെന്ന് വിലയിരുത്തപ്പെടുന്നു.

ജപ്പാനിലെ ഏറ്റവും മൂല്യംകണക്കാക്കപ്പെടുന്ന കമ്പനിയെന്ന സ്ഥാനം ടൊയോട്ടയെ മറികടന്ന് സ്വന്തമാക്കി ടെക് നിക്ഷേപ രംഗത്തെ വമ്പന്മാരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്. ടൊയോട്ടയ്ക്ക് 20 വർഷത്തിനുശേഷമാണ് ഒന്നാംസ്ഥാനം നഷ്ടമാകുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പരമ്പരാഗത കമ്പനികളിൽനിന്ന് നിർമിതബുദ്ധി (എഐ)യുടെ മേഖലയിലേക്ക് നിക്ഷേപകരുടെ താത്പര്യം മാറി എന്നതിന്റെ ഉദാഹരണമാണ് സോഫ്റ്റ്ബാങ്കിന്റെ മുന്നേറ്റമെന്ന് വിലയിരുത്തപ്പെടുന്നു.
മസായോഷി സൺ നയിക്കുന്ന സോഫ്റ്റ്ബാങ്ക് ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐയിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈയാഴ്ച സോഫ്റ്റ്ബാങ്കിന്റെ ഓഹരികൾ 14 ശതമാനത്തിലധികം ഉയർന്ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരുന്നു.ഇതൊടെ കമ്പനിയുടെ മൊത്തം വിപണി മൂല്യം ഏകദേശം 48.8 ട്രില്യൺ യെൻ (ഏകദേശം 30500 കോടി ഡോളർ) ആയി ഉയർന്നു. അതേസമയം, ടൊയോട്ടയുടെ ഓഹരിമൂല്യം 4.5 ശതമാനം താഴ്ന്ന് 45.9 ട്രില്യൺ യെൻ (ഏകദേശം 28,800 കോടി ഡോളർ) ആയി.
2003-ൽ ടെലികോം ഭീമനായ എൻടിടി ഡോക്കോമോയെ മറികടന്നതിന് ശേഷം ടൊയോട്ടയാണ് ജപ്പാനിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന കമ്പനിയായി അറിയപ്പെട്ടിരുന്നത് എന്ന് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് പറയുന്നു. ഫ്രാൻസിൽ എഐ ഡേറ്റാ സെന്ററുകളുടെയും കമ്പ്യൂട്ടിങ് ക്ലസ്റ്ററുകളുടെയും വലിയ ശൃംഖല നിർമ്മിക്കാൻ 75 ബില്യൺ യൂറോ (87.5 ബില്യൺ ഡോളർ) വരെ നിക്ഷേപിക്കുമെന്ന പ്രഖ്യാപനം സോഫ്റ്റ്ബാങ്കിന്റെ സ്ഥാപകൻ അടുത്തിടെ നടത്തിയിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയഎഐ അടിസ്ഥാന സൗകര്യ നിക്ഷേപം എന്നാണ് സോഫ്റ്റ്ബാങ്ക് ഇതിനെ വിശേഷിപ്പിച്ചത്. ഈ നീക്കമാണ് വിപണിയിലെ കുതിച്ചുചാട്ടത്തിന് കാരണമായത്.
സോഫ്റ്റ്ബാങ്കിന്റെ നാടകീയമായ സാമ്പത്തിക മുന്നേറ്റത്തിന് പിന്നിൽ ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാനും വലിയ പങ്കുണ്ട്. ഒരു മാസം മുൻപാണ് സോഫ്റ്റ്ബാങ്കിന്റെ വാർഷിക അറ്റാദായം നാല് മടങ്ങ് വർധിച്ച് 30 ബില്യൺ ഡോളറിലധികമായത്. ഈ വരുമാന വർധനയ്ക്കുള്ള പ്രധാന കാരണം സാം ഓൾട്ട്മാൻ നയിക്കുന്ന ഓപ്പൺഎഐയിലെ സോഫ്റ്റ്ബാങ്കിന്റെ വലിയ സാമ്പത്തിക ഇടപെടലാണ്. സോഫ്റ്റ്ബാങ്കിന് ഈ സ്റ്റാർട്ടപ്പിൽ 13 ശതമാനം ഓഹരിയുണ്ട്. ഓപ്പൺഎഐയിൽ ഓഹരി വാങ്ങുന്നതിനായി എൻവിഡിയയിലെ ഓഹരികൾ സോഫ്റ്റ്ബാങ്ക് വിറ്റഴിക്കുകപോലും ചെയ്തിരുന്നു.
Content Highlights: SoftBank market cap reaches ¥48.8 trillion, surpassing Toyota., Shift in investor focus from traditional manufacturing to AI infrastructure., Masayoshi Son pledges €75 billion for European AI data centers., 13% stake in OpenAI is the primary driver of SoftBank's recent profit surge., Strategic pivot from Nvidia shares to OpenAI ownership.
Published: 03 Jun 2026, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented