ലാഭവൻ നവാസിനെ കുറിച്ച് വികാരാധീനനായി സംസാരിച്ച് ഭാര്യാപിതാവും നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാർ. കലാഭവൻ നവാസ് രചനയും സംവിധാനവും നിർവഹിച്ച 'ഇന്ന്' എന്ന നാടകത്തിന്റെ അവതരണ വേദിയിൽ സംസാരിക്കുകയായിരുന്നു കൊച്ചിൻ ഹസ്സനാർ. കലാഭവൻ നവാസ് അഭിനയിച്ച അവസാന സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് കൊച്ചിൻ ഹസ്സനാരുടെ വാക്കുകളിടറിയത്.

To advertise here,

'എനിക്ക് രണ്ട് പെൺകുട്ടികളാണ്. അതിൽ ഇളയ പെൺകുട്ടിയാണ് രഹ്ന. വീട്ടിലേക്ക് കയറി വന്ന രണ്ട് പുത്രൻമാരും നല്ല കുട്ടികളായിരുന്നു. 22 വർഷമായി എന്റെ കൂടെ ആയിരുന്നു എന്റെ മരുമകൻ. അവൻ എനിക്ക് മകൻ തന്നെയായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല നവാസ്. നീറ്റൽ തന്നുപോയി. പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞുതന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇത് ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ അവൻ പോയി'-ഹസ്സനാരുടെ വാക്കുകൾ ഇടറി.

നവാസിന്റെ സുഹൃത്തുക്കളേയും സഹപ്രവർത്തകരേയും കാണുമ്പോൾ സ്‌നേഹവും സന്തോഷവുമാണ് തോന്നുന്നതെന്നും മകൻ അവസാനമായി അഭിനയിച്ച സിനിമ പ്രകമ്പനം റിലീസ് ആവുകയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി തന്നെ അത് കാണണമെന്നും അദ്ദേഹം പറഞ്ഞു. 2025 ഓഗസ്റ്റിലാണ് കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.