ആർട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ വലംവെച്ച് ചരിത്രം കുറിച്ച് പത്തുദിവസത്തെ യാത്രയ്ക്ക് ശേഷം നാലു ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് മടങ്ങിയത് ഏപ്രിൽ 10-നാണ്. ഇവരിലൊരാളായിരുന്നു ക്രിസ്റ്റീന കോക്ക്. മടങ്ങിവരവിൽ സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്നത് തന്റെ പ്രിയപ്പെട്ട വളർത്തുനായ സാഡിയുമായുള്ള ക്രിസ്റ്റീനയുടെ കൂടിചേരലാണ്. 

To advertise here,

വീട്ടിലേക്ക് കയറി വരുമ്പോൾ വാലാട്ടിയും സ്നേഹം പ്രകടിപ്പിച്ചും തന്നെ സ്വീകരിക്കുന്ന സാഡിയുടെ വീഡിയോ ക്രിസ്റ്റീന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. "ഈ കൂടിക്കാഴ്ചയിൽ എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് സാഡി ആണെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ഇമോഷണൽ സപ്പോർട്ട് അനിമൽ എങ്ങനെയായിരിക്കണം എന്ന് അവളാണ് എന്നെ പഠിപ്പിച്ചത്" എന്ന കുറിപ്പോടെയാണ് ക്രിസ്റ്റീന വീഡിയോ പോസ്റ്റ് ചെയ്തത്.

ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. അരുമമൃഗത്തോടൊപ്പം ബീച്ചിൽ കളിക്കുന്ന വീഡിയോയും പോസ്റ്റിലുണ്ട്. ചന്ദ്രനെ വലംവെച്ചതും അതേ ആഴ്ച തന്നെ കടൽതീരത്ത് കൂടി ഓടുന്നതും അവിശ്വസനീയമായ കാര്യമാണ് എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, തന്റെ പ്രിയപ്പെട്ടവൾ എത്ര ദൂരത്തുനിന്നാണ് മടങ്ങി വന്നതെന്ന് ആ നായക്കുട്ടിക്ക് അറിയില്ലല്ലോ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ക്രിസ്റ്റീനയ്‌ക്കൊപ്പം റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൻ എന്നിവരായിരുന്നു ആർട്ടെമിസ് 2 സംഘത്തിലുണ്ടായിരുന്നത്. ചന്ദ്രോപരിതലത്തിന്റെ അപൂർവ്വ ചിത്രങ്ങളും ചന്ദ്രനിൽ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങളും ഈ ദൗത്യത്തിനിടെ അവർ പകർത്തിയിരുന്നു. 

ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു ഇവരുടെ ചാന്ദ്രയാത്ര തുടങ്ങിയത്.