
കല്‍പറ്റ: ഒരു മഴക്കാലം കൊണ്ടുപോയ ഓര്‍മ്മകളെ ചേര്‍ത്തുപിടിച്ച് അതിജീവനത്തിനായി അവര്‍ വീണ്ടും ഒരു കുടക്കീഴില്‍ ഒത്തുചേര്‍ന്നു. മുണ്ടക്കൈ ചൂരല്‍മല ദുരന്ത അതിജീവനത്തിന്റെ പുതിയ അധ്യായങ്ങളുമായി ബെയ്ലിക്കുടകളും ബാഗുകളും വിപണിയിലെത്തിച്ചാണ് ദുരന്തഭൂമിയിലെ സ്ത്രീകൂട്ടായ്മ മറ്റൊരു ചരിത്രമാകുന്നത്.
കളക്ടറേറ്റില്‍ തുടങ്ങിയ വില്‍പ്പനയില്‍ ഒട്ടേറെ കുടകളും ബാഗുകളുമാണ് വിറ്റുപോയത്.ബെയ്ലി ബാഗുകളാണ് ആദ്യം നിര്‍മിച്ചത്. ഇതിന് പിന്നാലെയാണ് കാലന്‍കുടകള്‍ മുതല്‍ ത്രീഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് കുടകള്‍ വരെയും ഇവര്‍ നിര്‍മിച്ചത്. കുട്ടികള്‍ക്കായുള്ള കുടകളും ബാഗുകളും എല്ലാമുണ്ട്. എട്ടോളം സ്ത്രീകളാണ് കുട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പാണ് ബെയ്ലി ബാഗ് നിര്‍മാണം തുടങ്ങിയത്. റിപ്പണ്‍ ആസ്ഥാനമായുള്ള ഈ സ്ത്രീ കൂട്ടായ്മയില്‍ 26 പേരാണുള്ളത്. ഉത്പന്ന നിര്‍മാണത്തിനുള്ള സാമഗ്രികളെല്ലാം പുറത്ത് നിന്നാണ് വാങ്ങുന്നത്. എല്ലാ ഉത്പന്നങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് എം.റംലത്ത് പറയുന്നു. കൂടുതലാളുകള്‍ പിന്തുണ നല്‍കിയാല്‍ മാത്രമാണ് ഉദ്യമം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുക. ഈ പ്രതീക്ഷകളിലാണ് ഇവരുടെയും ജീവിതം.
ദുരന്തഭൂമിയില്‍ 24 മണിക്കൂര്‍ കൊണ്ട് ഇന്ത്യന്‍ ആര്‍മി പണിത ബെയ്ലിപ്പാലത്തിന്റെ ഓര്‍മയില്‍ സൈന്യത്തോടുള്ള ആദരമായാണ് അതിജീവനത്തിന്റെ ഉത്പന്നങ്ങള്‍ ബെയ്ലി എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ആര്‍മിയുടെ അനുമോദനങ്ങളും ഇവരെ തേടിയെത്തിയിരുന്നു. കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ പിന്തുണയോടെയാണ് ബെയ്ലി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിജീവന പാക്കേജില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കൂട്ടായ്മ.
Content Highlights: chooralmala disaster survivors new life bags and umberllas have reached the market
Published: 31 May 2025, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented