
ബീജിങ്: സന്ധിവാതത്തിന് പരിഹാരമായി കടുവാ മൂത്രം വിറ്റ് ചൈനയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ദ യാന്‍ ബിഫെന്‍ജിക്‌സിയ മൃഗശാലാ അധികൃതര്‍. സൈബീരിയന്‍ കടുവകളുടെ മൂത്രമാണ് 250 മില്ലി ബോട്ടിലിന് 596 രൂപയായി വില്‍പ്പന നടത്തുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ധിവാദം, പേശിവേദന, ഉളുക്ക് എന്നിവയ്ക്ക് കടുവാമൂത്രം നല്ല ഫലംചെയ്യുമെന്ന അവകാശവാദത്തോടെയാണ് യാന്‍ ബിഫെന്‍ജിയ മൃഗശാല ഇത് വില്‍പ്പനയ്ക്കുവെച്ചിരിക്കുന്നത്.
വൈറ്റ് വൈനും ഇഞ്ചി കഷണവും ചേര്‍ത്ത മിശ്രിതത്തില്‍ കടുവാമൂത്രം ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് പുരട്ടാനാണ് നിര്‍ദേശം. ഇത് കുടിക്കാന്‍ കഴിയുമെന്നും എന്നാല്‍, അലര്‍ജിയുള്ളവര്‍ ഉപയോഗിക്കരുതെന്നും മൃഗശാല അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്. ഒന്നോ രണ്ടോ ബോട്ടില്‍ മാത്രമാണ് ഒരു ദിവസം വില്‍പ്പന നടത്തുക. 2014-ല്‍ ഒരു റിയാലിറ്റി ഷോ വിജയികള്‍ക്ക് കടുവാ മൂത്രം സമ്മാനമായി നല്‍കി മൃഗശാല വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.
കടുവാ മൂത്രം വില്‍പ്പന നടത്തുന്നത് സംബന്ധിച്ചും രോഗം മാറ്റുമെന്ന അവകാശവാദം സംബന്ധിച്ചും വാര്‍ത്ത വന്നതോടെ ഇതിനെതിരേ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. മരുന്ന് വില്‍പ്പന സംബന്ധിച്ച് സര്‍ക്കാരിന്റെ ശക്തമായ നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇവര്‍ വില്‍പ്പന നടത്തുന്നതെന്ന് അറിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
എന്നാല്‍, തങ്ങള്‍ക്ക് കടുവാമൂത്രം വില്‍പ്പന നടത്താനുള്ള ലൈസന്‍സുണ്ടെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്. മൃഗശാലയിലെത്തുന്ന സന്ദര്‍ശകരാണ് ഇതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. ഇതോടെ വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. വാങ്ങിയവരും വാങ്ങാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നുണ്ട്.
Content Highlights: A Chinese zoo is selling Siberian tiger urine as a remedy for arthritis and muscle pain.
Published: 28 Jan 2025, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented