1947-ലെ ഇന്ത്യ-പാക് വിഭജനസമയത്ത് പരസ്പരം വേര്‍പെട്ടുപോയ മനുഷ്യര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. പലര്‍ക്കും അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമെല്ലാം നഷ്ടപ്പെട്ടു. അവരോടൊപ്പമുള്ള ഓര്‍മകള്‍ മാത്രം ബാക്കിയായി. അത്തരത്തില്‍ അകന്നുപോയ രണ്ട് ബാല്യകാല സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ചിരിക്കുകയാണ്. 

To advertise here,

സുരേഷ് കോത്താരിയും അദ്ദേഹത്തിന്റെ സുഹൃത്ത് എജെ ഷാക്കിറുമാണ് വീണ്ടും യുഎസില്‍ കണ്ടുമുട്ടിയത്. സുരേഷ് കോത്താരിയുടെ കൊച്ചുമകള്‍ മേഗന്‍ കോത്താരി ഈ കൂടിച്ചേരലിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഗുജറാത്തിലെ ദീസയിലാണ് സുരേഷും ഷാക്കിറും കുട്ടിക്കാലം ചെലവഴിച്ചത്. വേര്‍പിരിയുമ്പോള്‍ ഇരുവര്‍ക്കും 12 വയസായിരുന്നു പ്രായം.

തുടക്കത്തില്‍ ഷാക്കിര്‍ സുരേഷിന് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. താന്‍ റാവല്‍പിണ്ടിയിലെത്തി എന്ന് പറഞ്ഞ് അയച്ചതായിരുന്നു ആദ്യത്തെ കത്ത്. അതില്‍ തന്റെ മേല്‍വിലാസവും ഷാക്കിര്‍ എഴുതിയിരുന്നു. എന്നാല്‍ പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കൂടിയതോടെ കത്ത് എഴുതുന്നതും നിലച്ചു. 

1982-ല്‍ ഒരു സുഹൃത്ത് വഴി ഇരുവരും ന്യൂയോര്‍ക്കില്‍വെച്ച് കണ്ടുമുട്ടിയിരുന്നു. പിന്നീട് 2023 ഒക്ടോബറിലാണ് കൂടിക്കാഴ്ച്ചയുണ്ടായത്. ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നതും കൈ കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഏപ്രിലില്‍ സുരേഷിന്റെ 90-ാം പിറന്നാളാണ്. അന്നായിരിക്കും ഇനി അടുത്ത കൂടിക്കാഴ്ച്ചയെന്നും മേഗന്‍ വീഡിയോയില്‍ പറയുന്നുണ്ട്.