പ്രശസ്ത ഫുഡ് കണ്ടന്റ് ക്രിയേറ്ററായ 'ചതോരി രജനി' എന്ന രജനി ജെയിനിന്റെ മകന്‍ തരണ്‍ ജെയിന്‍(16) കഴിഞ്ഞയാഴ്ചയാണ് വാഹനാപകടത്തില്‍ മരിച്ചത്. രജനി ജെയിന്‍ തന്നെയാണ് മകന്റെ വിയോഗം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപ്പോഴിതാ മകന് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചിരിക്കുകയാണ് രജനി. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് അവര്‍ മകനേക്കുറിച്ചും ദാരുണമായ സംഭവത്തേക്കുറിച്ചും പ്രതികരിച്ചത്.

To advertise here,

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് മകന്‍ അപകടത്തില്‍പ്പെട്ടതെന്ന് രജനി പറഞ്ഞു. സംഭവം നടക്കുമ്പോള്‍ രജനി കേരളത്തിലായിരുന്നു. സ്ഥലത്ത് സിസിടിവി ക്യാമറയുണ്ടായിരുന്നില്ലെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും രജനി പറഞ്ഞു. 

അതേസമയം ഇന്‍സ്റ്റഗ്രാമിലൂടെ നിരവധിപേര്‍ രജനിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മരണശേഷവും അവരുടെ ഇന്‍സ്റ്റാ പ്രൊഫൈലിലൂടെ വീഡിയോ അപ്ലോഡ് ചെയ്ത പശ്ചാത്തലത്തിലാണ് പലരും വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ ഇത് നേരത്തേ ഷെഡ്യൂള്‍ ചെയ്ത വീഡിയോകളാണെന്നും പലരുടെയും കമന്റുകള്‍ കണ്ട് ചാനല്‍ കൈകാര്യം ചെയ്യുന്ന ടീമം​ഗം തകര്‍ന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് അവര്‍ വീഡിയോയിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്. 

തരണ്‍ സ്‌നേഹം നിറഞ്ഞവനായിരുന്നുവെന്ന് രജനി അനുസ്മരിച്ചു. മകനിഷ്ടമില്ലാത്തതിനാല്‍ താന്‍ പരമാവധി കരയാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുക്കിങ് വീഡിയോകളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയയായ കണ്ടന്റ് ക്രിയേറ്ററാണ് രജനി ജെയിന്‍. 'ചതോരി രജനി' എന്ന പേരിലാണ് ഇവര്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. രജനിയുടെ ചില വീഡിയോകളില്‍ മകന്‍ തരണും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചാം തീയതി രജനി പോസ്റ്റ് ചെയ്ത റീലിലാണ് തരണ്‍ അവസനമായി കാഴ്ചക്കാരുടെ മുന്നിലെത്തിയത്. തരണിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതോടെ നിരവധി ഫോളോവേഴ്‌സാണ് അനുശോചനം രേഖപ്പെടുത്തിയത്. 

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഫുഡ് വ്‌ളോഗർ കൂടിയാണ് രജനി ജെയിന്‍. ഭര്‍ത്താവിന് ഉച്ചഭക്ഷണത്തിനായി എന്താണ് ഉണ്ടാക്കിയതെന്ന് വിവരിക്കുന്ന വീഡിയോ സീരിസാണ് രജനിക്ക് ഏറെ ശ്രദ്ധനേടിക്കൊടുത്തത്.