ഫാദേഴ്‌സ് ഡേയില്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പുകള്‍ പങ്കുവെച്ച് സെലിബ്രിറ്റികള്‍. നടന്‍ ഇര്‍ഷാദ് അലി, നടിമാരായ നയന്‍താര, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ച് ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ചു. ഇതില്‍ ഏറ്റവും രസകരം ഇര്‍ഷാദ് അലിയുടെ പോസ്റ്റാണ്.

To advertise here,

ഗൂ​ഗിൾ പേ അക്കൗണ്ട് തുറന്ന് പൈസ അയയ്ക്കാനായി മാനസികമായി തയ്യാറായി നില്‍ക്കുമ്പോള്‍ തന്നെ ഞെട്ടിച്ചുകൊണ്ട് മകന്‍ 'ഹാപ്പി ഫാദേഴ്‌സ് ഡേ' എന്ന് പറഞ്ഞുവെന്നാണ് ഇര്‍ഷാദ് അലിയുടെ പോസ്റ്റ്. ഇതിനൊപ്പം മകന്റെ കൂടെയുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

'രാവിലെ കൂട്ടുകാരനോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍, കാള്‍ വെയ്റ്റിങ്ങില്‍ അച്ചു. പതിവ് പോലെ ഗൂഗിള്‍ പേ അക്കൗണ്ട് ഓപ്പണാക്കി എമൗണ്ട് ടൈപ്പ് ചെയ്യാന്‍ മാനസികമായി തയ്യാറായി നില്‍ക്കുമ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് അച്ചു പറയാ:'ഹാപ്പി ഫാദേര്‍സ് ഡേ പാപ്പാ...' എന്ന്. പകച്ചുപോയി എന്നിലെ അപ്പന്‍!'-ഇര്‍ഷാദ് അലി കുറിച്ചു.

അച്ഛനൊപ്പമുള്ള പഴയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി അലോഷ്യസ്  'എന്തിനും ഈ അപ്പന്‍ ഉണ്ട് കൂടെ' എന്നാണ് കുറിച്ചത്. മക്കളായ ഉലകിനും ഉയിരിനുമൊപ്പമുള്ള വിഘ്‌നേഷ് ശിവന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് നയന്‍താര ആശംസകള്‍ നേര്‍ന്നത്. 'നിരുപാധിക സ്‌നേഹത്തിന്റെ നിശബ്ദ പതിപ്പ്. ലോകത്തിലെ ഏറ്റവും മികച്ച ദാദയ്ക്ക് പിതൃദിനാശംസകള്‍. ഞങ്ങള്‍ക്ക് ഏറ്റവും മനോഹരമായ ജീവിതം നല്‍കിയതിന് നന്ദി. നിങ്ങള്‍ ഞങ്ങളുടെ മേല്‍ ചൊരിയുന്ന എല്ലാ സ്‌നേഹത്താലും ജീവിതത്തെ മനോഹരമാക്കിയതിന് നന്ദി'-നയന്‍താര കുറിച്ചു.

മക്കള്‍ക്കൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് വിഘ്‌നേഷ് ഫാദേഴ്‌സ് ഡേ ആഘോഷിച്ചത്. വിഘ്‌നേഷ് പറയുന്നത് അതുപോലെ മക്കള്‍ ആവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം. താന്‍ പറയുമെന്നും നിങ്ങള്‍ അത് കേള്‍ക്കണമെന്നും വിഘ്‌നേഷ് പറയുമ്പോള്‍ തങ്ങള്‍ പറയുമെന്നും അച്ഛന്‍ കേള്‍ക്കണമെന്നുമാണ് മക്കള്‍ പറയുന്നത്. ആംസ്റ്റര്‍ഡാമിലെ യാത്രയ്ക്കിടെ എടുത്തതാണ് ഈ വീഡിയോ.