ഒട്ടേറെ കൊലപാതക കേസുകളില്‍ കോടതി മുമ്പാകെ സമര്‍പ്പിച്ച തെളിവുകളിലെ ശാസ്ത്രീയ സാന്നിധ്യമായി തിളങ്ങിയ, പാലക്കാട് ജില്ലാ പോലീസ് സര്‍ജനായി സര്‍വീസില്‍ നിന്നും വിരമിച്ച പ്രശസ്ത ഡോക്ടര്‍ പി.ബി. ഗുജ്റാള്‍ തന്റെ അച്ഛന്‍ പി.കെ. ബാലനെ കുറിച്ചോര്‍ക്കുന്നു. അച്ഛന്‍ എന്ന പദത്തിന്റെ അര്‍ഥവും പൊരുളും വ്യക്തമാവുന്ന കുറിപ്പ്‌

To advertise here,

 ച്ഛന്‍ എന്ന വാക്ക് ഓരോ വ്യക്തിക്കും ഉല്‍ഭവം, താങ്ങ്, തണല്‍ എന്ന മൂന്ന് വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. പകുത്തു നല്‍കപ്പെടുന്ന ജീനുകള്‍ക്കും പറക്കമുറ്റുന്നതുവരെ പകര്‍ന്നുനല്‍കുന്ന സ്നേഹത്തിനും, ആവശ്യങ്ങളെല്ലാം നിറവേറ്റി തരുന്ന അക്ഷയപാത്രമെന്ന സ്ഥാനത്തിനുമപ്പുറം  ഒരു മാതൃകയാണ്. ഒരിക്കലും കൈവിടില്ലെന്നൊരു ഉറപ്പാണ്. പോയകാലത്ത് വളര്‍ന്ന ഞാനുള്‍പ്പെടെ ഓരോ വ്യക്തിയുടെയും സ്വഭാവവും രീതികളും ജീവിതം തന്നെ നിര്‍ണയിക്കുന്നതില്‍ അച്ഛനുള്ള സ്ഥാനം ഉയര്‍ന്നു നില്‍ക്കുന്നു. ഒരു കുറവും ഇല്ലാത്തൊരാളായിരുന്നു എന്റെ അച്ഛന്‍ എന്നൊന്നും അവകാശപ്പെടുന്നില്ല. പുകവലിയൊഴിച്ചാല്‍ മറ്റു ദുശീലങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നത് ഒരു വലിയ പ്ലസ് പോയിന്റ് തന്നെയാണ്. അച്ഛന്റെ കുറ്റങ്ങളും കുറവുകളും വിശകലനം ചെയ്യുക എന്നത് മകന്റെ ധര്‍മ്മമാണെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഒരു മകനെ രൂപപ്പെടുത്തുന്നതില്‍ അച്ഛന്റെ പങ്ക് എന്തായിരുന്നെന്ന തിരിച്ചറിവിന്റെ അടയാളപ്പെടുത്തലാണിത്. പലപ്പോഴും ഇത് മക്കള്‍ തിരിച്ചറിയുക മധ്യവയസ്സില്‍ എത്തുമ്പോഴായിരിക്കും.

 30 വര്‍ഷത്തെ മോര്‍ച്ചറി ജീവിതത്തിനിടയ്ക്ക് എന്റെ മുന്നിലെത്തിയ ആയിരക്കണക്കിന് മൃതദേഹങ്ങളുടെ ഉടമസ്ഥരില്‍ മുക്കാല്‍ പങ്കിലധികവും സ്വയം ഒടുങ്ങിയവരായിരുന്നു. പാതിവഴിയില്‍ ജീവിതത്തിന് പൂര്‍ണവിരാമട്ടവരില്‍ വലിയൊരു വിഭാഗവും പറയാതെ പറഞ്ഞ കാരണം സാമ്പത്തികപ്രതിസന്ധി തന്നെയായിരുന്നു. കടം, ജപ്തി, കുടുംബത്തിന്റെ ആവശ്യങ്ങള്‍ നടത്തി കൊടുക്കാന്‍ കഴിയാത്ത സ്ഥിതി തുടങ്ങിയ സാഹചര്യങ്ങളില്‍ കയറെടുത്തവര്‍ക്കും വിഷമോ കയമോ തേടി പോയവര്‍ക്കും പ്രേരണയായത് പണമില്ല എന്നതു മാത്രമാണ്.  ഓരോ പ്രാവശ്യവും ഇത് കാണുകയും കേള്‍ക്കുകയും അവരുടെ മൃതദേഹങ്ങള്‍ കീറിമുറിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് എന്റെ അച്ഛനെ പോലെ ഒരു അച്ഛന്‍ അവര്‍ക്ക് ഇല്ലാതെ പോയല്ലോ എന്ന്.

 ഈ ചിന്തയ്ക്ക് കാരണമായത് 1970 ഏപ്രില്‍21-ാം തീയതി നടന്ന സംഭവമാണ്. അന്നെനിക്ക് അഞ്ച് വയസ്. യഥാര്‍ത്ഥത്തില്‍ അതിന്റെയെല്ലാം തുടക്കം അതിനും മൂന്ന് വര്‍ഷം മുമ്പ് 1967- ല്‍ ആയിരുന്നു. അതുകൊണ്ട് തന്നെ രേഖകളില്‍ കാണുന്നതിനപ്പുറം ഉള്ള കാര്യങ്ങളെക്കുറിച്ച് പിന്നീട് പറഞ്ഞുകേട്ട അറിവുകള്‍ മാത്രമാണുള്ളത്. ചെമ്മീന്‍ ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമായി ബന്ധപ്പെട്ടതായിരുന്നു അച്ഛന്റെ പ്രവര്‍ത്തനമേഖല. ശീതീകരണ സംവിധാനങ്ങള്‍ അപൂര്‍വ്വമായിരുന്ന അക്കാലത്ത് ചെമ്മീന്‍ പുഴുങ്ങി ഉണക്കി തൊണ്ട് കളഞ്ഞു ചെമ്മീന്‍ പരിപ്പ് എന്ന രൂപത്തിലാണ് ദൂരസ്ഥലങ്ങളിലേക്കും വിദേശത്തേക്കുമൊക്കെ കയറ്റി അയച്ചിരുന്നത്. കൊച്ചിയിലെ പരിപ്പ് ജംഗ്ഷന്‍ എന്ന സ്ഥലപ്പേര് ഇങ്ങനെ ഉണ്ടായതാണെന്ന് കഥയുണ്ട്. എന്തായാലും അക്കാലത്ത് വളരെ ലാഭകരമായ ഒരു ബിസിനസ് തന്നെയായിരുന്നു അത്. എഴുപതുകളില്‍ ഫ്രീസിംഗ് സൗകര്യങ്ങള്‍ വ്യാപകമായതോടെ കുറ്റിയറ്റു പോയ ഈ വ്യവസായം അടുത്തകാലത്ത് വീണ്ടും മുളപൊട്ടി തുടങ്ങിയതിന്റെ ചില വീഡിയോകള്‍ യൂട്യൂബില്‍ കാണാനിടയായി.

 വടക്കേ ഇന്ത്യയിലേക്കും വിദേശത്തേക്കുമുള്ള ചെമ്മീന്‍ പരിപ്പിന്റെ വിപണി സാധ്യത മനസ്സില്‍ കണ്ടാകണം കൊച്ചിയില്‍ അതിന്റെ ഒരു കാനിംഗ് ഫാക്ടറി സ്ഥാപിക്കാന്‍ അച്ഛനും ഒരു സുഹൃത്തും കൂടി തീരുമാനിച്ചത്. അക്കാലത്ത് വ്യവസായ വികസനത്തിനു വേണ്ടി ബ്ലോക്ക് വഴി വലിയ സംഖ്യകള്‍ ചുരുങ്ങിയ പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതി നിലവിലുണ്ടായിരുന്നു. അതിലേക്കായി വീടും പുരയിടവും ഈടായി കൊടുത്തു. 1967 സെപ്റ്റംബര്‍ മാസത്തില്‍ ബ്ലോക്ക് വഴി അയ്യായിരം രൂപ വായ്പ എടുത്തു. അത് വ്യവസായ സംരംഭത്തില്‍ അച്ഛന്റെ മുടക്കുമുതല്‍ ആയി പങ്കാളിയായി സുഹൃത്തിനെ ഏല്‍പ്പിച്ചു. അതില്‍ നിന്നും ഒരു ഭാഗം ഫാക്ടറിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ചിലവാക്കിയതായാണ് കേട്ടിട്ടുള്ളത്. കാനിങ്ങ് മെഷീന്‍ വാങ്ങുന്നതിനായി അച്ഛനും കച്ചവട പങ്കാളിയെ സുഹൃത്തും മദ്രാസ്സില്‍ പോയ കഥകളും കേട്ടിട്ടുണ്ട്. ഇതിനിടയില്‍ അച്ഛന്റെ സുഹൃത്ത് ചില സാമ്പത്തിക പ്രതിസന്ധികളില്‍ പെടുകയും യന്ത്രസാമഗ്രികള്‍ കിട്ടാന്‍ ചില തടസ്സങ്ങള്‍ നേരിടുകയും ചെയ്തു. തല്‍ക്കാലത്തേക്ക് കയ്യിലുള്ള ബാക്കി പണം സുഹൃത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ ഉപയോഗിക്കുകയും, അദ്ദേഹത്തിന് ആരില്‍ നിന്നോ തിരിച്ചു കിട്ടാനുള്ള തുക കിട്ടുന്നതോടെ ഫാക്ടറി തുടങ്ങാമെന്ന് തീരുമാനിക്കുകയും ചെയ്തു.

 വിചാരിച്ചതുപോലെ പണം സ്വരൂപിക്കാന്‍ സുഹൃത്തിന് കഴിഞ്ഞില്ല. അതോടെ ഫാക്ടറി സ്ഥാപിക്കാന്‍ സാധിക്കാത്ത ഒരവസ്ഥ വന്നു. വായ്പ വ്യവസ്ഥ ലംഘിച്ചതിനാല്‍ വായ്പ തുക മുഴുവനായും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. 1970 മാര്‍ച്ച് മാസത്തോടെ വീടും പുരയിടവും ജപ്തി ചെയ്യാന്‍ ഉത്തരവായി. അതോടെ രണ്ട് വലിയ പ്രശ്നങ്ങളാണ് അച്ഛനു നേരിടേണ്ടിവന്നത്. അച്ഛനും അമ്മയും അമ്മമ്മയും (അച്ഛന്റെ അമ്മ) പിന്നെ ഞാനും ഉള്‍പ്പെടെ നാലുപേര്‍ എവിടേക്ക് പോകും? ഒരുമാസത്തെ തേങ്ങ വിറ്റാല്‍ രണ്ടുമാസം സുരക്ഷിതമായി ജീവിക്കാനുള്ള വരുമാനം കിട്ടുന്ന പുരയിടം നഷ്ടപ്പെട്ടാല്‍ പിന്നെ എങ്ങനെ ജീവിക്കും? അപ്പോഴേക്കും കടം പലിശയും പിഴപ്പലിശയും പെനാലിറ്റിയുമെല്ലാമടക്കം 7000 രൂപയോളം ആയിരുന്നു. അന്ന് ഒരു വലിയ തുകയാണ്. ഇന്നത്തെ കണക്കില്‍ ഏകദേശം 70 ലക്ഷം രൂപയുടെ മതിപ്പുണ്ട്. അത്രയും സംഖ്യ ബന്ധുക്കള്‍ എല്ലാവരും കൂടി വിചാരിച്ചാലും സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.

 ഒരു അഞ്ചര വയസ്സുകാരന്റെ കണ്ണിലന്നു പതിഞ്ഞ കാഴ്ചകള്‍ ഇപ്പോഴും ഒളിമങ്ങാതെ നില്‍ക്കുന്നുണ്ട്. ജപ്തിയോടൊപ്പം വീട്ടുസാധനങ്ങളെല്ലാം നഷ്ടപ്പെടുമെന്നതിനാല്‍ അതെല്ലാം തൊട്ടടുത്ത് താമസിക്കുന്ന വലിയമ്മ (അച്ഛന്റെ മൂത്തസഹോദരി) യുടെ വീട്ടിലേക്ക് മാറ്റി. ആ ദിവസങ്ങളില്‍ രാത്രി ഭക്ഷണത്തിനുശേഷം അച്ഛനുമമ്മയും ഒരു പായും തലയണയും എടുത്ത് ആ വീട്ടിലേക്ക് കിടക്കാന്‍ പോകുന്നത് ഓര്‍മ്മയുണ്ട്. സ്‌കൂള്‍ ജീവിതത്തിലെ ഒന്നാമത്തെ വേനലവധിക്കാലമായ ഏപ്രില്‍ മാസത്തിലാണീ സംഭവപരമ്പരകള്‍ അരങ്ങേറുന്നത്. എത്ര ദിവസം അതു തുടര്‍ന്നു എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. വിഷു കഴിഞ്ഞുള്ള ആഴ്ചയുടെ അവസാനം (ഏപ്രില്‍ 22 ആം തീയതിയോ മറ്റോ ആണെന്ന് തോന്നുന്നു) വലിയമ്മയുടെ മകന്റെ വിവാഹമാണ്. അതുകൊണ്ടുതന്നെ അധിക ദിവസം അവിടെ തങ്ങുന്നതും ശരിയാവില്ല.

ഒടുവില്‍ ജപ്തിക്ക് ആളു വന്നു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1970 ഏപ്രില്‍ 20 തിങ്കളാഴ്ച ആയിരിക്കണം. എന്നെ ആ ഭാഗത്തേക്ക് അടുപ്പിക്കാതിരുന്നതിനാല്‍ സംഭവിച്ചത് നേരില്‍ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് പലവട്ടം പറഞ്ഞു കേട്ടതില്‍ നിന്നും നേരില്‍ കണ്ടത് പോലെ തന്നെ പറയാന്‍ കഴിയും. ജപ്തി നടത്താന്‍ വന്ന ഉദ്യോഗസ്ഥന്‍ മുറപ്രകാരം ഈടുവസ്തുവിന്റെ ഉടമസ്ഥനെ വിളിക്കുന്നു. നേരില്‍ കണ്ടതും രണ്ടുപേരും ഒന്നും പറയാനാകാതെ മുഖത്തോടുമുഖം നോക്കി നില്‍ക്കുന്നു. അച്ഛന്റെ ശിരസ്സ് കുനിയുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. 23 വര്‍ഷം മുമ്പ് മഹാരാജാസ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് ഒന്നിച്ച് പഠിച്ച സഹപാഠിയുടെ വീടാണ് താന്‍ ജപ്തി ചെയ്യാന്‍ പോകുന്നതെന്നറിഞ്ഞ ഉദ്യോഗസ്ഥന്റെയും കണ്ണുനിറഞ്ഞോ  എന്നെനിക്കറിയില്ല. ഇതെഴുതുമ്പോഴാണ് ഒരു കാര്യം ഓര്‍മ വരുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ അച്ഛന്റെ കണ്ണുനിറഞ്ഞു ഞാന്‍ കണ്ടിട്ടുള്ളൂ. 1991-ല്‍ ആ വീടും സ്ഥലവും വിറ്റ് അവിടെ നിന്ന് ഇറങ്ങുന്നതിനു മുമ്പ്.

placeholder
ഡോ. പി.ബി ഗുജ്റാളിൻെറ അച്ഛൻ പി.കെ ബാലനും അമ്മ തങ്കമ്മയും

 എന്തായാലും അച്ഛന്റെ സഹപാഠി അന്ന് ജപ്തി നടത്തിയില്ല. അച്ഛനെ വിളിച്ച് മാറ്റിനിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പരമാവധി ഒരാഴ്ചയെങ്കിലും ജപ്തി മാറ്റിവയ്ക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അതിനുള്ളില്‍ എങ്ങനെയെങ്കിലും 1000 രൂപയില്‍ കുറയാത്ത ഒരു സംഖ്യ അടച്ചാല്‍ തല്‍ക്കാലം ജപ്തി ഒഴിവാക്കി തിരിച്ചടവിന് സാവകാശം തേടി തരാമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ അത്രയും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും കച്ചവടപങ്കാളിയായ സുഹൃത്ത് പണം തിരിച്ചുനല്‍കാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ലെന്നും അച്ഛന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി. പണം വാങ്ങിയ സുഹൃത്തിന് ബന്ധുക്കളില്ലേ. അവര്‍ വിചാരിച്ചാല്‍ നിനക്ക് തരാനുള്ള തുക സംഘടിപ്പിച്ചു നല്‍കാന്‍ കഴിയില്ലേ എന്നദ്ദേഹം ചോദിച്ചു. അങ്ങനെ ചെയ്താല്‍ നിനക്ക് കിടപ്പാടം നഷ്ടപ്പെടാതെ കഴിക്കാം. അഥവാ അതിനു കഴിഞ്ഞില്ലെങ്കില്‍ നീ എനിക്കൊരു ഉപകാരം ചെയ്യണം അടുത്ത ആഴ്ച ഞാന്‍ വരുമ്പോള്‍ നീയും കുടുംബവും ഇവിടെയുണ്ടാവരുത്. എവിടേക്കെങ്കിലും പൊയ്ക്കൊള്ളണം എന്നു കൂടി പറഞ്ഞിട്ടാണ് അദ്ദേഹം മടങ്ങിയത്. അന്നുരാത്രി ഞങ്ങള്‍ സ്വന്തം വീട്ടില്‍ തന്നെയാണ് ഉറങ്ങിയത്. ഞാന്‍ ഉറക്കത്തിലേക്ക് വീഴുമ്പോഴും അച്ഛനുമമ്മയും പതിഞ്ഞ ശബ്ദത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതും എന്റെ ഓര്‍മ്മയില്‍ ഉണ്ട്.

 പിറ്റേന്നു രാവിലെ അഞ്ചര മണിക്ക് അമ്മ എന്നെ വിളിച്ചുണര്‍ത്തുമ്പോഴേക്കും പുട്ടും കടലക്കറിയും ചായയും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. എന്നോടും അമ്മൂമ്മയോടും ഭക്ഷണം കഴിച്ച് വേഗം തയ്യാറാകാന്‍ പറഞ്ഞു അമ്പരന്നു നില്‍ക്കുന്ന അമ്മൂമ്മയുടെ അടുത്തേക്ക് അച്ഛന്‍ ചെന്നു സംസാരിക്കുന്നതും കണ്ടുകൊണ്ട് ഉറക്കച്ചടവോടെ പല്ലുതേക്കാന്‍ പോകുന്നത് എന്റെ ഓര്‍മ്മയിലുണ്ട്. എന്തായാലും അച്ഛനുമമ്മയും ഒന്നും കഴിച്ചില്ല എന്ന് ഉറപ്പാണ്. നേരം പുലരുന്നതിനു മുന്‍പേ ഞങ്ങള്‍ പുറപ്പെട്ടു. 80 വയസ്സുകഴിഞ്ഞ അമ്മൂമ്മയെ അതിരാവിലെ കണ്ടതുകൊണ്ടാവാം വഴിയില്‍വെച്ച് ഒന്നുരണ്ടുപേര്‍ എങ്ങോട്ടാണെന്ന് തിരക്കി. ദാ ഇവിടെ വരെ എന്ന അച്ഛന്റെ മറുപടിയില്‍ എന്തോ പന്തികേട് മണത്തിട്ടാകണം അവരും പിന്നാലെ കൂടി. കച്ചവട പങ്കാളിയായ സുഹൃത്തിന്റെ  വീട്ടിലെത്തുമ്പോഴേക്കും ഞങ്ങളെ കൂടാതെ മൂന്നാലു പേര്‍ കൂടി ഒപ്പമുണ്ടായിരുന്നു. കോളിംഗ് ബെല്ലടിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് വാതില്‍ തുറന്നത്. ആളിവിടെയില്ലേയെന്ന ചോദ്യത്തിന് നിങ്ങളുടെ കടം തീര്‍ക്കാന്‍ ആരോടോ പണം ചോദിക്കാന്‍ വെളുക്കും മുമ്പേ തന്നെ പോയി എന്നായിരുന്നു മറുപടി. അച്ഛന്‍ ശാന്തമായി പറഞ്ഞു. ഞങ്ങള്‍ വഴക്കൊന്നും ഉണ്ടാക്കാന്‍ വന്നതല്ല. കടം തിരിച്ചടച്ചില്ലെങ്കില്‍ ഞങ്ങളുടെ കിടപ്പാടം പോകും. അതുകൊണ്ട് കിട്ടാനുള്ള കാശ് കിട്ടുന്നതുവരെ ഞങ്ങള്‍ ഇവിടെ ഇരിക്കാന്‍ പോവുകയാണ്. ഇതും പറഞ്ഞ് അച്ഛന്‍ ആ വീട്ടിലേക്ക് കയറുന്ന പടിയില്‍ കുത്തിയിരുന്നു. അമ്മയോടും എന്നോടും ഒപ്പം ഇരിക്കാന്‍ പറഞ്ഞു. അതിനെന്തിനാ നിങ്ങള്‍ അവിടെ ഇരിക്കുന്നത്. ആളു വരുന്നതുവരെ ഇവിടെ അകത്തു കയറി ഇരിക്ക് എന്നവര്‍ ഒരുപാട് നിര്‍ബന്ധിച്ചു. അവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. എട്ടാം ക്ലാസിലോ ഒമ്പതാം ക്ലാസിലോ ഒക്കെയായിരിക്കണം പഠിക്കുന്നത്. ശബ്ദം കേട്ട് ആ ചേട്ടന്മാരും എഴുന്നേറ്റു വന്നു. അവരും എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്നു നില്‍ക്കുകയാണ്. പടിക്ക് പുറത്ത് വഴിയില്‍ കേട്ടറിഞ്ഞു വന്നവരുടെ ഒരു ചെറിയ ആള്‍ക്കൂട്ടവും രൂപപ്പെട്ടു. അതില്‍ ചിലരൊക്കെ ഇടയ്ക്ക് അകത്തേയ്ക്ക് വന്നു പലതും പറയുന്നുണ്ട്. ഇത് ശരിയായില്ല എന്ന് പറയുന്നവരാണ് കൂടുതലും.

ഒമ്പതുമണിയോടെ ആ ചേട്ടന്മാരുടെ അമ്മ വീണ്ടും പുറത്തേക്ക് വന്നു. ഇപ്പോള്‍ നമുക്കെല്ലാവര്‍ക്കും ചായ കുടിക്കാം. ഞാനെല്ലാവര്‍ക്കും എടുത്തുവച്ചിട്ടുണ്ട്. അത് കഴിഞ്ഞ് നിങ്ങള്‍ ഇവിടെ തന്നെ വന്നിരുന്നോ എന്നായി അവര്‍. കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകുന്നതുവരെ ഒന്നും കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അച്ഛന്‍ പറഞ്ഞു. ''എന്നാല്‍ നിങ്ങള്‍ പട്ടിണിയിരുന്നോ ഈ കൊച്ചിനെ എന്തിനാണ് പട്ടിണിക്കിടുന്നത്'' എന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ വിളിക്കാന്‍ തുടങ്ങി. ഞാന്‍ കഴിച്ചതാണ് എനിക്ക് വിശപ്പില്ല എന്നൊക്കെ പറയണമെന്നുണ്ട്. പക്ഷേ വാക്കുകളൊന്നും പുറത്തേക്ക് വരുന്നില്ല. നിര്‍ബന്ധിച്ചിട്ടും ഫലമില്ലെന്നായപ്പോള്‍ എന്നാല്‍ പിന്നെ ഈ വീട്ടില്‍ ആരും ഒന്നും കഴിക്കിക്കുന്നില്ലെന്നായി അവര്‍. ഞാന്‍ കാരണം രാവിലെ ആ ചേട്ടന്‍മാര്‍ കൂടി പട്ടിണി ആയല്ലോ എന്ന് എന്റെ സങ്കടം. ചുറ്റും നടക്കുന്ന സംസാരത്തില്‍ നിന്നും അച്ഛന്റെ കച്ചവട പങ്കാളി വരാതെ ഒന്നും തീരാന്‍ പോകുന്നില്ല എന്ന് മാത്രം എനിക്ക് മനസ്സിലായി. ഉച്ചയായപ്പോള്‍ രണ്ടു ചേട്ടന്മാരെയും കൂട്ടി ആ അമ്മ വീണ്ടും വന്നു. ''നമ്മള്‍ മുതിര്‍ന്നവര്‍ ഒന്ന് രണ്ട് ദിവസം ഒന്നും കഴിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ ഈ കുഞ്ഞുങ്ങളെ പട്ടിണിയിരുത്താന്‍ ഞാന്‍ സമ്മതിക്കില്ല''എന്നു പറഞ്ഞുകൊണ്ട് അവരെന്നെ പൊക്കിയെടുത്ത് അകത്തേക്ക് പോയി. എന്നെയും ആ ചേട്ടന്മാരെയും ഊണുമേശയ്ക്കരികിലിരുത്തി ഞങ്ങള്‍ക്ക് വിളമ്പിത്തന്നു. ചോറും ഉള്ളി ചതച്ചിട്ട തൈരും തോരനും അച്ചാറുമൊക്കെ കൃത്യമായി ഓര്‍ക്കുന്നുണ്ട്. ഇന്നും ആ ഊണിന്റെ രുചി നാവില്‍ നില്‍ക്കുന്നത് അതില്‍ ആവോളം ചേര്‍ന്നിരുന്ന മാതൃസ്നേഹത്താലാവണം. അഞ്ചരവയസുപ്രായമുള്ള ഒരു കുട്ടിക്ക് കലുഷിതമായ ഒരന്തരീക്ഷത്തില്‍ എതിര്‍ചേരിയിലെന്ന് കരുതേണ്ട ഒരാളില്‍ നിന്നും ലഭിക്കുന്ന സ്നേഹവായ്പ് പകര്‍ന്നു തരുന്ന പാഠങ്ങള്‍ നിരവധിയാണ്. അത് തിരിച്ചറിയാന്‍ പിന്നെയും കുറേ വര്‍ഷങ്ങള്‍ ജീവിതം പഠിക്കേണ്ടി വന്നു. എന്നെങ്കിലും ആ അമ്മയോട് ഒരു നന്ദി വാക്ക് പറയണമെന്നുണ്ടായിരുന്നു. മുന്നില്‍ നില്‍ക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. അല്ലെങ്കിലും പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ പോയ വാക്കുകളുടെയും വീട്ടി തീര്‍ക്കാന്‍ കഴിയാതെ പോകുന്ന കടങ്ങളുടെയും ആകെത്തുകയാണല്ലോ മിക്ക ജീവിതങ്ങളും.

 കടം വീട്ടാന്‍ വഴിതേടിപ്പോയ അച്ഛന്റെ സുഹൃത്ത് വൈകുന്നേരത്തോടെ തിരിച്ചെത്തി. അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായി ബന്ധുക്കളും സുഹൃത്തുക്കളുമെത്തി. ഇരുഭാഗത്തുനിന്നും മധ്യസ്ഥന്‍മാരുമെത്തി. ഉയര്‍ന്ന ശബ്ദത്തില്‍ ഒരു വാക്കുപോലും പറയാതെ, ഇരുട്ടായപ്പോഴേക്കും ഒരു ഒത്തുതീര്‍പ്പ് രൂപപ്പെടുകയും ചെയ്തു. അവരുടെ വീട്ടില്‍ നിന്ന് തന്നെ എല്ലാവരും ചായ കുടിച്ചു പിരിഞ്ഞതായാണ് എന്റെ ഓര്‍മ്മ. പതിയെ പതിയെ എല്ലാം സാധാരണ നിലയിലായി. ആരും ആ സംഭവങ്ങള്‍ ഓര്‍ക്കാതായി.

 ഞാന്‍ ഏഴിലോ മറ്റോ പഠിക്കുമ്പോഴാണ് ഒരിക്കല്‍ ഞങ്ങള്‍ വൈകി വീട്ടിലേക്ക് വരുമ്പോള്‍ ഞങ്ങളുടെയൊപ്പം അച്ഛന്റെ ആ സുഹൃത്തുമുണ്ടായിരുന്നു. യാതൊന്നും സംഭവിക്കാത്തതുപോലെ അവര്‍ ലോക കാര്യങ്ങള്‍ സംസാരിച്ചു കൊണ്ടുനടക്കുന്നു. ഇടയ്ക്ക് അദ്ദേഹം എന്നോട് പഠിത്തത്തെ പറ്റി ഒക്കെ ചോദിച്ചു. പിന്നീടും പലപ്പോഴും അവര്‍ തമ്മില്‍ സംസാരിക്കുന്നത് കാണാന്‍ ഇടയായപ്പോള്‍ എന്റെ സംശയം പുറത്തുചാടി. അന്ന് അത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ട് പിന്നെ നിങ്ങള്‍ തമ്മില്‍ എങ്ങനെയാ മിണ്ടുന്നത്? അച്ഛന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. 'എന്തിനാ മിണ്ടാതിരിക്കുന്നത്. മിണ്ടാതെ ശത്രുതയും മനസ്സില്‍ വെച്ച് നടന്നിട്ട് എന്ത് കിട്ടാനാണ്. കച്ചവടമാകുമ്പോള്‍ ലാഭവും നഷ്ടവും ഉണ്ടാവും. കൊടുത്തത് തിരിച്ചു കിട്ടാത്തതും വാങ്ങിയത് തിരിച്ചു കൊടുക്കാന്‍ കഴിയാത്തതുമായ അവസ്ഥകളുണ്ടാവും. ചിലപ്പോള്‍ ഉള്ളതെല്ലാം പോയി പെരുവഴിയിലാകും. സ്ഥിരവരുമാനമുള്ള ഒരു നല്ല ജോലി ഉണ്ടാകുന്നതാണ് സുരക്ഷയും സന്തോഷവും''. തുടര്‍ന്ന് ഫാക്ട് കമ്പനിയുടെ ആദ്യകാലത്ത് ഇന്റര്‍ മീഡിയേറ്റ് കെമിസ്ട്രി പാസായവര്‍ക്ക് കമ്പനിയില്‍ കെമിസ്റ്റായി ആദ്യനിയമനം നല്‍കിയിരുന്നതും, അച്ഛന് ആ ജോലി കിട്ടുമായിരുന്നിട്ടും മാസശമ്പളം 15 രൂപ മാത്രം ആണെന്നറിഞ്ഞപ്പോള്‍ പോകാതിരുന്നതും പറഞ്ഞു. മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം അന്നവിടെ ജോലിക്ക് കയറിയ ഒരു സഹപാഠിയെ കണ്ടതും അദ്ദേഹത്തിന്റെ അപ്പോഴത്തെ ഭൗതികസാഹചര്യങ്ങള്‍ അച്ഛന്റേതുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രയോ ഉയര്‍ന്നതാണെന്നും പറഞ്ഞു. സാധാരണ സാഹചര്യങ്ങളില്‍ വളരുന്ന എന്നെപ്പോലെ ഒരാള്‍ക്ക് അന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും വിലപ്പെട്ട ഒരു ഉപദേശമായിരുന്നു അതെന്നു ജീവിതം എന്നെ പഠിപ്പിച്ചു.

 പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ജയപ്രകാശ് ഹിന്ദി വിദ്യാലയത്തില്‍ നിന്നും വൈകുന്നേരത്തെ ട്യൂഷന്‍ കഴിഞ്ഞിറങ്ങുമ്പോള്‍ അച്ഛന്‍ കാത്തു നില്‍ക്കുന്നുണ്ടാവും. വീട്ടിലേക്കുള്ള ഒന്നരകിലോമീറ്റര്‍ നടത്തത്തിനിടയില്‍ ജപ്തികഥ ഒരിക്കല്‍ കൂടി ചര്‍ച്ചാവിഷയമായി. ദൈവദൂതനെപ്പോലെ വന്ന അച്ഛന്റെ സഹപാഠിയുടെ കാര്യം പറഞ്ഞപ്പോഴാണ് ജീവിതത്തില്‍ സൗഹൃദങ്ങളുടെ പ്രാധാന്യത്തെപ്പറ്റി അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ അഭിപ്രായത്തില്‍ 15 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള പ്രായത്തില്‍ തുടങ്ങുന്ന സൗഹൃദങ്ങളില്‍ ചിലതാണ് ജീവിതാവസാനംവരെ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നല്ല സൗഹൃദങ്ങള്‍ ആ പ്രായത്തില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. സൗഹൃദം സാധ്യമാവാത്ത തരത്തിലുള്ളവരാണെങ്കില്‍ കൂടി അടുത്ത പരിചയപ്പെടുന്ന ആരെയും വേദനിപ്പിക്കുകയോ വെറുപ്പിക്കുകയോ  ചെയ്യാതിരിക്കുകയെങ്കിലും വേണം. നാളിതുവരെയുള്ള ജീവിതാനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം, നേരിട്ട എണ്ണമറ്റ പ്രതിസന്ധികളില്‍ പലപ്പോഴും താങ്ങായത് സുഹൃത്തുക്കള്‍ തന്നെയാണ്.

placeholder
ഡോ. പി.ജി ഗുജ്റാൾ, ഭാര്യ ഡോ. സന്ധ്യ, മാതാപിതാക്കൾ


 ആ ചേട്ടന്മാരുടെ കാര്യം കൂടി പറയാതെ പോയാല്‍ വലിയൊരു നീതികേട് ആവും. അവരിരുവരും വളരെ ഉയര്‍ന്ന നിലയിലെത്തി. പിന്നീട് എത്രയോ പ്രാവശ്യം അവര്‍ക്ക് മാത്രം ചെയ്തു തരാന്‍ കഴിയുന്ന ചില കാര്യങ്ങളില്‍ അച്ഛന്‍ അവരോട് സഹായം അഭ്യര്‍ത്ഥിക്കുന്നതും യാതൊരുവിഷമവും കൂടാതെ അവര്‍ സഹായിക്കുന്നതും കണ്ടിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ നാട്ടില്‍ നിന്നും ആദ്യം വിളിച്ച് അഭിനന്ദിച്ചവരില്‍ ഒരാള്‍ മുതിര്‍ന്ന ചേട്ടനായിരുന്നു. അതിനും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഒരു കാര്യത്തില്‍ ഏറ്റവുമധികം സഹായങ്ങള്‍ ചെയ്തു തന്നത് രണ്ടാമത്തെ ചേട്ടനായിരുന്നു.

 അവസാനമായി ജപ്തി സംഭവം അച്ഛനുമായി സംസാരിച്ചത് ഞാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് മെഡിസിന്‍ എംഡിക്ക് പഠിക്കുമ്പോഴാണ്. കടബാധ്യത മൂലമുള്ള ആത്മഹത്യകള്‍ അടിക്കടി കാണാന്‍ തുടങ്ങിയ ആ കാലത്ത് വാടക വീട്ടിലെ വരാന്തയില്‍ മഴയും നോക്കിയിരിക്കുകയായിരുന്ന അച്ഛനോട് ചെറിയൊരു ആശങ്കയോടെയാണ് ഞാന്‍ ചോദിച്ചത്. അന്നത്തെ ജപ്തിയുടെ കാലത്ത് അച്ഛന്‍ എപ്പോഴെങ്കിലും എന്തെങ്കിലും കടുംകൈ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നോ... മറുപടി വളരെ പെട്ടെന്ന് തന്നെ കിട്ടി. അഞ്ചുവയസുള്ള കുഞ്ഞായ നിന്റെ മുഖം മനസ്സില്‍ ഉള്ളപ്പോള്‍ അങ്ങനെയുള്ള ഒരു വിചാരവും ഉണ്ടായിട്ടില്ല. നിന്നെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിക്കുന്നതു വരെ വീണു പോകരുത് എന്ന ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ അച്ഛന്‍ എന്ന വാക്കിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായത്. അതുവരെ അച്ഛന്‍ ജീവിച്ചു തീര്‍ത്ത ജീവിതത്തിന്റെ പൊരുളെന്നില്‍ നിറഞ്ഞത്.

 അഞ്ചാമത്തെ വയസ്സില്‍ വീടിനുമുന്നിലെ കായലിലേക്ക് അപ്പോള്‍ തോന്നിയ ഒരു കൗതുകത്തിന് എടുത്തു ചാടി ചാടിയ എന്നെ പുറകെ ചാടി അച്ഛന്‍ രക്ഷിച്ചു. അപ്പോള്‍ തന്നെ വീട്ടില്‍ സഹായത്തിന് ഇരുന്ന് മോഹനന് ചേട്ടനെ കൊണ്ട് അടുത്തുള്ള ഒരു കടയുടെ നിരപ്പലക എടുപ്പിച്ച് എന്നെ നീന്താന്‍ പഠിപ്പിച്ചത് അച്ഛനായിരുന്നു.

 പുറത്തുപോയി വരുമ്പോള്‍ എന്നും ആപ്പിളോ മുന്തിരിയോ മധുര പലഹാരങ്ങളോ വാങ്ങി കൊണ്ടു വരുന്ന അച്ഛന്റെ കഥ പലര്‍ക്കും പറയാനുണ്ടാവും. എന്നാല്‍ വീട്ടില്‍ വരുത്തുന്ന പത്രമൊഴിച്ച് മറ്റെല്ലാ പത്രങ്ങളും ഏതെങ്കിലുമൊക്കെ ചായക്കടയിലിരുന്ന് വായിച്ച് കയ്യില്‍ സ്ഥിരം കൊണ്ടുനടക്കുന്ന പോക്കറ്റ് ഡയറിയുടെ താളുകളില്‍ പൊതുവിജ്ഞാന സംബന്ധമായ വാര്‍ത്തകളുടെ കുറിപ്പുകള്‍ എഴുതി കൊണ്ടുവരുന്ന ഒരച്ഛന്‍ അപൂര്‍വ്വ സംഭവമായിരിക്കും. നാലാം ക്ലാസിലെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തുടങ്ങിയ ആ പതിവ് ഞാന്‍ പത്താംക്ലാസ് കഴിയുന്നവരെയും തുടര്‍ന്നിരുന്നു എന്നിടത്താണ് അച്ഛന് മകനോടുള്ള പ്രതിബദ്ധതയുടെ ആഴം ഞാനറിയുന്നത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ എന്നോട് പറയുന്നത്. മോനെ നീ രണ്ട് കാര്യങ്ങള്‍ ചെയ്യരുത്. ചൂണ്ടയിടാന്‍ കൂട്ടുകാരുടെ കൂടെ പോകരുത്. ചീട്ടുകളിക്കാന്‍ കൂടരുത്. ''ഇതെന്തിനാ എന്നോട് പറയുന്നത്'' എന്നായി എന്റെ ചിന്ത. കാരണം ചൂണ്ട ഇടേണ്ട ആവശ്യമില്ല. ചീട്ടുകളി അറിയുകയുമില്ല. എട്ടാംക്ലാസില്‍ അവധിക്കാലത്ത് ഒരു രസത്തിന് ചൂണ്ടയിടുകയായിരുന്ന ഒരു കളിക്കൂട്ടുകാരന്റെ കൂടെ കൂടിയപ്പോള്‍ കണ്ടുവന്ന അച്ഛന്റെ കയ്യില്‍ നിന്നും നല്ല അടി കിട്ടി. തല്‍ക്കാലം ഓടി രക്ഷപ്പെട്ടെങ്കിലും, തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് ചൂണ്ടയിടീലിന്റെയും ചീട്ടുകളിയുടെയും അപകടം അച്ഛന്‍ പറഞ്ഞുതന്നത്. രണ്ട് കാര്യങ്ങളും ചെയ്യുമ്പോഴും സമയം പോകുന്നത് അറിയില്ല. ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതും, നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതുമായ കാര്യം സമയമാണ്. ഇപ്പോള്‍ വിദ്യാലയങ്ങളിലെ പരിപാടികളില്‍ കുട്ടികളെ അഭിസംബോധന ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണും മറ്റും നഷ്ടപ്പെടുത്തുന്ന കുട്ടികളുടെ സമയത്തെപ്പറ്റി ഓര്‍മ്മപ്പെടുത്താന്‍ ഈ കഥ ഞാന്‍ പറയാറുണ്ട്. അപ്പോള്‍ തന്നെ സദാസമയവും മൊബൈല്‍ ഉപയോഗിക്കുന്ന ഞാനുള്‍പ്പെടെയുള്ള മാതാപിതാക്കള്‍ക്ക് അത് പറയാനുള്ള അര്‍ഹതയെപ്പറ്റി സ്വയം സംശയിക്കുകയും ചെയ്യും. എം.ബി.ബി.എസിന് പഠിക്കുന്ന കാലത്തും അതുകഴിഞ്ഞ് മലപ്പുറത്ത് പള്ളിക്കല്‍ ബസാറിലും കോട്ടയത്തിനടുത്ത് വെച്ചൂരും ഇടുക്കിയിലെ മറയൂരും ജോലിചെയ്തിരുന്ന കുറച്ചു വര്‍ഷങ്ങളിലുമൊഴിച്ചാല്‍ അച്ഛനോടും അമ്മയോടും ഒപ്പം തന്നെയാണ് ഞാന്‍ ജീവിച്ചത്. 

അച്ഛന്‍ മരിക്കുന്നതിന് മുമ്പ് ആറേഴു വര്‍ഷം വൈകുന്നേരത്തെ ചായ ഉണ്ടാക്കാനുള്ള അവകാശം ഭാര്യയില്‍ നിന്നു ഞാന്‍ പിടിച്ചു വാങ്ങുകയായിരുന്നു. മോര്‍ച്ചറിയില്‍ നിന്നിറങ്ങുന്നതിന് മുമ്പ് ചായക്കുള്ള എന്തെങ്കിലും പലഹാരം എന്റെ സഹചാരിയായ നാസറിനെ കൊണ്ട് വാങ്ങിപ്പിക്കും. ഞാന്‍ തന്നെ ചായയും പലഹാരവും അച്ഛനും അമ്മയ്ക്കും കൊണ്ടു കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം ആയിരുന്നു എന്റെ വലിയ ചാരിതാര്‍ത്ഥ്യങ്ങളിലൊന്ന്. 2014 ജൂണ്‍ മാസത്തില്‍ ഒരു ദിവസം രാവിലെ അമ്മ തളര്‍ന്നുവീണു. മിനിറ്റുകള്‍ക്കുള്ളില്‍ ആംബുലന്‍സ് വരുന്നതും അമ്മയെ സ്്ട്രെക്ചറില്‍ കോരി എടുത്തുകൊണ്ടു പോകുന്നതും നോക്കി പകച്ചുനില്‍ക്കുന്ന അച്ഛന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്. രക്ഷപ്പെട്ടെങ്കിലും കുറച്ചുസമയത്തേക്ക് രക്തചംക്രമണത്തിലുണ്ടായ സ്തംഭനവും ഐസിയു വാസവും എല്ലാംകൂടി ഓര്‍മ്മക്കുറവ് എന്ന വലിയ കുറവുമായാണ് അമ്മ തിരിച്ചു വന്നത്. ഒരു ചായക്ക് അച്ഛന്‍ എത്രമാത്രം വില കല്‍പ്പിച്ചിരുന്നു എന്നതും വാര്‍ധക്യത്തിന്റെ അങ്ങേയറ്റത്ത് നില്‍ക്കുമ്പോഴും, എത്ര മനക്കരുത്ത് അച്ഛനുണ്ടായിരുന്നു എന്നും തെളിയിച്ച സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. അച്ഛനെയും അമ്മയെയും പരിചരിക്കാന്‍ ഒരു മാസത്തെ അവധിക്ക് അപേക്ഷ നല്‍കി. നാലാമത്തെ ദിവസം അച്ഛന്‍ ചോദിച്ചു നീ ജോലിക്ക് പോകുന്നില്ലേ. ഞാന്‍ പറഞ്ഞു ''അച്ഛനെയും അമ്മയെയും നോക്കാന്‍ ഞാന്‍ ഒരു മാസത്തെ ലീവിലാണ്.'' ഉറച്ച ശബ്ദത്തിലായിരുന്നു അച്ഛന്റെ മറുപടി ''അതിനു നീ എന്തിന് ലീവ് എടുക്കണം ഞങ്ങളെ അവള്‍ (എന്റെ ഭാര്യ ) നോക്കുന്നുണ്ടല്ലോ. ഞാന്‍ നിന്നെ പഠിപ്പിച്ചത് വയസ്സുകാലത്ത് എന്നെ നോക്കി ഇരിക്കാന്‍ വേണ്ടി അല്ല ആശുപത്രിയില്‍ നീ ചെയ്യേണ്ട കാര്യങ്ങള്‍ നടക്കണ്ടേ. നാളെ തന്നെ ജോലിക്ക് പൊയ്ക്കോളണം'' എന്നത് ഏകദേശം ആജ്ഞ തന്നെയായിരുന്നു. എന്റെ മുഖം വാടുന്നത് കൊണ്ടാവണം അച്ഛന്‍ പറഞ്ഞു.''ടാ... വയസ്സായാല്‍ എല്ലാവരും മരിക്കും നീ ഞാന്‍ മരിക്കുന്നത് ആലോചിച്ച് വിഷമിച്ചിരിക്കരുത്'' മരിച്ചുകഴിഞ്ഞാലും വിഷമിക്കരുത്''. നീ ദിവസവും നിന്റെ കൈ കൊണ്ട് ഉണ്ടാക്കിത്തരുന്ന ഒരു ഗ്ലാസ് ചായ കൊണ്ട് നീയെനിക്ക് ചെയ്യേണ്ട എല്ലാ കടമകളും ചെയ്തുകഴിഞ്ഞു. മരിച്ചിട്ട് ചെയ്യുന്ന കര്‍മ്മത്തില്‍ ഒന്നുമല്ല കാര്യം. ഞാന്‍ മരിച്ചാല്‍ ഒരു രണ്ടുമണിക്കൂറില്‍ കൂടുതല്‍ വീട്ടില്‍ വയ്ക്കരുത്. ഇവിടെ ഇലക്ട്രിക്കില്‍ കൊണ്ടുപോയി കത്തിച്ചേക്കണം പിന്നെ ഒന്നും ചെയ്യാന്‍ നിക്കണ്ട.'' കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ അവിടെ നിന്നില്ല എന്നതാണ് സത്യം.

 അച്ഛന്റെ മരണസമയത്ത് കൂടെ ഉണ്ടാകാന്‍ കഴിഞ്ഞില്ലെന്ന ദുഃഖം മാത്രം ഇപ്പോഴും ഉണ്ട്. പതിവുള്ള ഉച്ചയുറക്കത്തിനു ശേഷം ഉണര്‍ന്ന് ചായകുടിക്കാന്‍ തുടങ്ങുമ്പോള്‍ കട്ടിലിലേക്കേ് കുഴഞ്ഞുവീഴുകയായിരുന്നു. ഔദ്യോഗികവും സംഘടനാപരവുമായ കാര്യങ്ങള്‍ക്കു വേണ്ടി തിരുവനന്തപുരത്തായിരുന്നു ഞാന്‍ വിവരം അറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എ. യുടെ പി.എ. ആയിരുന്ന, എനിക്ക് സഹോദരതുല്യനായ സുജിത് തിരിച്ചുള്ള യാത്രയില്‍ കൂട്ടുണ്ടായിരുന്നത് വലിയ ആശ്വാസമായി. അച്ഛന്‍ പഠിപ്പിച്ച പോലെ സൗഹൃദങ്ങള്‍ എന്നും തണലായി തന്നെ മാറും. 11 വര്‍ഷങ്ങള്‍ക്കിപ്പുറം പഴയകാര്യങ്ങളില്‍ ഒരു സംശയം വരുമ്പോള്‍ എന്നാല്‍ അച്ഛനോടു ചോദിക്കാം എന്ന തോന്നല്‍ വരുന്നത് അച്ഛന്‍ ഇപ്പോഴും കൂടെയുണ്ട് എന്ന വിശ്വാസം കാരണമാകാം.