ഷോപ്പിങ്ങിന് പോകുമ്പോൾ സാധനങ്ങളെല്ലാം പിടിക്കാൻ കൂടെ ഒരാളുണ്ടെങ്കിൽ വലിയ സഹായമായിരിക്കുമെന്ന് ചിന്തിക്കാത്തവർ കുറവല്ല. പേഴ്‌സും ബാഗുകളും മറ്റും തൂക്കിപ്പിടിച്ച് സ്വതന്ത്രമായി നടക്കാൻ നമുക്ക് പലപ്പോഴും കഴിയില്ല. എന്നാൽ അതെല്ലാം പിടിക്കാൻ വാടകയ്ക്ക് ഒരാളെ ലഭിച്ചാൽ കാര്യങ്ങൾ വളരെ എളുപ്പമായിരിക്കും. അങ്ങനെയൊരു ആശയവുമായി എത്തിയിരിക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനി CarryMen. മണിക്കൂറിന് 149 രൂപ നൽകിയാൽ നിങ്ങളുടെ ബാഗ് പിടിക്കാൻ അവർ ആളുകളെ ഏർപ്പാട് ചെയ്ത് തരും.

To advertise here,

തിരക്കേറിയ സ്ഥലങ്ങളിലൂടെ അനായാസമായി സഞ്ചരിക്കാനും സമ്മർദ്ദമില്ലാതെ ഷോപ്പിങ് ആസ്വദിക്കാനും ബാഗുകൾ കൊണ്ടുപോകാൻ നിങ്ങളെ സഹായിക്കാൻ പരിശീലനം ലഭിച്ച പ്രൊഫഷണൽ സഹായികളെ അവർ നിങ്ങൾക്ക് നൽകും. സഹായി നിങ്ങളുടെ ബാഗുകൾ കൊണ്ടുപോകുക മാത്രമല്ല, പാർക്കിങ് ഏരിയ വരെയോ അടുത്തുള്ള മെട്രോ സ്റ്റേഷനോ വരെ നിങ്ങളോടൊപ്പം വരികയും ഭക്ഷണം, സ്‌നാക്‌സ് എന്നിവയ്ക്കായുള്ള നീണ്ട ക്യൂ ഒഴിവാക്കാനും സഹായിക്കും. കൂടുതൽ പണം നൽകിയാൽ സഹായിക്കൊപ്പം മാസ്‌ക്, മൊബൈൽ ചാർജർ, കുട, കുഞ്ഞുങ്ങളുടെ സ്‌ട്രോളർ എന്നിവയും വാടകയ്ക്ക് ലഭിക്കും.

കമ്പനിയുടെ ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അമ്മയുടെ കൂടെ ഇനി ഷോപ്പിങ്ങിന് പോകേണ്ടെന്നും പകരക്കാരെ കണ്ടെത്തിയെന്നുമാണ് മിക്ക കമന്റുകളും. ഇങ്ങനെ സഹായിയായി വരുന്നവർക്ക് ചിലപ്പോൾ തുച്ഛമായ പൈസയായിരിക്കും ലഭിക്കുകയെന്നും ബാക്കിയുള്ളത് സ്റ്റാർട്ടപ്പ് കമ്പനി എടുക്കാൻ സാധ്യതയുണ്ടെന്നും ചിലർ കുറിച്ചു. ഷോപ്പിങ്ങിന് പോകുമ്പോൾ അമ്മയുടെ ബാഗ് പിടിച്ചാൽ കിട്ടുന്ന പൈസ ഇല്ലാതാക്കരുതെന്നും ചിലർ തമാശയായി കമന്റ് ചെയ്തിട്ടുണ്ട്.