നടി ആഞ്ജലീനാ ജോളിയുമായുള്ള വിവാഹമോചനവും പിന്നാലെ നടന്ന നിയമയുദ്ധവുമെല്ലാമാണ് ഹോളിവുഡ് താരം ബ്രാഡ് പിറ്റിനെ കുറച്ച് കാലമായി വാർത്തകളിൽ നിറച്ചത്. എന്നാൽ അടുത്തകാലത്തായി ബ്രാഡ് പിറ്റ് പുതിയൊരു പ്രണയബന്ധത്തിന് തുടക്കമിട്ടുവെന്ന അഭ്യൂഹമാണ് പ്രചരിക്കുന്നത്. ജുവലറി എക്‌സിക്യുട്ടീവായ 32-കാരി ഐൻസ് ഡി റേമനാണ് 62-കാരനായ ബ്രാഡ് പിറ്റിന്റെ കാമുകി എന്നായിരുന്നു സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം പ്രചരിച്ചത്. ഇരുവരും ഒന്നിച്ച് പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലായിരുന്നു.

To advertise here,

ഇപ്പോഴിതാ താനും ബ്രാഡ് പിറ്റും പ്രണയത്തിലാണെന്ന വ്യക്തമായ സൂചന നൽകിയിരിക്കുകയാണ് ഐൻസ്. ഇൻസ്റ്റഗ്രാമിൽ ഐൻസ് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഹോളിവുഡ് സെലിബ്രിറ്റികളുടെ ഹെയർ സ്‌റ്റൈലിസ്റ്റായ ലോറി സനൊലെറ്റിയുടെ പോസ്റ്റാണ് അവർ പങ്കുവെച്ചത്. ബ്രാഡ് പിറ്റും ഐൻസ് ഡി റേമനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്.

'എന്റെ പ്രിയപ്പെട്ട പ്രണയികൾ' എന്നാണ് പോസ്റ്റിനൊപ്പം ലോറി കുറിച്ചത്. ചടങ്ങിനെത്തിയ ഇരുവരുടേയും ഹെയർ സ്‌റ്റൈലിസ്റ്റും ലോറി തന്നെയായിരുന്നു. ഈ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായാണ് ഐൻസ് ഡി റേമൻ ഷെയർ ചെയ്തത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ 'ലവർ' എന്ന ഗാനവും പശ്ചാത്തലത്തിലുണ്ടായിരുന്നു. ഇതോടെ പ്രണയത്തിന് ഔദ്യോഗിക സ്ഥിരീകരണമായെന്നാണ് ആരാധകർ പറയുന്നത്. ഇരുവരും 2022 മുതൽ ഡേറ്റിങ്ങിലാണെന്നാണ് റിപ്പോർട്ട്. ടെയ്‌ലർ സ്വിഫ്റ്റിന്റെ വിവാഹവേദിയായ മാഡിസൺ സ്‌ക്വയർ ഗാർഡനിലേക്ക് പോകുന്നതിന് മുമ്പായി പകർത്തിയ ചിത്രങ്ങളാണ് ലോറി പോസ്റ്റ് ചെയ്തത്.

ആരാണ് ഐൻസ് ഡി റേമൻ?

യുഎസ്സിലെ ന്യൂജേഴ്‌സിയിൽ ജനിച്ച ഐൻസ് ഡി റേമൻ വളർന്നത് സ്വിറ്റ്‌സർലൻഡിലെ ജനീവയിലാണ്. സ്‌പെയിനിലെ മാഡ്രിഡിലും ഐൻസിന് കുടുംബപരമായ വേരുകളുണ്ട്. ജനീവാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടിയ ഐൻസിന് ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഫാഷൻ ലോകത്തോടും ആഭരണ ബിസിനസിനോടും ഐൻസിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു.

സ്വിറ്റ്‌സർലൻഡിലെ ബാങ്കിങ് മേഖലയിലാണ് കരിയറിന്റെ തുടക്കത്തിൽ ഐൻസ് ജോലി ചെയ്തത്. പിന്നീടാണ് തന്റെ ഇഷ്ടമേഖലയായ ആഭരണ ബിസിനസിലേക്ക് അവർ തിരിഞ്ഞത്. അനിറ്റ കോ ജ്വല്ലറിയിലെ വൈസ് പ്രസിഡന്റായി ഐൻസ് പ്രവർത്തിച്ചിട്ടുണ്ട്. ബ്രാൻഡ് മാനേജ്‌മെന്റ്, ക്ലൈന്റ് റിലേഷൻസ്, മാർക്കറ്റിങ് എന്നിവയിലാണ് ഐൻസ് ശ്രദ്ധിച്ചത്.

2019-ൽ ഐൻസ്, ഹോളിവുഡ് നടനായ പോൾ വെസ്‌ലിയെ വിവാഹം ചെയ്തു. പിന്നീട് 2024-ൽ ഇരുവരും വിവാഹമോചിതരായി. പൊതുവേ തന്റേതായ ഇടങ്ങളിൽ ഒതുങ്ങിക്കഴിയാൻ ആഗ്രഹിക്കുന്ന ഐൻസ് മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന വ്യക്തിയാണ്. സോഷ്യൽ മീഡിയാ ഉപയോഗവും വളരെ പരിമിതമാണ്. ഫാഷനും ആഭരണ ബിസിനസും കഴിഞ്ഞാൽ പിന്നെ യാത്ര, ഫിറ്റ്‌നസ്, ആരോഗ്യസംരക്ഷണം എന്നിവയിലെല്ലാമാണ് ഐൻസിന് താത്പര്യം.