ബോളിവുഡിലേയും തെന്നിന്ത്യയിലേയും താരറാണിയായിരുന്നു ശ്രീദേവി. 2018-ലായിരുന്നു ശ്രീദേവിയുടെ മരണം. ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറുമായുള്ള ശ്രീദേവിയുടെ വിവാഹം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആദ്യ വിവാഹത്തിനിടെ ശ്രീദേവിയുമായുണ്ടായ ബന്ധത്തെ പറ്റിയും താൻ നേരിട്ട സംഘർഷങ്ങളെ പറ്റിയും ചന്ദാ കൊച്ചാറുമായുള്ള യൂട്യൂബ് അഭിമുഖത്തിൽ ബോണി കപൂർ സംസാരിക്കുന്നുണ്ട്. 

To advertise here,

ബോണി കപൂർ അന്ന് മോന കപൂറുമായി വിവാഹിതനും അർജുൻ കപൂർ, അൻഷുല കപൂർ എന്നീ രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. ശ്രീദേവിയുമായുള്ള വിവാഹശേഷം ബോണി തന്റെ ആദ്യ വിവാഹബന്ധത്തിൽ നിന്ന് മാറി സഞ്ചരിക്കുകയായിരുന്നു. ശ്രീദേവിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ആദ്യ ഭാര്യയായിരുന്ന മോനയോട് പറഞ്ഞിരുന്നെന്നും എല്ലാം തുറന്നു സമ്മതിച്ചിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.

'ഞാൻ മോനയോട് എല്ലാം തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ ധരിച്ചിരിക്കുന്ന മോതിരവും ശ്രീദേവി ധരിച്ചിരുന്ന മോതിരവും മോനയാണ് വാങ്ങി നൽകിയത്. തന്നോടോ ജാൻവിയോടോ ഖുഷിയോടോ വിദ്വേഷം തോന്നാത്ത രീതിയിലാണ് മോന മക്കളെ വളർത്തിയത്'- ബോണി പറഞ്ഞു.

ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ മക്കളായ അർജുനും അൻഷുലയും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരിക്കാമെന്നും ബോണി പറയുന്നുണ്ട്. മകൻ അർജുൻ അക്കാലത്ത് തനിക്കെഴുതിയ വികാരനിർഭരമായ കത്തിനെ പറ്റിയും ഓർക്കുന്നുണ്ട്. 'പപ്പാ എന്താണ് വീട്ടിൽ വരാത്തത്?' എന്ന് കത്തിൽ അർജുൻ ചോദിച്ചിരുന്നു'- എന്ന് അദ്ദേഹം പറയുന്നുണ്ട്.

'ശ്രീദേവിയുടെ മാതാപിതാക്കൾ മരിച്ചതിനാൽ തനിച്ചാക്കാൻ തനിക്ക് കഴിയുമായിരുന്നില്ല. മക്കൾക്ക് അവരുടെ അമ്മയുണ്ടായിരുന്നു, കൂടാതെ മുത്തശ്ശിയോടൊപ്പമാണ് അവർ താമസിച്ചിരുന്നത്- ബോണി അഭിമുഖത്തിൽ പറഞ്ഞു.

ഒരിക്കലും കുട്ടികളെ തമ്മിൽ തെറ്റിക്കാൻ ശ്രമിക്കാതിരുന്ന മുൻ ഭാര്യയെ താൻ ഏറെ ബഹുമാനിക്കുന്നുവെന്ന് ബോണി പറയുന്നുണ്ട്. അമ്മ ദുരിതമനുഭവിക്കുന്നത് കണ്ടതിനാൽ കുട്ടികൾക്ക് വിഷമം തോന്നിയിരുന്നുവെന്നും അത് തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും ബോണി പറഞ്ഞു.

ശ്രീദേവിയുടെ വിയോഗത്തിന് ശേഷം ജാൻവിയുമായും ഖുഷിയുമായും ബന്ധപ്പെടാനുള്ള തങ്ങളുടെ തീരുമാനത്തെക്കുറിച്ച് അർജുനും അൻഷുലയും മുൻപ് സംസാരിച്ചിട്ടുണ്ട്.