പോപ്പ് ഗായികയും എമ്മി പുരസ്‌കാരജേതാവുമായ ബില്ലി ഐലിഷ് തന്റെ വ്യത്യസ്തമായ വസ്ത്രധാരണശൈലിയുടെ പേരില്‍ പ്രശസ്തയാണ്. കടുംനിറങ്ങളിലുള്ള അയഞ്ഞുതൂങ്ങിയ വസ്ത്രങ്ങളാണ് പതിനെട്ടുകാരിയായ ബില്ലി തിരഞ്ഞെടുക്കാറ്. ശരീരം പുറത്തുകാണിക്കാത്ത ബില്ലിയുടെ ശൈലിക്ക് ആരാധകരും വിമര്‍ശകരുമുണ്ട്. ശരീരം പുറത്തുകാണിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗായികമാരെ ആക്ഷേപിക്കാനും ആളുകള്‍ ബില്ലിയുടെ പേര് വലിച്ചിഴയ്ക്കുന്നത് പതിവാണ്.

To advertise here,

എന്നാല്‍, വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമൊക്കെ തന്റെ ലോകപര്യടനത്തിന്റെ ആദ്യദിനംതന്നെ ചുട്ടമറുപടിയാണ് ബില്ലി നല്‍കിയത്. ചൊവ്വാഴ്ചരാത്രിയില്‍ മിയാമിയിലെ വേദിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളിലാണ് ബില്ലിയുടെ മറുപടിയുള്ളത്. തന്റെ മേല്‍വസ്ത്രമൂരി കറുത്തനിറമുള്ള ജലത്തിലേക്കിറങ്ങുമ്പോള്‍ ബില്ലിപറയുന്ന വാക്കുകളാണ് ബോഡി ഷെയ്മിങ്ങിനുനേരെയുള്ള ശക്തമായ പ്രതിഷേധമായത്.

'എനിക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചാല്‍ ഞാന്‍ സ്ത്രീയല്ലെന്നു പറയുന്നു, വസ്ത്രപാളികളൊക്കെ ഊരിമാറ്റിയാല്‍ മോശക്കാരിയെന്നു വിളിക്കുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ ശരീരത്തെ നിങ്ങള്‍ മുന്‍വിധിയോടെ കാണുന്നതെന്തിനാണ്? ' രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ ബില്ലി വിമര്‍ശകരോടു ചോദിക്കുന്നു.

ആളുകളുടെ ശരീരത്തിന്റെ വലുപ്പമനുസരിച്ച് അവരെക്കുറിച്ച് അഭിപ്രായം രൂപവത്കരിക്കരുതെന്നാവശ്യപ്പെട്ട ബില്ലി, ഒരാളെന്താണെന്നും അവരുടെ വിലയെന്താണെന്നും നിശ്ചയിക്കുന്നത് അവരവര്‍തന്നെയാണെന്നും വസ്ത്രങ്ങള്‍ കൂടുതലായാലും കുറച്ചായാലും തന്റെ വില നിശ്ചയിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളല്ലെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.

അയഞ്ഞ പച്ചയുടുപ്പും പാന്റ്സും ധരിച്ച് തന്റെ പതിവുശൈലിയിലാണ് അഞ്ച് ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ താരം വേദിയിലെത്തിയത്.

Content Highlights: Billie Eilish strips at Miami concert to protest body shaming