ന്യൂഡൽഹി: പൊന്നിയിൻ സെൽവൻ 2 സിനിമയിലെ ‘വീര രാജ വീര’ എന്ന ഗാനം ജൂനിയർ ദാഗർ സഹോദരങ്ങൾ ചിട്ടപ്പെടുത്തിയ ശിവസ്തുതിയിലാണ് ആദ്യം അവതരിപ്പിച്ചതെന്ന് അംഗീകരിക്കാൻ ചിത്രത്തിന്റെ നിർമാതാക്കളോടും സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനോടും സുപ്രീംകോടതി. എ.ആർ. റഹ്‌മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേ ദ്രുപദ് ഗായകൻ ഉസ്താദ് ഫയിസ് വസീഫുദ്ദീൻ ദാഗർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

To advertise here,

തന്റെ പിതാവ് നാസിർ ഫയീസുദ്ദീൻ ദാഗറും അദ്ദേഹത്തിന്റെ സഹോദരൻ സഹീറുദ്ദീൻ ദാഗറും ചിട്ടപ്പെടുത്തിയ ഗാനമാണ് സിനിമയിൽ ഉപയോഗിച്ചതെന്നാണ് ഫയിസിന്റെ പരാതി. പാട്ട് ദാഗർവാണി പരമ്പരയിൽപ്പെട്ടതാണെന്ന് റഹ്‌മാൻ അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അത് ആദ്യം അവതരിപ്പിച്ചത് ദാഗർ സഹോദരങ്ങളാണെന്നുകൂടി അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

വീര രാജ വീര എന്ന പാട്ട് ശിവസ്തുതി എന്ന ഗാനത്തിന്റെ പകർപ്പാണെന്ന പരാതിയിൽ രണ്ടുകോടിരൂപ കെട്ടിവെക്കാൻ ഡൽഹി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.