
സംഭവി ശ്രീവാസ്തവ/ സംഭവി പങ്കുവെച്ച ജിപേയുടെ സ്ക്രീന്‍ഷോട്ട് | Photo: linkedin/ sambhavi shrivastava
റാപ്പിഡോ ഡ്രൈവറുടെ നന്മയെ കുറിച്ച് കുറിപ്പ് പങ്കുവെച്ച് ബെംഗളൂരുവില്‍ നിന്നുള്ള യുവതി. താന്‍ മറന്നുവെച്ച ഇയര്‍ഫോണ്‍ തിരിച്ചുനല്‍കിയ ഡ്രൈവറുടെ നല്ല മനസിനെ കുറിച്ചാണ് സംഭവി ശ്രീവാസ്തവ എന്ന യുവതി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചത്. 'ലോകം അത്ര മോശമൊന്നുമല്ല' എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ അനുഭവമെന്ന് അവര്‍ പറയുന്നു.
ഒരു വെള്ളിയാഴ്ച വൈകുന്നേരം, ജോലി കഴിഞ്ഞ് സഹോദരനെ കണ്ട് അത്താഴം കഴിക്കാനായി ശ്രീവാസ്തവ ഇന്ദിരാനഗറില്‍ നിന്ന് ഒരു ചെറിയ റാപ്പിഡോ ഓട്ടോ യാത്ര ബുക്ക് ചെയ്തിരുന്നു. യാത്ര ഏകദേശം പത്ത് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ, എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷമാണ് തന്റെ ഇയര്‍ഫോണുകള്‍ മറന്നുവെച്ച കാര്യം അവര്‍ക്ക് മനസ്സിലായത്.
അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, ജഹ്‌റുല്‍ എന്ന് പേരുള്ള ഡ്രൈവറില്‍ നിന്ന് ശ്രീവാസ്തവയ്ക്ക് ഗൂഗിള്‍ പേയില്‍ (GPay) ഒരു സന്ദേശം ലഭിച്ചു. ആ സമയത്ത് അവര്‍ പരിഭ്രാന്തയായി. രണ്ടുതവണ പണം ഈടാക്കിയെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഇയര്‍ഫോണുകള്‍ കണ്ടെത്തിയെന്ന് പറയാനാണ് ഡ്രൈവര്‍ ജിപേയില്‍ മെസ്സേജ് അയച്ചത്.
ഇയര്‍ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഡ്രൈവര്‍ ഉറപ്പുനല്‍കിയെന്നും എപ്പോള്‍ വന്ന് വാങ്ങുമെന്ന് ചോദിച്ചെന്നും അവര്‍ പറയുന്നു. 'ദീപാവലിയാണെന്ന കാര്യം മറന്ന് ഞാന്‍ തിങ്കളാഴ്ച എന്ന് പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ഞാന്‍ അദ്ദേഹത്തെ വിളിച്ച്, അദ്ദേഹം അടുത്തവിടെയെങ്കിലും ഉണ്ടെങ്കില്‍ ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. അര മണിക്കൂറിനുശേഷം അദ്ദേഹം എന്നെ വിളിക്കുകയും ഞാന്‍ ഓഫീസിന് താഴെ പോയി അത് വാങ്ങുകയും ചെയ്തു.'-സംഭവി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു.
ഡ്രൈവറുടെ സത്യസന്ധതയ്ക്ക് അവര്‍ നന്ദിയും അറിയിച്ചു. 'ആ ഡ്രൈവര്‍ക്ക് ഇതിനായി ബുദ്ധിമുട്ടേണ്ട ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിന് അത് വലിച്ചെറിയുകയോ വില്‍ക്കുകയോ ചെയ്യാമായിരുന്നു. പക്ഷെ അദ്ദേഹം അത് തിരികെ നല്‍കാന്‍ തീരുമാനിച്ചു. ഇത് വളരെ ചെറിയ കാര്യമായി തോന്നാമെങ്കിലും, സത്യതന്ധത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഇത് എന്നെ ഓര്‍മ്മിപ്പിച്ചു. ഇതുപോലെയുള്ള ആളുകള്‍ നിങ്ങളുടെ ലോകത്തെ കുറച്ചുകൂടി മികച്ചതാക്കുന്നു.'-സംഭവി കുറിച്ചു.
ഇതിന് താഴെ ഡ്രൈവറെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. 'ഹൃദയസ്പര്‍ശിയായ ഈ അനുഭവം പങ്കുവെച്ചതിന് നന്ദി, സംഭവി. ആ ഡ്രൈവറുടെ സത്യസന്ധതയെയും ദയയെയും കുറിച്ച് കേട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തെപ്പോലുള്ളവരാണ് യഥാര്‍ത്ഥത്തില്‍ മാറ്റമുണ്ടാക്കുന്നത്' - എന്നായിരുന്നു ഒരു പ്രതികരണം.
ഇതിന് പിന്നാലെ ആ ഡ്രൈവര്‍ക്ക് അയാളുടെ സത്യസന്ധതയ്ക്കുള്ള സമ്മാനം നല്‍കിയതായി റാപ്പിഡോ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയതിന് സംഭവിയോട് റാപ്പിഡോ നന്ദി അറിയിക്കുകയും ചെയ്തു.
Content Highlights: bengaluru woman praises rapido driver who messaged on gpay returned her earphones
Published: 27 Oct 2025, 12:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented