ഗരത്തിലെ ജീവിതച്ചെലവ് കുതിച്ചുയരുകയാണ്. കൈയില്‍ കിട്ടുന്ന ശമ്പളംകൊണ്ട് ഓരോ മാസവും തള്ളിനീക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ ബെംഗളൂരു പോലൊരു നഗരത്തില്‍ 20000 രൂപ ശമ്പളമുള്ള ജോലികൊണ്ട് സുഖസുന്ദരമായി ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?  അതിന് സാധിക്കുമെന്ന ഒരു യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. റെഡ്ഡിറ്റില്‍ പങ്കുവെച്ച ഈ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. 

To advertise here,

കഴിഞ്ഞ ആറുമാസമായി നഗരത്തില്‍ ഒറ്റയ്ക്ക് താമസിക്കുകയാണെന്നും ചെലവുകള്‍ നിയന്ത്രിക്കാന്‍ സുഹൃത്തുക്കളുമായി വാടക പങ്കിടുകയാണെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. പ്രതിമാസ കണക്കില്‍ ഭക്ഷണത്തിനായി 8,000 രൂപ, വാടകയ്ക്ക് 9,000 രൂപ (23,000 രൂപ വാടക നല്‍കുന്ന വീടിന്റെ ഒരു ഭാഗം), യാത്രകള്‍ക്കായി 2,000 രൂപ, സോപ്പ്, ഷാംപൂ, ടൂത്ത്‌പോസ്റ്റ് പോലുള്ള സാധനങ്ങള്‍ക്കും മറ്റ് ക്ലീനിങ് സാധനങ്ങള്‍ക്കുമായി2,000 രൂപ എന്നിങ്ങനെയാണ് ചെലവാകുന്നത്. ഇത് ആകെ 21000 രൂപ വരുന്നു. 

മദ്യപാനം, പുകവലി, ഇടയ്ക്കിടേയുള്ള പാര്‍ട്ടികള്‍ എന്നിവ ഒഴിവാക്കുന്നതുപോലുള്ള ബോധപൂര്‍വമായ തീരുമാനങ്ങളാണ് തന്റെ ഈ നിയന്ത്രിത ജീവിതശൈലിക്ക് കാരണമെന്ന് യുവാവ് പറയുന്നു. ഇവയെല്ലാം ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, മറ്റുള്ളവര്‍ അവരുടെ മുന്‍ഗണനകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, അവരുടെ ഇരുപതുകള്‍ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ മാതൃക പിന്തുടരേണ്ടതില്ലെന്നും യുവാവ് വ്യക്തമാക്കുന്നു. 

'22 വയസുള്ള ഞാന്‍ കഴിഞ്ഞ ആറ് മാസമായി ബാംഗ്ലൂരില്‍ തനിച്ച് താമസിക്കുകയാണ്. ഇവിടുത്തെ ജീവിതച്ചെലവിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കെങ്കിലും വേണ്ടി എന്റെ പ്രതിമാസ ചെലവുകളുടെ ഒരു വിശദാംശം പങ്കുവെക്കാമെന്ന് ഞാന്‍ കരുതി. ഇതൊരു സാധാരണ ജീവിതത്തിന് ചെലവാകുന്ന പണമാണ്. ആഡംബരപൂര്‍ണമായ ജീവിതത്തിന് പറ്റില്ല. ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ അധികം പാര്‍ട്ടിക്ക് പോകുകയോ ചെയ്യാറില്ല. അതുകൊണ്ട് നിങ്ങളുടെ കാര്യത്തില്‍ വ്യത്യാസമുണ്ടാകാം. നിങ്ങള്‍ ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ പുറത്തുപോയി അങ്ങനെ ചെയ്യൂ. ഇത് പിന്തുടരേണ്ടതില്ല.' യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു. 

പല ഉപയോക്താക്കള്‍ക്കും ഈ റെഡ്ഡിറ്റ് പോസ്റ്റുമായി തങ്ങളെ ബന്ധപ്പെടുത്താന്‍ കഴിഞ്ഞു. അവര്‍ യുവാവിന്റെ സാമ്പത്തിക അച്ചടക്കത്തെ അഭിന്ദിച്ച് കുറിപ്പിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ''നിങ്ങളുടെ പ്രായത്തില്‍ ഞാന്‍ ബാംഗ്ലൂരില്‍ മാസം 22,000 രൂപ സമ്പാദിച്ചിരുന്നു. കുറഞ്ഞത് 14,000 രൂപയെങ്കിലും ചെലവഴിക്കുകയും ചെയ്തിരുന്നു. ഇത് ആറ് വര്‍ഷം മുമ്പായിരുന്നു.''-ഒരു ഉപയോക്താവ് കുറിച്ചു. ''ഇത് വളരെ മതിപ്പുളവാക്കുന്നു! എനിക്ക് ശരിക്കും പ്രചോദനമായി. എന്റെ ദിനചര്യയിലും ഇത്തരം ശീലങ്ങള്‍ നടപ്പിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!''-മറ്റൊരാള്‍ കമന്റ് ചെയ്തു.

''മാസം 40,000-50,000 രൂപ സമ്പാദിച്ച് സുഖമായി ജീവിക്കുന്നവരുണ്ട്. അതുപോലെ മാസം 23 ലക്ഷം രൂപ ഉണ്ടാക്കിയിട്ടും ബുദ്ധിമുട്ടുന്നവരുമുണ്ട്. നിങ്ങള്‍ എവിടെ നിന്ന് കഴിക്കുന്നു, എങ്ങനെ യാത്ര ചെയ്യുന്നു, നിങ്ങള്‍ക്ക് വിനോദം എന്താണ് എന്നതിനെയെല്ലാം ആശ്രയിച്ചാണ് ഇതെല്ലാം.''-ഒരു ഉപയോക്താവ് പ്രതികരിച്ചത് ഇങ്ങനെയാണ്.