
'ടോണി എന്നും ഒറ്റയ്ക്ക് തന്നെയാ നിന്നിട്ടുള്ളത്' മമ്മൂട്ടിയുടെ സൂപ്പര്ഹിറ്റ് ചിത്രം ബിഗ്ബിയുടെ ക്ലൈമാക്സില് വില്ലനായ സായിപ്പ് ടോണി പറയുന്ന ഡയലോഗാണ് ഇത്. എന്നാല് ഒറ്റയ്ക്കാകുന്നത് ഇഷ്ടപ്പെടുന്നവരല്ല ഭൂരിഭാഗമാളുകളും. പലകാരണങ്ങളാലും ഒറ്റപ്പെടല് അനുഭവിക്കേണ്ടിവരുന്നവര് ഒട്ടേറെയാണ്.
എന്നാല് ഒറ്റയ്ക്കിരിക്കേണ്ടിവരുന്നതിനെ കുറിച്ചോര്ത്ത് സങ്കടപ്പെടേണ്ട എന്നാണ് മനശാസ്ത്രവിദഗ്ധര് പറയുന്നത്. യുഎസ്സിലെ വെര്മോണ്ടിലുള്ള മിഡില്ബറി കോളേജിലെ മനശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര് വെര്ജീനിയ തോമസാണ് ഒറ്റയ്ക്കാകുന്നതിന്റെ ഗുണങ്ങള് വിശദീകരിച്ചത്.
സ്വയം 'റീച്ചാര്ജ്' ചെയ്യപ്പെടാനും നവീകരിക്കാനും കഴിയും എന്നതാണ് ഒറ്റയ്ക്കിരിക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാന ഗുണമെന്ന് വെര്ജീനിയ പറയുന്നു. വെറും 15 മിനിറ്റ് ഒറ്റയ്ക്കിരിക്കുന്നതിലൂടെ ഉത്കണ്ഠ പോലുള്ള വികാരത്തള്ളിച്ചകള് കുറയ്ക്കാന് കഴിയുമെന്നാണ് പേഴ്സണാലിറ്റി ആന്ഡ് സോഷ്യല് സൈക്കോളജി ബുള്ളറ്റിനില് പ്രസിദ്ധീകരിച്ച പഠനത്തില് പറയുന്നത്. മനസ് ഇത്തരത്തില് വൈകാരികമായി ശുദ്ധീകരിക്കുന്നതിലൂടെ മാനസികമായി വ്യക്തത ലഭിക്കുകയും മാനസിക പിരിമുറുക്കം കുറയുകയും ചെയ്യും.
വ്യക്തിത്വ വികസനത്തിനായുള്ള സവിശേഷമായ അവസരമാണ് ഒറ്റപ്പെടലെന്നും വെര്ജീനിയ പറയുന്നു. ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നവര്ക്ക് സ്വയംബോധവും സ്വാതന്ത്ര്യബോധവും ഉയരുന്നതായാണ് ഗവേഷണങ്ങളില് കണ്ടെത്തിയത്. ഒറ്റയ്ക്ക് കൂടുതല് സമയം ചെലവഴിച്ചവരില് മാനസിക പിരിമുറുക്കം കുറഞ്ഞതായും സ്വന്തം ജീവിതത്തില് കൂടുതല് സ്വയംനിയന്ത്രണമുണ്ടായതായും 2023-ല് സയന്റിഫിക് റിപ്പോര്ട്ട്സില് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
ഒറ്റയ്ക്കിരിക്കുന്നതിലൂടെ വൈകാരിക ബുദ്ധി അഥവാ ഇമോഷണല് ഇന്റലിജന്സും സര്ഗാത്മകതയും വര്ധിക്കുന്നുവെന്നാണ് വെര്ജീനിയ തോമസ് പറയുന്ന മറ്റൊരു കാര്യം. ആരും ഒപ്പമില്ലാത്തപ്പോള് മാനസികമായ വലിയ ഇടം ലഭിക്കുകയും വികാരങ്ങള് വിശകലനം ചെയ്യാനും നൂതനമായ ആശയങ്ങള് രൂപവത്കരിക്കാനും കഴിയും. കോവിഡ് ലോക്ക്ഡൗണ് സമയത്ത് 2021-ല് ഫ്രാന്സിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി 1200 ഫ്രഞ്ച് പൗരന്മാരെ 55 ദിവസം കര്ശനമായി ഒറ്റയ്ക്ക് താമസിപ്പിച്ചു. ഓരോദിവസവും ഇവരില് സര്ഗാത്മകത ഉയര്ന്നിരുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. മുമ്പ് സര്ഗാത്മകത കുറഞ്ഞിരുന്നവരിലാണ് സവിശേഷമായി ഇത് ദൃശ്യമായതെന്നും പഠനത്തില് പറയുന്നു.
കാര്യങ്ങളിങ്ങനെയാണെങ്കിലും ഒറ്റയ്ക്കിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നവരും നമുക്കിടയിലുണ്ട്. ആരും ഒപ്പമില്ലാതാകുന്നതിലൂടെ മാനസിക സമ്മർദ്ദവും വിഷാദവുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നവർ. അക്കൂട്ടർ വിദഗ്ധാഭിപ്രായം തേടേണ്ടതും പ്രധാനമാണ്.
Content Highlights: Psychologist reveals major benefits of being alone
Published: 16 Apr 2025, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented