ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം കൈവരിച്ച് ചൈനീസ് വ്യവസായിയും ബൈറ്റ്ഡാൻസ് സ്ഥാപകനുമായ ഷാങ് യീമിങ്. ഇന്ത്യൻ ശതകോടീശ്വര വ്യവസായി മുകേഷ് അംബാനിയെ മറികടന്നാണ് യീമിങ് ഈ നേട്ടം കൈവരിച്ചത്.
ചൈനീസ് സംരംഭകനും പ്രശസ്ത ടെക് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ സ്ഥാപകനുമായ ഷാങ് യീമിങ് ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് പ്രകാരം 92.8 ബില്യൺ ഡോളറാണ് ഷാങ് യീമിങ്ങിന്റെ നിലവിലെ ആസ്തി. ഇതോടെ അദ്ദേഹം ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായും മാറി.
പട്ടികയിൽ ഷാങ് യീമിങ് മുന്നേറിയതോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (86.9 ബില്യൺ ഡോളർ ആസ്തി) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 117.4 ബില്യൺ ഡോളർ ആസ്തിയുള്ള ഗൗതം അദാനി തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി തുടരുന്നത്.
ആഗോളതലത്തിൽ ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന്റെ വൻവിജയത്തെ തുടർന്ന് ബൈറ്റ്ഡാൻസിന്റെ മൂല്യം ഉയർന്നതാണ് ഷാങ് യീമിങ്ങിന്റെ സമ്പത്ത് കുതിച്ചുയരാൻ പ്രധാന കാരണം. നിർമിതബുദ്ധി രംഗത്ത് നിക്ഷേപം വർധിച്ചതും കമ്പനിക്ക് നേട്ടമായി. കമ്പനിയുടെ എഐ ചാറ്റ്‌ബോട്ടായ 'ഡൗബാവോ' (Doubao) 30 കോടിയിലധികം പ്രതിമാസ ഉപയോക്താക്കളോടെ ചൈനയിലെ ഏറ്റവും ജനപ്രിയ എഐ ചാറ്റ്‌ബോട്ടായി മാറിയിരിക്കുകയാണ്. ഇത് കൂടാതെ നിർമിതബുദ്ധി രംഗത്ത് വലിയ നിക്ഷേപത്തിനാണ് ബൈറ്റ്ഡാൻസ് ഒരുങ്ങുന്നത്. യുഎസ് ടെക് കമ്പനികളോട് മത്സരിക്കുന്നതിനായി ഈ വർഷം 70 ബില്യൺ ഡോളർ വരെ എഐ മേഖലയിൽ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഷാങ് യീമിങ്ങിന്റെ സമ്പത്തിൽ അടുത്തിടെ 24 ബില്യൺ ഡോളറിലധികം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബ്ലാക്ക് റോക്ക്, ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെന്റ്സ് തുടങ്ങിയ നിക്ഷേപകരിൽ നിന്നുള്ള കണക്കുകൾ.
2025-ൽ ബൈറ്റ്ഡാൻസ് ഏകദേശം 50 ബില്യൺ ഡോളർ ലാഭമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ ബിസിനസ് ഘടനയിൽ മാറ്റങ്ങൾ വരുത്തിയതിലൂടെ ടിക് ടോക്ക് അവിടെ നിരോധിക്കപ്പെടുമെന്ന ആശങ്ക നീങ്ങിയതും കമ്പനിയുടെ മൂല്യം വർധിക്കുന്നതിൽ അനുകൂല ഘടകമായി.
ഷാങ് യീമിങ്
ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ ജനിച്ച ഷാങ് യീമിങ്, നങ്കായ് യൂണിവേഴ്‌സിറ്റിയിൽനിന്നാണ് സോഫ്റ്റ്‌വേർ എൻജിനീയറിങ് പഠിച്ചത്. മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികളിൽ ജോലി ചെയ്ത ശേഷം 2012-ൽ ബീജിങ്ങിലെ ഒരു ചെറിയ അപ്പാർട്ട്‌മെന്റിലാണ് അദ്ദേഹം ബൈറ്റ്ഡാൻസിന് തുടക്കം കുറിച്ചത്. വ്യക്തിപരമായ പഠനങ്ങളിലും കമ്പനിയുടെ ദീർഘകാല തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2021-ൽ അദ്ദേഹം ബൈറ്റ്ഡാൻസിന്റെ സിഇഒ, ചെയർമാൻ സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചിരുന്നു. എങ്കിലും കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായി അദ്ദേഹം തുടരുന്നു.
Published: 03 Jun 2026, 04:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented