'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് അസിന്‍. സൂര്യയുടെ നായികയായെത്തിയ തമിഴ് ചിത്രം ഗജിനിയാണ് അവരെ പ്രശ്‌സതിയിലേക്കുയര്‍ത്തിയത്. ഗജിനിയിലെ കല്‍പന എന്ന കഥാപാത്രത്തെ ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്ന നിരവധി ആരാധകരുണ്ട്. പിന്നീട് ഈ ചിത്രം ബോളിവുഡിലെത്തിയപ്പോഴും നായികയായത് അസിനായിരുന്നു. ശേഷം ഹൗസ്ഫുള്‍ 2, ഖിലാഡി 786, ഓള്‍ ഈസ് വെല്‍ എന്നിങ്ങനെ കുറച്ച് ഹിന്ദി ചിത്രങ്ങളില്‍ കൂടി അസിന്‍ നായികയായി.

To advertise here,

2016 ജനുവരിയില്‍ മൈക്രോമാക്‌സിന്റെ സഹസ്ഥാപകനുമായി അസിന്റെ വിവാഹം കഴിഞ്ഞു. അതിനുശേഷം സിനിമയില്‍ നടി മുഖം കാണിച്ചിട്ടേയില്ല. ഭര്‍ത്താവിനും ഏഴ് വയസുകാരിയായ മകള്‍ അരിനുമൊപ്പം ഡല്‍ഹിയിലാണ് ഇപ്പോള്‍ അസിന്റെ താമസം.

ഇപ്പോഴിതാ അസിനുമായി പ്രണയത്തിലായതിനെ കുറിച്ച് ഒരു പോഡ്കാസ്റ്റ് ഷോയില്‍ മനസ് തുറന്നിരിക്കുകയാണ് രാഹുല്‍ ശര്‍മ. നടന്‍ അക്ഷയ് കുമാറുമായുള്ള രാഹുലിന്റെ സൗഹൃദമാണ് അസിനെ പരിചയപ്പെടുന്നതിലേക്കെത്തിച്ചത്. 2012-ല്‍ ഹൗസ്ഫുള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ധാക്കയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് അസിന്‍ ആദ്യമായി രാഹുലിനെ കണ്ടുമുട്ടുന്നത്. ഇന്ത്യയുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും കാണുക എന്നതും ആ യാത്രയുടെ ലക്ഷ്യമായിരുന്നു. 

ഒരു സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. ആ യാത്രയ്ക്കിടയില്‍ രാഹുലിനെ അക്ഷയ് കുമാര്‍ അസിന് പരിചയപ്പെടുത്തുകയായിരുന്നു. തന്റെ അടുത്ത സുഹൃത്താണെന്നാണ് അക്ഷയ് രാഹുലിനെക്കുറിച്ച് പറഞ്ഞത്. കുറച്ചുനേരത്തെ സംസാരത്തിനുശേഷം അസിനും രാഹുലും സീറ്റിലേക്ക് മടങ്ങി. അതിനിടയില്‍ അക്ഷയ് കുമാര്‍ ഒരു കാര്യം പറയുകയും ചെയ്തു, ''നിങ്ങള്‍ രണ്ടുപേരും നല്ല മാച്ചാണ്''. അക്ഷയ് കുമാറിന്റെ തമാശയായി അസിന്‍ അതിനെ തള്ളിക്കളഞ്ഞു. എങ്കിലും രാഹുലിന്റെ വിനയവും ലാളിത്യവും അസിനെ ആകര്‍ഷിച്ചിരുന്നു. 

 മൈക്രോമാക്‌സ് ആയിരുന്നു ഏഷ്യ കപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍. മൈക്രോമാക്‌സിന്റെ ഉടമസ്ഥരിലൊരാളും താന്‍ സഞ്ചരിക്കുന്ന സ്വകാര്യ ജെറ്റിന്റെ ഉടമസ്ഥനുമാണ് രാഹുല്‍ എന്ന് അപ്പോഴും അസിന് അറിയില്ലായിരുന്നു. പിന്നീടാണ് ഇതെല്ലാം മനസിലാക്കുന്നത്. ആ യാത്രയില്‍ ഫോണ്‍നമ്പര്‍ കൈമാറി.

ഇരുവരും പെട്ടെന്ന് അടുപ്പത്തിലായെങ്കിലും പരസ്പരം മനസിലാക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് അസിന്‍ പറഞ്ഞു. പിന്നീട് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയെങ്കിലും 2015 വരെ അതാരും അറിയാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. പിന്നീട് 'ഓള്‍ ഈസ് വെല്‍' എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള അഭിമുഖങ്ങളിലാണ് രാഹുലുമായുള്ള വിവാഹത്തെക്കുറിച്ച് അസിന്‍ തുറന്നുപറഞ്ഞത്. 

തന്റെ പ്രണയം ഏകദേശം ഗജിനിയുടെ കഥ പോലെ തന്നെയാണെന്ന് അന്ന് അസിന്‍ പറഞ്ഞിരുന്നു. വിവാഹശേഷം അഭിനയിക്കില്ലെന്നും സ്വസ്ഥമായും സാമാധാനത്തോടേയും കുടുംബജീവിതം നയിക്കണമെന്നും അസിന്‍ ആ അഭിമുഖത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു.  

ഒരു ട്രഷര്‍ ഹണ്ടിലൂടെയാണ് രാഹുല്‍ അസിനെ പ്രൊപോസ് ചെയ്തത്. ഡല്‍ഹിയിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ വെച്ചായിരുന്നു അത്. ട്രഷര്‍ ഹണ്ടിന് ഒടുവില്‍ വിവാഹാഭ്യര്‍ത്ഥനയുമായി മുട്ടുകുത്തി നില്‍ക്കുന്ന രാഹുലിനെയാണ് അസിന്‍ കണ്ടത്. മലയാളത്തിലാണ് രാഹുല്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എത്രയോ ദിവസങ്ങള്‍ക്കുമുമ്പേ അതിനായി മലയാളം പഠിക്കുകയായിരുന്നു രാഹുല്‍. എആര്‍ എന്ന് ആലേഖനം ചെയ്ത ആറ് കോടിയുടെ ഒരു മോതിരവും അന്ന് രാഹുല്‍ അണിയിച്ചു.  

2016 ജനുവരി 19നാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. ഒരു വര്‍ഷത്തിനുശേഷം കുഞ്ഞ് ജനിച്ചു.