അഭിനയിച്ച സിനിമകളുടെ എണ്ണത്തിലല്ല, കഥാപാത്രങ്ങളുടെ പേരിലായിരിക്കും പ്രേക്ഷകർ ചില അഭിനേതാക്കളെ ഓർത്തിരിക്കുക. കഴിഞ്ഞ ദിവസം അന്തരിച്ച പ്രദീപ് റാവത്തിന്റെ അത്തരത്തിലൊരു കഥാപാത്രമാണ് ഗജിനിയിലെ വില്ലനായ ഗജിനി ധർമാത്മാ. ബോളിവുഡിൽ 100 കോടി ക്ലബ്ബിന് തുടക്കമിട്ട ഗജിനി സംഭവിക്കാൻ തന്നെ കാരണം പ്രദീപ് റാവത്തായിരുന്നു. ഇക്കാര്യം അദ്ദേഹം മുമ്പ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

To advertise here,

എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ഗജിനിയിൽ ആമിർ ഖാൻ ആയിരുന്നു നായക വേഷം കൈകാര്യം ചെയ്തത്. മുരുഗദോസിന് സൽമാൻ ഖാൻ നായകനാകണം എന്നായിരുന്നു ആഗ്രഹം. എന്നാൽ, സംവിധായകനുമായി ചേർന്നുപോവാൻ കഴിയുക ആമിറിനായിരിക്കും എന്ന് തിരിച്ചറിഞ്ഞ പ്രദീപ് മുരുഗദോസിന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടുകയായിരുന്നു. അക്കഥ പ്രദീപ് പറയുന്നതിങ്ങനെ.

'അന്ന് ഞാൻ തെലുങ്കിൽ സജീവമായിരുന്നു. എസ്.എസ്. രാജമൗലിയുടെ സഹായി ലഗാനിൽ എന്റെ വേഷം കണ്ട് അവരുടെ ചിത്രത്തിലേക്ക് എന്നെ നിർദേശിക്കുകയായിരുന്നു. രാജമൗലിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. ഒഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു. കോളേജ് വിദ്യാർഥിയുടെ വേഷം എനിക്കുവേണ്ടി ഒരു ഗുണ്ടയുടെ വേഷമാക്കി മാറ്റുകയായിരുന്നു', പ്രദീപ് പറഞ്ഞു.

'ഹൈദരാബാദിൽ ചിത്രീകരണത്തിനിടെ ഒരാൾ ഞാൻ മേക്കപ്പിടുന്നതിനിടെ വാതിലൂടെ ഒളിഞ്ഞുനോക്കുമായിരുന്നു. ഒന്നുരണ്ടു തവണ ഇത് ആവർത്തിച്ചപ്പോൾ ഞാൻ എന്റെ അസിസ്റ്റന്റിനോട് അതാരാണ് എന്ന് ചോദിച്ചു. മറുപടി നൽകിയത് മുരുഗദോസ് ആയിരുന്നു. 'സർ ഞാൻ എ.ആർ. മുരുഗദോസ് ആണ്, ഒരു സംവിധായകനാണ്', അദ്ദേഹം എന്നോട് പറഞ്ഞു', അദ്ദേഹത്തിന്റെ ഓർമകൾ.

അന്ന് മുരുഗദോസിന് ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കാൻ അറിയില്ലായിരുന്നു. സത്യം പറഞ്ഞാൽ ഒരു സംവിധായകന്റെ ലുക്ക് പോലുമില്ലായിരുന്നു, പ്രദീപ് പറയുന്നു. പ്രദീപ് നേരത്തെ സൽമാൻ ഖാനൊപ്പം അഭിനയിച്ചിരുന്നു. ഈ പരിചയം വഴി ഗജിനിയുടെ ഹിന്ദി പതിപ്പിൽ താരത്തെ എത്തിക്കാനായിരുന്നു നീക്കം.

'സൽമാൻ ഖാന് പെട്ടെന്ന് ദേഷ്യംവരും. മുരുഗദോസിനെ സൽമാന് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. 25 വർഷത്തോളമായി എനിക്ക് ആമിറിനെ അറിയാം. അദ്ദേഹം ആരോടും ഒച്ചവെച്ചു സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹം മോശം വാക്കുകൾ ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് ഞാൻ ആമിറിനെ സമീപിച്ചത്', പ്രദീപ് പറഞ്ഞു.

ഒരു തമിഴ് സിനിമ കാണിക്കുക എന്നതുമാത്രമായിരുന്നു ആമിറിനോട് പറഞ്ഞ തന്റെ ഉദ്ദേശ്യം. ഹിന്ദി പതിപ്പിൽ നായകനാക്കാൻ വേണ്ടിയാണെന്ന് പറഞ്ഞിരുന്നില്ല. 'ആമിർ ബുദ്ധിമാനാണ്', ചിരിച്ചുകൊണ്ട് പ്രദീപ് പറയുന്നു. അദ്ദേഹം ബോധപൂർവ്വം ഒരു മറുപടി പറയുന്നത് വൈകിച്ചു. എന്നാൽ, തന്നോട് നോ പറയാൻ പറ്റില്ല എന്നതുകൊണ്ടുമാത്രമാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും റാവുത്ത് കൂട്ടിച്ചേർത്തു.

ശേഷം നടന്നത് ചരിത്രം. 2008 ഡിസംബർ 25-ന് ചിത്രം തീയേറ്ററിലെത്തി. അത്തവണത്തെ ക്രിസ്മസ് റിലീസ്. അക്കൊല്ലം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഗജിനി മാറി.

കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രദീപ് റാവുത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. 74 വയസ്സായിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിലും പിന്നീട് ഭീവണ്ടിയിലെ കാൻസർ ആശുപത്രിയിലും ചികിത്സയിലായിരുന്നു.