ധുരന്ധർ ഒന്ന്, രണ്ട് ചിത്രങ്ങളിൽ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായുള്ള പ്രകടനത്തിലൂടെ പ്രേക്ഷകരുടെ 'വെറുപ്പ്' പിടിച്ചുപറ്റിയ ബോളിവുഡ് താരമാണ് അർജുൻ റാംപാൽ. ഓം ശാന്തി ഓം, ഡോൺ, റോക്ക് ഓൺ, നെയിൽ പോളിഷ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകമനസിൽ നേരത്തേ മുതൽ ഇടംപിടിച്ച താരമാണ് അർജുൻ റാംപാൽ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മോശം കാലഘട്ടത്തെ കുറിച്ച് ഓർമിക്കുകയാണ് അദ്ദേഹം.

To advertise here,

'ഇന്നുള്ളത് പോലെ മുമ്പ് ഞാൻ എന്നോട് 'കണക്ടഡ്' ആയിരുന്നില്ല. അക്കാലത്താണ് ഞാൻ കടുത്ത ഏകാന്തത അനുഭവിച്ചത്. എന്റെ ദാമ്പത്യജീവിതം വിജയകരമായില്ല. അത് വളരെ സങ്കടകരമായിരുന്നു. പ്രണയം സ്ഥിരമല്ലെന്നാണ് ഞാൻ കരുതുന്നത്. ജീവിതത്തിൽ ഒന്നും സ്ഥിരമല്ല. നമ്മൾ പോലും സ്ഥിരമല്ല, മാറിക്കൊണ്ടേയിരിക്കുന്നു. ചിലസമയങ്ങളിൽ ആ മാറ്റം സംഭവിക്കുമ്പോൾ വ്യക്തികൾ ഒരുപോലെയാകില്ല മുന്നോട്ട് പോകുന്നത്.' -അർജുൻ റാംപാൽ പറഞ്ഞു. യൂട്യൂബിലെ കാൻസൽഡ് ടു ക്രൗൺ എന്ന ഷോയിൽ സൊഹിനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമെന്ന് ഞാൻ കരുതുന്നു. കാരണം, അതേസമയത്താണ് എന്റെ അമ്മ കാൻസർ ബാധിതയാകുന്നത്. അവരെ എനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നവരെയൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിന് മൂന്ന് വർഷം മുമ്പാണ് അച്ഛനെ എനിക്ക് നഷ്ടമായത്. സുഹൃത്തുക്കളേയും നഷ്ടമായി. കഷ്ടപ്പെട്ട് നേടിയെടുത്ത എല്ലാം എനിക്ക് നഷ്ടമായ സമയമായിരുന്നു അത്.' -അദ്ദേഹം തുടർന്നു.

2018-ലാണ് അർജുൻ റാംപാലും മുൻഭാര്യ മെഹർ ജെസിയയും വേർപിരിഞ്ഞത്. പിന്നീട് അതേവർഷം അർജുൻ മോഡലും ഡിസൈനറുമായ ഗബ്രിയേല ഡെമെട്രിയാഡെസിനെ പരിചയപ്പെടുകയും ഇരുവരും ഡേറ്റിങ് ആരംഭിക്കുകയും ചെയ്തു. ഗബ്രിയേല തന്നെ ചേർത്തുപിടിച്ചുകൊണ്ട് തനിക്കൊപ്പം ഉറച്ചുനിന്നുവെന്നും അർജുൻ റാംപാൽ പറയുന്നു. ഗബ്രിയേലയെ പോലൊരാളെ ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.