18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ 18-ാം നമ്പര്‍ ജഴ്‌സിയില്‍ വിരാട് കോലി കിരീടം വാനിലേക്കുയര്‍ത്തിയിരിക്കുന്നു. ഇതിനൊപ്പം കോലിയുടെ അത്രതന്നെ സന്തോഷത്തില്‍ ഗാലറിയിലിരുന്ന് അനുഷ്‌ക ശര്‍മയും ആ വിജയം ആഘോഷിച്ചു. പിന്നീട്, കോലിയോടൊപ്പം ​ഗ്രൗണ്ടിലെത്തി ആഘോഷിക്കുന്ന അനുഷ്കയുടെ ചിത്രങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ, ഇതേസമയം ആരാധകരിൽ ചിലരുടെ എങ്കിലും കണ്ണുടക്കിയത് അനുഷ്കയുടെ വാച്ചിലാണ്. 

To advertise here,

യൂറോപ്പ്യൻ ബ്രാൻഡായ സാൻഡ്രോ പാരിസിന്റെ ബ്ലൂ ഡെനിമും അലക്സാണ്ടർ വാങ് എന്ന ബ്രാൻഡിന്റെ കോട്ടൺ ബട്ടൺ-ഡൗൺ വെള്ള ഷർട്ടും ധരിച്ചായിരുന്നു അനുഷ്ക അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയത്. 25,700 രൂപയാണ് ഡെനിമിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ. ഷർട്ടിനാകട്ടെ 48,432 രൂപയും. 

എന്നാൽ, ഇതിനെല്ലാം പുറമെ ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയതും ഇപ്പോൾ ചർച്ചയായിരിക്കുന്നതും അനുഷ്ക ധരിച്ച വാച്ച് ആണ്. ആഢംബര വാച്ച് ബ്രാൻഡായ റോളക്സിന്റെ ഡേ-ഡേറ്റ് 40 വാച്ച് ധരിച്ചാണ് അനുഷ്ക സ്റ്റേഡിയത്തിലെത്തിയത്. റോളക്സ് സൈറ്റ് പ്രകാരം 56,47,000 രൂപ ആണ് വാച്ചിന്റെ വില. 

40 മില്ലിമീറ്റർ ചുറ്റളവുള്ള നീല ഓംബ്രെ നിറത്തിലുള്ള ഡയൽ ആണ് വാച്ചിനുള്ളത്. ഉയർന്ന നിലവാരമുള്ള പ്ലാറ്റിനത്തിൽ നിർമിച്ച ആഡംബര വാച്ചിൻ്റെ സ്ട്രാപ്പ് സ്റ്റേഡിയത്തിൻ‌റെ വെളിച്ചത്തിൽ തിളങ്ങിയതും വാച്ച് ശ്രദ്ധേയമാകുന്നതിന് കാരണമായി. റോളക്സ് വെബ്സൈറ്റ് പ്രകാരം ഒരാൾ ഡയമണ്ട് പതിച്ച ബെസൽ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വാച്ചിന്റെ വില 99,79,000 രൂപ വരെ ഉയരും.