അനിരുദ്ധും കാവ്യയും മികച്ച ജോഡിയാണെന്നും വൈ.ജി. മഹേന്ദ്രൻ പറഞ്ഞു

സൂപ്പർഹിറ്റ് സംഗീതസംവിധായകനായ അനിരുദ്ധ് രവിചന്ദറും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമയുമായ കാവ്യാ മാരനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം കുറേക്കാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരിടയ്ക്ക് ഇരുവരും വിവാഹിതരാകുന്നുവെന്ന പ്രചാരണം പോലുമുണ്ടായി. അന്ന് അനിരുദ്ധ് ഇക്കാര്യം പരസ്യമായി നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ അനിരുദ്ധും കാവ്യയും വിവാഹിതരാകാൻ പോകുന്നുവെന്ന് ഉറപ്പിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ അമ്മാവനും നടനുമായ വൈ.ജി. മഹേന്ദ്രൻ.
കെപിടിവി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഹേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. അനിരുദ്ധ് ശാന്തനായ വ്യക്തിയാണെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ വിവാഹിതനാകാൻ പോകുന്ന അനിരുദ്ധിന് ആശംസകൾ നേരുന്നുവെന്നും വൈ.ജി. മഹേന്ദ്രൻ പറഞ്ഞു. എന്നാൽ കാവ്യാ മാരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല. അതേസമയം അനിരുദ്ധിന്റെ വധു കാവ്യാ മാരനാണെന്ന സൂചന അദ്ദേഹം നൽകി.
Also Read: അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നു? വിവാഹം സ്‌പെയിനിലും റിസപ്ഷൻ ചെന്നൈയിലെന്നും റിപ്പോർട്ട്
'ഈ നിമിഷം ഞാൻ അനിരുദ്ധിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. അവൻ വലിയൊരു വിവാഹത്തിലേക്ക് കടക്കുകയാണ്. എന്റെ അറിവുവെച്ച് അത് ഉറപ്പുള്ള കാര്യമാണ്. അവർ ഇരുവരും വിവാഹിതരാകാൻ പോകുകയാണ്.' -വൈ.ജി. മഹേന്ദ്രൻ പറഞ്ഞു.
'ആ പെൺകുട്ടി വെറുമൊരു സാധാരണക്കാരിയല്ല. ഇത്ര വലിയൊരു ടീമിനെ (സൺ റൈസേഴ്‌സ് ഹൈദരാബാദ്) കൈകാര്യം ചെയ്യാനുള്ള ശേഷി അവൾക്കുണ്ട്. അവളുടെ പിതാവിന്റെ ബിസിനസ് ജീനുകൾ ലഭിച്ചിട്ടുണ്ട്. അവർ രണ്ടുപേരും മികച്ച ജോഡിയാണ്. അവർ ഇരുവരും ഒന്നിച്ചുചേർന്ന് മ്യൂസിക്കൽ ബിസിനസ് നടത്തണം.' -മഹേന്ദ്രൻ തുടർന്നു. അതേസമയം കാവ്യാ മാരനോ അനിരുദ്ധോ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ രണ്ട് വർഷം മുമ്പ് തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാർത്തകൾ വന്നത്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 34-കാരിയായ കാവ്യ. 2018-ലാണ് അവർ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേൽക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങൾക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു.
നേരത്തേ അനിരുദ്ധ്-കാവ്യാ വിവാഹക്കാര്യത്തിൽ കുടുംബങ്ങൾ തമ്മിൽ ധാരണയായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിവാഹം സ്‌പെയിനിൽ വെച്ച് നടത്താനും ഇതിന് ശേഷം റിസപ്ഷൻ ചെന്നൈയിൽ നടത്താനും കുടുംബങ്ങൾ തീരുമാനിച്ചുവെന്നാണ് അന്ന് വന്ന റിപ്പോർട്ട്.
Content Highlights: Actor Y.G. Mahendran confirmed that his nephew, music composer Anirudh Ravichander, is marrying Kavya Maran. While he didn't name her directly, he strongly hinted at the Sunrisers Hyderabad owner, praising her business acumen.
Published: 29 Jun 2026, 05:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented