ക്ഷിണേന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. തൊട്ടതെല്ലാം ഹിറ്റാക്കിയ അനിരുദ്ധ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് പാട്ടുകളുടെ പേരിലല്ല, മറിച്ച് പ്രണയത്തിന്റെ പേരിലാണ്. ഐപിഎല്‍ ടീമായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയും സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റെ മകളുമായ കാവ്യാ മാരനുമായി അനിരുദ്ധ് പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഈ അഭ്യൂഹങ്ങളില്‍ ഇപ്പോള്‍ വ്യക്തതവരുത്തിയിരിക്കുകയാണ് അനിരുദ്ധ് ഇപ്പോള്‍. 

To advertise here,

സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് വിവാഹ അഭ്യൂഹങ്ങള്‍ സംബന്ധിച്ച് അനിരുദ്ധ് പ്രതികരിച്ചത്. 'കല്യാണമോ? lol. ശാന്തരാകൂ സുഹൃത്തുക്കളേ... ദയവായി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ' എന്നാണ് അനിരുദ്ധ് എക്‌സില്‍ കുറിച്ചത്. 

അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷംതന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാര്‍ത്തകള്‍ വന്നത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ചുമതലയേല്‍ക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു.

ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനുവേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. അജിത് നായകനായ വിടാമുയര്‍ച്ചിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.