ആലപ്പുഴയുടെ മുന്‍ ലോക്‌സഭാംഗവും അരൂരില്‍ നിന്നുള്ള നിയമസഭാംഗവുമായിരുന്നു സിപിഎം നേതാവായ എ.എം. ആരിഫ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥികളില്‍ മൂന്നാമനായിരുന്നു ആരിഫ്. 2006-ല്‍ അന്ന് കൃഷിമന്ത്രിയായിരുന്ന സാക്ഷാല്‍ കെ.ആര്‍. ഗൗരിയമ്മയെ പരാജയപ്പെടുത്തിയ ചരിത്രവും ആരിഫിനുണ്ട്. 

To advertise here,

പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ആരിഫ് പക്ഷേ തന്റെ കുടുംബവിശേഷങ്ങള്‍ അധികം പങ്കുവെക്കാറില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ മകള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ ജന്മദിനാശംസകള്‍ നേരുകയാണ് ആലപ്പുഴയുടെ മുന്‍ എംപി. വ്യാഴാഴ്ചയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ റിസ്വാന ആരിഫയുടെ പിറന്നാള്‍. റിച്ചുമോള്‍ എന്ന ചെല്ലപ്പേര് വിളിച്ചുകൊണ്ടാണ് ആരിഫ് മകള്‍ക്ക് പിറന്നാളാശംസ നേര്‍ന്നത്. 

'ഇന്നലെ എന്റെ റിച്ചു മോളുടെ പിറന്നാള്‍ ആയിരുന്നു. തലേ ദിവസം കോളേജിലേയ്ക്ക് തിരിച്ചു പോയതിനാല്‍ അവിടെയാണ് ആഘോഷമെല്ലാം സംഘടിപ്പിച്ചത്. ഡോക്ടര്‍ റിസ്വാന ആരിഫിന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..' -ഇതായിരുന്നു എ.എം. ആരിഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മകള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. 

പോസ്റ്റിന് താഴെ എ.എ. റഹീം എംപി ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് റിസ്വാനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കമന്റിട്ടത്.