മുംബൈ: സെലിബ്രിറ്റികളുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നത് ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ഇത് സിനിമാലോകത്ത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ടിന്റേയും ചിത്രം ഇത്തരത്തിൽ ദുരുപയോഗം ചെയ്തിരിക്കുകയാണ്.

To advertise here,

പാകിസ്താനിലെ ഒരു പ്രമുഖ വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചു എന്ന രീതിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 'വജയേഷ' എന്ന ബ്രാൻഡാണ് ഇൻസ്റ്റഗ്രാമിൽ ആലിയയുടെ ചിത്രങ്ങൾ ഉപയോഗിച്ചത്. തങ്ങളുടെ പുതിയ സിൽക്ക് സ്യൂട്ടുകൾ ധരിച്ച് നിൽകുന്ന ആലിയയുടെ ചിത്രമാണ് അവർ പങ്കുവെച്ചത്. 'ആലിയ ഭട്ടിനുപോലും ഞങ്ങളുടെ പ്യുവർ ശീഷ സിൽക്ക് കളക്ഷൻ ഇഷ്ടപ്പെട്ടു' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ആലിയയുടെ പഴയ ചിത്രങ്ങൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് സിൽക്ക് സ്യൂട്ട് ധരിച്ച് നിൽക്കുന്ന തരത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നടിയുടെ ആരാധകർ രംഗത്തെത്തി. ഈ ബ്രാൻഡിനെതിരെ കേസ് കൊടുക്കണമെന്നും വില കുറഞ്ഞ മാർക്കറ്റിങ് തന്ത്രമാണെന്നും ചിലർ കുറിച്ചു. എന്നാൽ ഇതിനെയെല്ലാം പരിഹസിക്കുന്ന തരത്തിലായിരുന്നു ഈ ബ്രാൻഡിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം. ഇതൊന്ന് വൈറലാക്കിയാലല്ലേ ആലിയ അറിയൂ എന്നും നിയമനടപടിയെ ഭയക്കുന്നില്ലെന്നും അവർ പ്രതികരിച്ചു.

നേരത്തെ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, മോഹൻലാൽ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ 'പേഴ്‌സണാലിറ്റി റൈറ്റ്‌സ്' സംരക്ഷിക്കാൻ കോടതിയെ സമീപിച്ചിരുന്നു. ഒരാളുടെ ശബ്ദം, ചിത്രം, പേര് എന്നിവ അവരുടെ അനുവാദമില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്.