'നല്ലത് വരട്ടെ' എന്ന് പറഞ്ഞ് ഒരാള്‍ നമ്മുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചാല്‍ അത് നമുക്ക് നല്‍കുന്ന സന്തോഷവും ആശ്വാസവും ചെറുതല്ല. ഏതൊരു പ്രതിസന്ധിയേയും മറികടക്കാനുള്ള ഊര്‍ജ്ജം ചിലപ്പോള്‍ നമുക്ക് അതില്‍ നിന്ന് ലഭിക്കും. അത്തരത്തില്‍ ഒരു ചിത്രമാണ് ആലപ്പുഴ ജില്ലാ കളക്ടറായ കൃഷ്ണ തേജ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

To advertise here,

ഓഫീസില്‍ എത്തിയ ഒരു സ്ത്രീ തന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അവര്‍ക്ക് മുന്നില്‍ ബഹുമാനത്തോടെ തല കുനിച്ചിരിക്കുന്ന കളക്ടറേയും ചിത്രത്തില്‍ കാണാം. 'ഇനി എന്തുവേണം' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. IAmForAlleppey  എന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. 

നിരവധി പേര്‍ ഈ ചിത്രം റീട്വീറ്റ് ചെയ്തു. കളക്ടറുടെ വിനയത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്റും ചെയ്തു. 'അത്യപൂര്‍വമായ കാഴ്ച' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടുക എന്നത് വലിയ കാര്യമാണ്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും കമന്റുകളുണ്ട്.