ബോളിവുഡിൽ ഫിറ്റ്നസിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ. അച്ചടക്കമുള്ള ജീവിതശൈലി എപ്പോഴും പിന്തുടരുന്ന താരമാണ് അദ്ദേഹം. കൃത്യമായ ആഹാരം, ഉറക്കം, വ്യായാമം എന്നിവയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അക്ഷയ് പലപ്പോഴായി തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എല്ലാ തിങ്കളാഴ്ചയുമുള്ള ഉപവാസവും നേരത്തെ അത്താഴം കഴിക്കുന്ന ശീലവുമാണ് ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുന്നതെന്ന് പങ്കുവെച്ചിരിക്കുകയാണ് അക്ഷയ്.
അടുത്തിടെ മുംബൈയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് തന്നെ സജീവവും ഊർജ്ജസ്വലനുമായി നിലനിർത്തുന്ന ജീവിതചര്യകൾ അക്ഷയ് കുമാർ വെളിപ്പെടുത്തിയത്. ആഴ്ചയിലൊരിക്കൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഉപവാസമാണ് താൻ പിന്തുടരുന്നതെന്ന് അക്ഷയ് പറഞ്ഞു. "ഞാൻ തിങ്കളാഴ്ചകളിൽ ഉപവസിക്കുന്നു. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപവാസം. ഞായറാഴ്ചയാണ് അവസാനമായി ഭക്ഷണം കഴിക്കുന്നത്, അതിനുശേഷം തിങ്കളാഴ്ച ദിവസം മുഴുവനും ഉപവസിച്ച് ചൊവ്വാഴ്ച രാവിലെയാണ് അടുത്ത ഭക്ഷണം കഴിക്കുന്നത്,"- അക്ഷയ് പറയുന്നു.
ലളിതവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ഉപവാസം എന്ന ശീലം പിന്തുടരുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിന് അക്ഷയ് നൽകുന്ന പ്രാധാന്യമാണ് ചർച്ചയാകുന്നത്. അമിതമായ ഭക്ഷണം കഴിക്കാതെ ദഹനപ്രക്രിയയ്ക്ക് വിശ്രമം നൽകുന്ന രീതിയാണ് അക്ഷയ് പ്രോത്സാഹിപ്പിക്കുന്നത്.
ഉപവാസത്തിന് പുറമെ, ദിവസത്തെ അവസാന ആഹാരം ആറരയ്ക്ക് മുന്നേ കഴിക്കുന്നതിന്റെ രഹസ്യവും അക്ഷയ് പങ്കുവെച്ചു. "വൈകി ഭക്ഷണം കഴിച്ചാൽ ഉറങ്ങുന്ന സമയം ദഹന പ്രക്രിയയ്ക്ക് വിശ്രമം ഉണ്ടാകില്ല. അതിനാൽ, വൈകുന്നേരം 6.30-ന് മുമ്പ് ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്, കാരണം നിങ്ങളുടെ ഭക്ഷണം ദഹിക്കാൻ സമയം ലഭിക്കുന്നു. മറിച്ചായാൽ, രാവിലെ പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും വയർ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കും. അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. എല്ലാ രോഗങ്ങളും വരുന്നത് വയറ്റിൽ നിന്നാണ്".-അക്ഷയ് പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ കൃത്യമായ ഇടവേളകൾ വേണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. ഈ ഇടവേളകളുടെ ദൈർഘ്യം കൂട്ടുന്നത് ദഹന പ്രക്രിയ മെച്ചപ്പെടുത്തുമെന്നും പഠനങ്ങളുണ്ട്. ഉപവാസത്തിന്റെ ലളിതമായ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം;
ദഹന വ്യവസ്ഥയ്ക്ക് വിശ്രമം ലഭിക്കുന്നു
ആമാശയം ഭക്ഷണത്തെ സംസ്കരിക്കാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസത്തെ ഉപവാസം ദഹനവ്യവസ്ഥയ്ക്ക് പുനഃക്രമീകരിക്കാൻ കുറച്ച് സമയം നൽകുന്നു. അടുത്ത ദിവസം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതിനായി കുടലിന് വിശ്രമം നൽകുന്നത് പോലെയാണിത്.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു
ഭക്ഷണം കഴിക്കാത്തപ്പോൾ, ശരീരത്തിന് മാലിന്യങ്ങളും വിഷവസ്തുക്കളും പുറന്തള്ളുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം ലഭിക്കുന്നു. ഇത് ശരീരഭാരം കുറഞ്ഞതായും ഉന്മേഷമുള്ളതായും തോന്നിപ്പിക്കും. ഉപവാസത്തിനു ശേഷം ചർമ്മത്തിന്റെ ആരോഗ്യത്തിലും ഊർജ്ജനിലയിലും പുരോഗതി കാണാറുണ്ട്.
ആത്മനിയന്ത്രണം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തോടുള്ള ആഗ്രഹം മനുഷ്യസഹജമാണ്. 24 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുന്നത് ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാൻ സഹായിക്കും. വിശപ്പ് എങ്ങനെ കൈകാര്യം ചെയ്യാമെന്നും വിരസത കാരണം ഭക്ഷണം കഴിക്കുന്നത് നിർത്താമെന്നും പഠിക്കുന്നു. ലഘുഭക്ഷണമില്ലാതെയും അതിജീവിക്കാൻ കഴിയുമെന്ന നല്ലൊരു ഓർമ്മപ്പെടുത്തലാണിത്.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
ആഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്നത് ഒറ്റരാത്രികൊണ്ട് 10 കിലോ കുറയ്ക്കാൻ സഹായിക്കില്ല, പക്ഷേ ഇത് നിങ്ങളുടെ കലോറിയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു. കാലക്രമേണ, ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും കൂടിച്ചേർന്നാൽ, ശരീരഭാരം നിയന്ത്രിക്കാനും ഉപവാസം സഹായിക്കും.
ശ്രദ്ധയും വ്യക്തതയും വർദ്ധിപ്പിക്കുന്നു
ദഹനപ്രക്രിയ സുഗമമാകുമ്പോൾ ഉപവാസത്തിന് ശേഷമുള്ള ഘട്ടത്തിൽ ഊർജ്ജം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നു. ഇത് ചിന്താശക്തിയും ഉറക്കവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Content Highlights: akshay kumar says intermittent fasting and early dinner helps him to stay fit
Published: 21 Aug 2025, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented