സംഗീത സംവിധായകനും ഗായകനുമായ ജോബ് കുര്യനുമായുള്ള കൂടിക്കാഴ്ച്ചയുടെ സന്തോഷം പങ്കുവെച്ച് അഖില ഭാര്‍ഗവന്‍. പ്രതീക്ഷകളില്ലാതിരുന്ന സമയത്ത് ജോബ് കുര്യന്റെ പാട്ടുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കാറുണ്ടായിരുന്നെന്നും ഈ കൂടിക്കാഴ്ച്ച പണ്ടുമുതലേയുള്ള സ്വപ്‌നമായിരുന്നുവെന്നും അഖില ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജോബിനൊപ്പമുള്ള ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

'പ്രതീക്ഷകളില്ലാത്ത കാലത്ത് അദ്ദേഹത്തിന്റെ പാട്ടുകള്‍ ആവര്‍ത്തിച്ച് കേട്ടിട്ടുണ്ട്. എന്റെ സിനിമകളിലൂടെ എന്നെ അറിയാമെന്ന് പറഞ്ഞപ്പോള്‍ എന്റെ ഹൃദയം അലിഞ്ഞുപോയി. ഒരുപാട് കാലത്തിനുശേഷം ഏറ്റവും സന്തോഷം തോന്നിയ നിമിഷം. നിങ്ങളെ കാണുക എന്നത് പണ്ടുമുതലേയുള്ള സ്വപ്‌നമായിരുന്നു.'-അഖില കുറിച്ചു. 

ഇതിന് താഴെ ജോബ് കുര്യന്‍ ലൗ ഇമോജി കമന്റ് ചെയ്ത് സ്‌നേഹം അറിയിക്കുകയും ചെയ്തു. ഒട്ടേറെപ്പേരാണ് അഖിലയുടെ ഈ പോസ്റ്റ് ലൈക്ക് ചെയ്തത്. നേരത്തെ എഴുത്തുകാരന്‍ ബെന്യാമിന്‍ അഖിലയെ കണ്ടതിനെ കുറിച്ച് പങ്കുവെച്ച പോസ്റ്റും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഖില തന്നെ കണ്ടതിന്റെ സന്തോഷം ഡയറിയില്‍ എഴുതിയിരുന്നെന്നും ഒരു പതിറ്റാണ്ടിനപ്പുറം അതേ പെണ്‍കുട്ടി ആ ഡയറിക്കുറിപ്പുകളുമായി തന്നെ കാണാന്‍ വീണ്ടും വന്നുവെന്നുമാണ് ബെന്യാമിന്‍ കുറിച്ചത്. താരജാഡകളില്ലാത്ത ഒരു പാവം കുട്ടിയാണ് അഖിലയെന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു.

അനുരാഗ് എഞ്ചിനീയറിങ് വര്‍ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തെത്തിയ നടിയാണ് അഖില. ആന്റണി പെപ്പെ നായകനായ പൂവനിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് പ്രേമലുവിലും സൂക്ഷ്മദര്‍ശിനിയിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.