'എം80 മൂസ' എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് മൂസക്കായിയും പാത്തുവും. വിനോദ് കോവൂരും സുരഭി ലക്ഷ്മിയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ മകളായ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജുവിനെ കുറിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വിനോദ് കോവൂർ പങ്കുവെച്ചു. വർഷങ്ങൾക്കുശേഷം അഞ്ജുവിനെ കണ്ടുമുട്ടിയെന്നും അവൾ ഇപ്പോൾ എയർഹോസ്റ്റസ് ആയെന്നും വിനോദ് കോവൂർ പറയുന്നു.

To advertise here,

അഞ്ജുവുമായുള്ള അഭിമുഖത്തിന്റെ വീഡിയോയും വിനോദ് കോവൂർ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചിയിലേക്ക് താമസം മാറിയതിനുശേഷം ആദ്യമായാണ് അഞ്ജു തന്നെ കാണാൻ വരുന്നതെന്നും യുദ്ധമായതിനാൽ ചില വിമാനങ്ങൾ റദ്ദാക്കിയതിനാൽ ലഭിച്ച അവധിക്കാണ് അഞ്ജു നാട്ടിൽ വന്നതെന്നും വിനോദ് കോവൂർ പറുന്നു. കാലം പലതും മാറ്റിമറിച്ചു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഞ്ജുവെന്നും അവൾ എയർ ഹോസ്റ്റസ് ആയപ്പോൾ തനിക്ക് അഭിമാനം തോന്നിയെന്നും വിനോദ് കോവൂർ അഭിമുഖത്തിൽ പറയുന്നു.

'അഞ്ജു ഫ്‌ളൈറ്റിൽ ആയിരിക്കെ അച്ഛനേയും അമ്മയേയും ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. ആ വീഡിയോ ഫ്‌ളൈറ്റിൽ വെച്ച് ഒരാൾ ഷൂട്ട് ചെയ്ത് എനിക്ക് അയച്ചു തന്നു. അത് കണ്ടപ്പോൾ അഭിമാനം തോന്നി. അവൾ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഇനി എന്നെങ്കിലും വിനോദേട്ടനും സുരഭി ചേച്ചിയും അവൾ ജോലി ചെയ്യുന്ന ഫ്‌ളൈറ്റിൽ കയറണമെന്ന്. ഏതെങ്കിലും ദിവസം അത് സംഭവിക്കുമായിരിക്കും. അതിനാണ് ഇനി അവളുടെ കാത്തിരിപ്പ്. എന്തായാലും ഇന്ന് അവൾ എന്നെ കാണാൻ വന്നപ്പോൾ ഒരുപാട് സന്തോഷമായി.'-വിനോദ് കോവൂർ പറയുന്നു.

എയർ ഹോസ്റ്റസ് ആകണമെന്ന ആഗ്രഹം അഞ്ചാം ക്ലാസ് മുതൽ മനസിലുണ്ടായിരുന്നെന്ന് അഞ്ജു പറയുന്നു. 'എല്ലാവർക്കും കുറേ സംശയങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ വിനോദേട്ടന് അപ്പോഴും വിശ്വാസമുണ്ടായിരുന്നു. സത്യത്തിൽ എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. അവിടെ ചെല്ലുമ്പോൾ ഭയങ്കര ഗ്ലാമർ ഉള്ള ഇംഗ്ലീഷും ഹിന്ദിയുമെല്ലാം പറയുന്ന കുട്ടികൾ. അവർക്കിടയിൽ ഞാൻ ഒന്നും അറിയാത്ത ആളായിരുന്നു. പിന്നെ സ്വപ്‌നം പിന്തുടർന്ന് ഇവിടെ വരേ എത്തി.'- അഞ്ജു പറയുന്നു.