മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി റേച്ചല്‍ ഗുപ്ത ചരിത്രമെഴുതിയിരുന്നു. 68 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് റേച്ചല്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ത്യയിലെത്തിച്ചത്. ഒരു ഇന്ത്യന്‍ സുന്ദരി ആദ്യമായാണ് ഈ കിരീടം നേടുന്നതും.

To advertise here,

എന്നാല്‍ ഇതിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയതിനെ തുടര്‍ന്ന് വേദിയില്‍വെച്ച് കരഞ്ഞ മ്യാന്‍മറിന്റെ തേ സൂ നൈന്‍ വിധിനിര്‍ണയത്തിനെതിരെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി.

വിധി നിര്‍ണയത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും ആ കിരീടം നേടാന്‍ കൂടുതല്‍ അര്‍ഹത തനിക്കാണുള്ളതെന്നും സൂ നൈന്‍ പറയുന്നു. 'ഞാന്‍ ആരുടേയും നിയന്ത്രണത്തിലല്ല. ഇത് ഞാന്‍ സ്വയമെടുത്ത തീരുമാനമാണ്. എന്റെ സെക്കന്റ് റണ്ണര്‍ അപ് കിരീടം ഞാന്‍ തിരിച്ചുകൊടുക്കുകയാണ്. മത്സരത്തില്‍ പങ്കെടുത്ത ആരേയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. ഇന്ത്യയെന്ന രാജ്യത്തോട് എനിക്ക് സ്‌നേഹം മാത്രമാണുള്ളത്. ഫിലിപ്പൈന്‍സിനോടും എനിക്ക് ശത്രുതയൊന്നുമില്ല. ഒന്നാം സ്ഥാനം നേടാനാണ് ഞാന്‍ വന്നത്. ഇതിലും മികച്ച വിജയം ഞാന്‍ അര്‍ഹിക്കുന്നു.'-ഫെയ്‌സ്ബുക്ക് ലൈവില്‍ തേ സൂ നൈന്‍ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ തേ സൂ നൈനിനെതിരെ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നവാത് ഇറ്റ്‌സരഗ്രിസില്‍ രംഗത്തെത്തി. തേ സൂ നൈന്‍ ഏതോ മായികലോകത്താണുള്ളതെന്നും സെക്കന്റ് റണ്ണര്‍ അപ് കിരീടം തിരിച്ചുതരാനുള്ള മിസ് മ്യാന്‍മറിന്റെ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കുന്നുവെന്നും നവാത് ഇറ്റ്‌സരഗ്രിസില്‍ വ്യക്തമാക്കി. സ്വന്തമായി ഒരു സൗന്ദര്യ മത്സരമുണ്ടാക്കിയാല്‍ അവര്‍ക്ക് എല്ലാ കിരീടങ്ങളും നേടാനാവുമെന്നും നവാത് ഇറ്റ്‌സരഗ്രിസില്‍ പരിഹസിച്ചു.

ഇത്തവണ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തിന് വേദിയായത് തായ്‌ലന്‍ഡിലെ ബാങ്കോക്കാണ്. ഫിലിപ്പീന്‍സ്, ഇന്ത്യ, മ്യാന്‍മര്‍, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് അവസാന റൗണ്ടിലെത്തിയത്. അഞ്ചാം സ്ഥാനം ബ്രസീലിന്റെ തലിത ഹാര്‍ട്‌മെനും നാലാം സ്ഥാനം ഫ്രാന്‍സിന്റെ സഫെയ്തു കബെന്‍ഗേലയും നേടി. രണ്ടാം സ്ഥാനം ഫിലിപ്പീന്‍സിന്റെ ക്രിസ്റ്റീന്‍ ഒപിയാസയ്ക്കാണ്.  

ഒന്നാമതെത്തിയ ഇന്ത്യയുടെ റേച്ചല്‍ ഗുപ്ത പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. മോഡലും നടിയും സംരഭകയുമാണ് 20-കാരിയായ റേച്ചല്‍. നാഷണല്‍ കോസ്റ്റിയൂം റൗണ്ടില്‍ ഗംഗാ നദിയെ ഓര്‍മിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് റേച്ചല്‍ വേദിയിലെത്തിയത്.