സെലിബ്രിറ്റി ജീവിതത്തില്‍ താരങ്ങള്‍ക്ക് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നതിലൊരു കാര്യം ബസ്സിലേയും ട്രെയിനിലേയുമെല്ലാം യാത്രയാണ്. സാധാരണ ആളുകളെപ്പോലെ തിയേറ്ററില്‍ പോയി സിനിമ കാണാനോ ബീച്ചില്‍ പോയി കടല്‍ കാണാനോ ഒന്നും സെലിബ്രിറ്റികള്‍ക്ക് പറ്റില്ല. പലരും ഇതിന് പലതരത്തിലുള്ള വഴികളാണ് കണ്ടെത്താറുള്ളത്. വെപ്പ് മുടിയും താടിയും മീശയുമെല്ലാംവെച്ച് ഇത്തരത്തില്‍ സെലിബ്രിറ്റികള്‍ പുറത്തിറങ്ങാറുണ്ട്. അതല്ലെങ്കില്‍ ആള്‍ക്കൂട്ടം അവരെ പൊതിയും.

To advertise here,

ഇത്തരത്തില്‍ നടി സ്വാതി റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബുര്‍ഖ ധരിച്ച് തിരിച്ചറിയാത്തവിധം ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന സ്വാതി റെഡ്ഡിയാണ് ഈ വീഡിയോയിലുള്ളത്. റെയില്‍വേ സ്‌റ്റേഷനില്‍ പോകുന്ന താരം അവിടുത്തെ ബുക്ക് സ്റ്റാളില്‍ നില്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 

സ്വാതി റെഡ്ഡി തന്നെയാണ് ഈ റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേര്‍ രസകരമായ കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ തന്റെ യാത്ര എങ്ങോട്ടേക്കാണെന്ന് താരം വീഡിയോയില്‍ വ്യക്തമാക്കുന്നില്ല.

ആമേന്‍, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സ്വാതി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരം സിനിമയില്‍ അത്ര സജീവമല്ല. 2005-ല്‍ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടേയായിരുന്നു അരങ്ങേറ്റം. 2008-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സുബ്രമണ്യപുരത്തിലൂടെ സ്വാതി താരപ്പകിട്ടിലേക്കുയര്‍ന്നു. 

2018-ലായിരുന്നു സ്വാതിയുടെ വിവാഹം. പൈലറ്റായ വികാസ് വാസുവാണ് ഭര്‍ത്താവ്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്വാതി വിവാഹമോചിതയാകാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിവാഹചിത്രങ്ങളെല്ലാം സ്വാതി ഡിലീറ്റ് ചെയ്തിരുന്നു.