
ഗുവാഹാത്തി: ജീൻസ് ധരിച്ച് കടയിൽ പ്രവേശിച്ചതിന്റെ പേരിൽ യുവതിയെ അവഹേളിക്കുകയും തള്ളി പുറത്താക്കുകയും ചെയ്തതായി പരാതി. അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം. ബിസിഎ വിദ്യാർഥിയായ യുവതി ജീൻസ് ധരിച്ചതും ബുർഖ ധരിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കടക്കാരൻ പുറത്താക്കിയത്. ഇതുചോദിക്കാനെത്തിയ പെൺകുട്ടിയുടെ അച്ഛനെ കടക്കാർ മർദിച്ചതായും പരാതിയുണ്ട്.
മൊബൈൽ ഫോൺ കടയിൽ ഇയർഫോൺ വാങ്ങാനായി പോയതായിരുന്നു പെൺകുട്ടി. എന്നാൽ ജീൻസ് ധരിച്ചെത്തിയ പെൺകുട്ടിയെ കടയിൽ കയറാൻ ഉടമയായ നൂറുൽ അമീൻ സമ്മതിച്ചില്ല. മാത്രമല്ല ബുർഖ ധരിക്കാതിരുന്നതിന്റെ പേരിൽ അവഹേളിക്കുകയും ചെയ്തു. പെൺകുട്ടിയെ കടയിൽ നിന്ന് തള്ളി പുറത്താക്കുകയായിരുന്നു.
തന്റെ വീട്ടിലെ സ്ത്രീകളെല്ലാം ബുർഖ ധരിക്കാറുണ്ടെന്നും അത്തരക്കാർ മാത്രം കടയിൽ പ്രവേശിച്ചാൽ മതിയെന്നും കടയുടമ പറഞ്ഞെന്ന് പെൺകുട്ടി പറയുന്നു. താൻ മോശം സ്ത്രീയാണെന്നും പറഞ്ഞു. സൽവാർ കമ്മീസും ജീൻസും ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും ധരിക്കുന്നയാളാണ്. ബുർഖയോ ഹിജാബോ ധരിക്കുന്നത് മോശമാണെന്ന് ഒരിക്കലും പറയില്ല. പക്ഷേ അയാൾക്ക് എന്റെ വസ്ത്രധാരണത്തിൽ ഇടപെടാൻ അവകാശമില്ല. എന്റെ വസ്ത്രധാരണമല്ല എന്റെ സ്വഭാവത്തെ നിശ്ചയിക്കുന്നത്- യുവതി പറഞ്ഞു.
വിഷയത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അച്ഛൻ പ്രതികരിച്ചു. എന്റെ മകളെ ജീൻസ് ധരിച്ചതിന്റെ പേരിലാണ് അവർ കടയിൽ നിന്ന് തള്ളി പുറത്താക്കിയത്. ഇവർ പെൺകുട്ടികളോട് ബുർഖയും ഹിജാബുമൊക്കെ ധരിക്കാൻ നിർബന്ധിച്ച് അസമിൽ താലിബാൻ രീതി കൊണ്ടുവരാൻ ശ്രമിക്കുകയാണ്.-അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ജനിച്ചതും വളർന്നതും അസമിലാണ്. ഇവിടുത്തെ സംസ്കാരം പിന്തുടർന്നാണ് ജീവിക്കുന്നത്. എന്റെ മകൾ പഠിച്ചതൊക്കെയും സർക്കാർ സ്കൂളുകളിലാണ്. അസമീസ് സംസ്കാരം പഠിച്ചാണ് അവൾ വളർന്നത്. പക്ഷേ ഇത്തരക്കാർ അവളെ ബുർഖയും ഹിജാബും ധരിക്കാൻ പറഞ്ഞ് താലിബാൻ രീതി പിന്തുടരാൻ നിർബന്ധിക്കുകയാണ്- പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
സംഭവം ചോദിക്കാനെത്തിയ അച്ഛനെ കടയുടമയും ബന്ധുക്കളും ചേർന്ന് മർദിച്ചതായും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 25ന് നടന്ന സംഭവത്തിൽ പരാതിയെത്തുടർന്ന് നുറുൽ അമിൻ, സുഫിഖുൽ ഇസ്ലാം, റഫിഖുൽ ഇസ്ലാം എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ രാജൻ സിങ് അറിയിച്ചു.
Content Highlights: Wearing Jeans, wearing burqa, assam girl, women news, taliban women news
Published: 02 Nov 2021, 11:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented