ടൊവിനോ തോമസ് നായകനായെത്തിയ 'തീവണ്ടി' എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലെത്തിയ നടിയാണ് സംയുക്ത. പിന്നീട് ഒരു യമണ്ടന്‍ പ്രേമകഥ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, കടുവ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമാണ് സംയുക്ത. 

To advertise here,

വാത്തി എന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തിയ സംയുക്ത തെലുങ്കില്‍ പവന്‍ കല്ല്യാണിന്റെ ഭീംല നായക് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. ഇപ്പോഴിതാ തെലുങ്കില്‍ അഭിനയിക്കുമ്പോഴുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഭാഷയേക്കാളുപരി മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതെന്ന് സംയുക്ത പറയുന്നു. ഇത് ബാലിശമായി തോന്നിയേക്കാമെന്നും നടി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

'ഭാഷ കൊണ്ടല്ല, മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്. പറയുന്നത് ബാലിശമായി തോന്നാം. പക്ഷേ എനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോള്‍ മേക്കപ്പ് സ്വാഭാവികതയോട് അടുത്തുനില്‍ക്കുന്നതാണ്. കുറച്ചുകൂടി സ്വതന്ത്രമായി വര്‍ക്ക് ചെയ്യാം. എന്നാല്‍ തെലുങ്കില്‍ സ്‌ക്രീനില്‍ നമ്മളെ എങ്ങനെ കാണുന്നു എന്നതിനെ കുറിച്ച് ബോധവാന്‍മാരായിരിക്കണം. അവിടെ മേക്കപ്പിന് പ്രാധാന്യം കൂടുതലാണ്. എന്റെ മുഖത്തും ശരീരത്തിലുമെല്ലാം മറ്റെന്തൊക്കെയോ ഉള്ളതുപോലൊരു ഭാരം തോന്നാറുണ്ട്.' സംയുക്ത അഭിമുഖത്തില്‍ പറയുന്നു.