തന്റെ ശാരീരികാവസ്ഥയേയും ശരീരഭാരത്തേയും കുറിച്ചുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും വ്യക്തമാക്കി നടി പവിത്ര ലക്ഷ്മി. തനിക്ക് ശരിയായ ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ടെന്നും സ്‌നേഹവും കരുതലുമാണ് ഈ സമയത്ത് തനിക്ക് ഏറ്റവും വിലപ്പെട്ടതെന്നും പവിത്ര ലക്ഷ്മി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്നെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കെതിരെ നടി പ്രതികരിച്ചത്.

To advertise here,

'എന്റെ ശരീരഭാരത്തെ കുറിച്ച് നിരവധി കുപ്രചരണങ്ങള്‍ നടക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഞാന്‍ നേരത്തെ വിശദീകരണം നല്‍കിയതാണ്. എന്നിട്ടും ഊഹാപോഹങ്ങള്‍ അവസാനിച്ചിട്ടില്ല. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു, ഞാന്‍ അതും ഇതുമൊക്കെ ചെയ്തു എന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തുന്നത് തീര്‍ത്തും നിരുത്തരവാദപരമാണ്. പുറത്തുപറയാന്‍പോലും പറ്റാത്ത രീതിയിലുള്ള കമന്റുകള്‍ വരെ ഞാന്‍ കണ്ടു.

എല്ലാ മാധ്യമങ്ങളോടും ആളുകളോടും എനിക്ക് പറയാനുള്ളത് റീച്ചിനുവേണ്ടി എന്നെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ്. ഇത് കഴിഞ്ഞാലും എനിക്ക് ജീവിതവും ഭാവിയുമുണ്ട്. നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടും ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ദയവായി മറ്റുള്ളവരോടും ചെയ്യരുത്. നിങ്ങളില്‍നിന്ന് ഒരല്‍പം സേനഹവും കരുണയുമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഇത്രയും കാലം എനിക്കുതന്ന സ്‌നേഹവും ബഹുമാനവും ഇനിയുമുണ്ടാകണം. ഞാൻ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരും.'-പവിത്രലക്ഷ്മി കുറിച്ചു. 

കോയമ്പത്തൂര്‍ സ്വദേശിയായ പവിത്ര ലക്ഷ്മി 'ഓക്കെ കണ്‍മണി' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഉല്ലാസം എന്ന മലയാള ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്. 'കുക്ക് വിത്ത് കോമാലി' എന്ന റിയാലിറ്റി ഷോയിലൂടേയും ശ്രദ്ധേയയായി.