
സൗന്ദര്യസങ്കൽപ്പങ്ങളിൽ മാത്രമല്ല, മനുഷ്യന്റെ ശ്വസനപ്രക്രിയയിലും പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് മൂക്ക്. മൂക്കിന്റെ ആകൃതിയിലുണ്ടാകുന്ന വ്യതിയാനങ്ങളും ജനന്മനാലുള്ള വൈകല്യങ്ങളും പലരിലും അപകർഷതാബോധവും ശ്വാസതടസ്സവും സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രം നൽകുന്ന ശാശ്വതമായ പരിഹാരമാർഗ്ഗമാണ് റൈനോപ്ലാസ്റ്റി (Rhinoplasty).
മുൻകാലങ്ങളിൽ സിനിമാതാരങ്ങളും പ്രമുഖരും മാത്രം ചെയ്തിരുന്ന ഒന്നായി ചിത്രീകരിക്കപ്പെട്ടിരുന്ന റൈനോപ്ലാസ്റ്റി, ഇന്ന് സാധാരണക്കാർക്ക് സുലഭമായി വിദഗ്ദ്ധരുടെ സഹായത്തോടെ ചെയ്യാം. എന്നാൽ ശസ്ത്രക്രിയയെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മ പലരിലും തെറ്റിദ്ധാരണകൾക്കും ആശങ്കകൾക്കും കാരണമാകുന്നു. റൈനോപ്ലാസ്റ്റിയെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ വിശദമായി പരിശോധിക്കാം.
എന്താണ് റൈനോപ്ലാസ്റ്റി?
മൂക്കിന്റെ ആകൃതി മാറ്റുന്നതിനും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമായി നടത്തുന്ന പ്ലാസ്റ്റിക് ശസ്ത്രക്രിയയാണ് റൈനോപ്ലാസ്റ്റി. മൂക്കിന്റെ അസ്ഥി, തരുണാസ്ഥി (Cartilage), ചർമ്മം എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്.
വൈദ്യശാസ്ത്രപരമായി റൈനോപ്ലാസ്റ്റിയെ പ്രധാനമായും രണ്ടായി തരംതിരിക്കാം:
കോസ്മെറ്റിക് റൈനോപ്ലാസ്റ്റി (Cosmetic Rhinoplasty): മൂക്കിന്റെ വലിപ്പം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുക, മൂക്കിന്റെ പാലത്തിനുള്ള ചരിവ് നിവർത്തുക, അഗ്രഭാഗത്തിന്റെ (Nasal Tip) ഭംഗി കൂട്ടുക തുടങ്ങിയ സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായി റൈനോപ്ലാസ്റ്റി ശസ്ത്രക്രിയ ച്രിയാൻ സാധിക്കും.
ഫങ്ഷണൽ റൈനോപ്ലാസ്റ്റി (Functional Rhinoplasty): ശ്വാസതടസ്സം, മൂക്കിനുള്ളിലെ ഭിത്തിയുടെ ചരിവ് (Deviated Nasal Septum), അപകടങ്ങൾ മൂലമുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ പരിഹരിച്ച് ശ്വസനപ്രക്രിയ സുഗമമാക്കാനും റൈനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്താം.
ഏതെല്ലാം സാഹചര്യങ്ങളിലാണ് റൈനോപ്ലാസ്റ്റി ആവശ്യമായി വരുന്നത്?
ശ്വസനതടസ്സം: മൂക്കിനുള്ളിലെ തരുണാസ്ഥിയുടെ ചരിവ് മൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നവർക്ക്.
അപകടങ്ങളും ക്ഷതങ്ങളും: കായിക വിനോദങ്ങളിലോ വാഹനാപകടങ്ങളിലോ പെട്ട് മൂക്കിന്റെ അസ്ഥിക്ക് സ്ഥാനചലനം സംഭവിക്കുമ്പോൾ.
ജനനവൈകല്യങ്ങൾ: ജനനാലുള്ള അസമത്വങ്ങളും ക്രമക്കേടുകളും പരിഹരിക്കാൻ.
സൗന്ദര്യപരമായ കാരണങ്ങൾ: മുഖത്തിന് അനുയോജ്യമായ രീതിയിൽ മൂക്കിന്റെ ഘടന ക്രമീകരിക്കാൻ.
സാധാരണയായി ഉണ്ടാകുന്ന ആശങ്കകളും സംശയങ്ങളും
1. ശസ്ത്രക്രിയ വേദനയുള്ളതാണോ?
അനസ്തെഷ്യ നൽകിയാണ് ശസ്ത്രക്രിയ നടത്തുന്നത്. അതിനാൽ ശസ്ത്രക്രിയാ വേളയിൽ വേദന അനുഭവപ്പെടില്ല. തുടർന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യത്തെ കുറച്ചുദിവസങ്ങളിൽ നേരിയ അസ്വസ്ഥതയോ വീക്കമോ ഉണ്ടായേക്കാം. ഇത് വേദനസംഹാരികൾ ഉപയോഗിച്ച് പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കും.
2. പുറമെ വടുക്കളും പാടുകളും ഉണ്ടാകുമോ?
ഇത് ശസ്ത്രക്രിയയുടെ രീതിയെ ആശ്രയിച്ചിരിക്കുന്നു:
ക്ലോസ്ഡ് റൈനോപ്ലാസ്റ്റി (Closed Rhinoplasty): മൂക്കിന്റെ ദ്വാരങ്ങൾക്കുള്ളിലൂടെ മാത്രം ശസ്ത്രക്രിയ നടത്തുന്നു. അതിനാൽ പുറമെ യാതൊരുവിധ വടുക്കളും ദൃശ്യമാകില്ല.
ഓപ്പൺ റൈനോപ്ലാസ്റ്റി (Open Rhinoplasty): മൂക്കിന്റെ അടിഭാഗത്ത് ചെറിയൊരു മുറിവുണ്ടാക്കിയാണ് ഇത് ചെയ്യുന്നത്. എന്നാലും കാലക്രമേണ ഈ പാട് പൂർണ്ണമായും മാഞ്ഞുപോകുന്നതാണ്.
3. പ്രായപരിധി എത്രയാണ്?
മൂക്കിന്റെ അസ്ഥികളുടെയും തരുണാസ്ഥികളുടെയും വളർച്ച പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. സാധാരണയായി പെൺകുട്ടികളിൽ 16 വയസ്സിന് ശേഷവും ആൺകുട്ടികളിൽ 18 വയസ്സിന് ശേഷവും മാത്രമേ ഈ ശസ്ത്രക്രിയ വിദഗ്ധർ ശുപാർശ ചെയ്യൂ.
ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശസ്ത്രക്രിയയ്ക്ക് മുൻപ്:
വിദഗ്ദ്ധനായ പ്ലാസ്റ്റിക് സർജന്റെയോ ഇ.എൻ.ടി. (ENT) സർജന്റെയോ സേവനം ഉറപ്പാക്കുക.
നിലവിലുള്ള രോഗവിവരങ്ങളും കഴിക്കുന്ന മരുന്നുകളും ഡോക്ടറെ കൃത്യമായി അറിയിക്കുക.
പുകവലി, മദ്യപാനം എന്നിവ ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും പൂർണ്ണമായി ഉപേക്ഷിക്കണം.
ശസ്ത്രക്രിയയ്ക്ക് ശേഷം:
വിശ്രമം: ആദ്യത്തെ കുറച്ചുദിവസങ്ങൾ തല ഉയർത്തിവെച്ചു വേണം ഉറങ്ങാൻ.
ഭാരമുള്ള ജോലികൾ ഒഴിവാക്കുക: രണ്ടു മൂന്ന് ആഴ്ചത്തേക്ക് കഠിനാധ്വാനമോ കായിക പരിശീലനങ്ങളോ അരുത്.
മൂക്ക് പിഴിയരുത്: ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ മൂക്ക് ശക്തമായി ചീറ്റാനോ കഴുകാനോ പാടില്ല.
ശ്രദ്ധിക്കുക : മൂക്കിൽ അമരുന്ന രീതിയിലുള്ള കണ്ണടകൾ ആദ്യത്തെ ഏതാനും ആഴ്ചകളിൽ ഒഴിവാക്കണം.
റൈനോപ്ലാസ്റ്റിക്ക് ശേഷമുള്ള വീക്കവും കൺതടങ്ങളിലെ തടിപ്പും നീർക്കെട്ടും പൂർണ്ണമായി മാറി അന്തിമ ഫലം ദൃശ്യമാകാൻ 6 മാസം മുതൽ 1 വർഷം വരെ സമയമെടുക്കും. എന്നിരുന്നാലും, മുഖത്തെ പ്രകടമായ വീക്കത്തിന്റെ ഭൂരിഭാഗവും ആദ്യ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ കുറയുന്നതാണ്.
വീക്കവും തടിപ്പും കുറയുന്നതിന്റെ വിവിധ ഘട്ടങ്ങൾ:
ആദ്യ 1 - 2 ആഴ്ചകൾ (പ്രാഥമിക ഘട്ടം): ശസ്ത്രക്രിയ കഴിഞ്ഞ് 2-3 ദിവസങ്ങളിലാണ് വീക്കവും കൺതടങ്ങളിലെ തടിപ്പും ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഒന്നാം ആഴ്ചയുടെ അവസാനത്തോടെ മൂക്കിലെ സ്പ്ലിന്റ് (Splint) നീക്കം ചെയ്യും. രണ്ടാമത്തെ ആഴ്ചയോടെ കൺതടങ്ങളിലെ തടിപ്പും പാടുകളും 80%-ത്തോളം മാറും.
1 - 3 മാസങ്ങൾ (മധ്യ ഘട്ടം): മുഖത്തെ പ്രധാനപ്പെട്ട നീർക്കെട്ടുകളെല്ലാം മാറി സാധാരണ രൂപത്തിലാകും. ഈ ഘട്ടത്തിൽ ജോലിക്കും മറ്റ് സാമൂഹിക കാര്യങ്ങൾക്കും തടസ്സമില്ലാതെ പുറത്തിറങ്ങാൻ സാധിക്കും.
3 - 6 മാസങ്ങൾ: മൂക്കിന്റെ അസ്ഥിയുടെ ഭാഗത്തെ വീക്കം പൂർണ്ണമായി മാറും. മൂക്കിന്റെ അഗ്രഭാഗത്ത് (Nasal tip) മാത്രമായിരിക്കും നേരിയ തോതിൽ നീർക്കെട്ട് ശേഷിക്കുന്നത്.
1 വർഷം (പൂർണ്ണമായ ഫലം): മൂക്കിന്റെ പുതിയ ഘടനയും ആകൃതിയും പൂർണ്ണമായി തെളിഞ്ഞുവരുന്നത് ഈ സമയത്താണ്. കട്ടിയുള്ള ചർമ്മമുള്ളവരിൽ മൂക്കിന്റെ അഗ്രഭാഗത്തെ വീക്കം പൂർണ്ണമായി മാറാൻ 12 മുതൽ 18 മാസം വരെ സമയമെടുത്തേക്കാം.
വീക്കം വേഗത്തിൽ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
തല ഉയർത്തിവെക്കുക: ഉറങ്ങുമ്പോഴും വിശ്രമിക്കുമ്പോഴും 2-3 തലയിണകൾ ഉപയോഗിച്ച് തല ഉയർത്തിവെക്കുന്നത് നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കും.
ഐസ് പാക്ക്: ആദ്യ 48 മണിക്കൂറിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കവിളുകളിലും കൺതടങ്ങളിലും ഐസ് പാക്ക് വെക്കുന്നത് വീക്കം നിയന്ത്രിക്കും.
ശ്രദ്ധിക്കുക മൂക്കിൽ നേരിട്ട് അമർത്തരുത്.
ഉപ്പിന്റെ അളവ് കുറയ്ക്കുക: ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ശരീരത്തിൽ ദ്രാവകങ്ങൾ കെട്ടിനിൽക്കുന്നത് തടയും.
കഠിനാധ്വാനം ഒഴിവാക്കുക: രക്തസമ്മർദ്ദം ഉയർത്തുന്ന കായിക വ്യായാമങ്ങളും ഭാരം ചുമക്കുന്നതും ആദ്യ മൂന്ന് ആഴ്ചത്തേക്ക് പൂർണ്ണമായി ഒഴിവാക്കണം.
സങ്കീർണ്ണതകളും പാർശ്വഫലങ്ങളും
മറ്റേതൊരു ശസ്ത്രക്രിയയെയും പോലെ റൈനോപ്ലാസ്റ്റിയിലും നേരിയ തോതിലുള്ള പാർശ്വഫലങ്ങൾക്ക് സാധ്യതയുണ്ട്. കൺതടങ്ങളിൽ നീർക്കെട്ട്, രക്തസ്രാവം, അണുബാധ എന്നിവ ഇതിൽപ്പെടാം. എന്നാൽ പരിചയസമ്പന്നനായ സർജന്റെ മേൽനോട്ടത്തിലും കൃത്യമായ മുൻകരുതലുകളോടെയും ചെയ്യുമ്പോൾ ഇത്തരം അപകടസാധ്യതകൾ വളരെ സാധ്യത കുറയും.
റൈനോപ്ലാസ്റ്റി എന്നത് കേവലം ഒരു സൗന്ദര്യവർദ്ധക ചികിത്സ മാത്രമല്ല; പലരുടെയും ആത്മവിശ്വാസം വീണ്ടെടുക്കാനും ശ്വസനസംബന്ധമായ പ്രയാസങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന ഒരു വൈദ്യശാസ്ത്ര പ്രക്രിയയാണ്. യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകളോടെയും യോഗ്യതയുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശത്തോടെയും സമീപിച്ച് അനുയോജ്യമായ തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടത്.
ആസ്റ്റർ മിംസ് കോട്ടയ്ക്കലിൽ ഇ.എൻ.ടി. വിഭാഗം കൺസൾട്ടന്റ് ആണ് ലേഖകൻ
Content Highlights: Learn about rhinoplasty, a plastic surgery procedure that enhances nasal function and appearance, addressing both cosmetic and functional concerns effectively.
Published: 24 Sept 2026, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented