സിനിമകളിലൂടേയും സീരിയലുകളിലൂടേയും മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അഞ്ജു അരവിന്ദ്. 1995-ല്‍ അക്ഷരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അഞ്ജു മുപ്പതിലധികം സിനിമകളുടെ ഭാഗമായി. കഴിഞ്ഞ ദിവസം തന്റെ അമ്പതാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയതായിരുന്നു ഈ സര്‍പ്രൈസ് പിറന്നാള്‍ പാര്‍ട്ടി. അത് തന്നെ കരയിപ്പിച്ചുകളഞ്ഞുവെന്ന് അഞ്ജു പറയുന്നു.

To advertise here,

'ഇത്തവണ പിറന്നാളിന് എന്റെ മക്കള്‍ എന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ട്. സത്യത്തില്‍ ഒരു കേക്ക് കട്ട് ചെയ്യാനോ, മനസറിഞ്ഞ് സന്തോഷിക്കാനോ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. പക്ഷേ എന്റെ മക്കള്‍ സര്‍പ്രൈസ് ആഘോഷം പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു.

പൊതുവെ കണിശക്കാരിയായ ടീച്ചറാണ് ഞാന്‍. ക്ലാസില്‍ വരാതിരുന്നാലോ ശ്രദ്ധിക്കാതിരുന്നാലോ അവരെ നല്ലപോലെ വഴക്ക് പറയാറുണ്ട്. നാലഞ്ച് വര്‍ഷം മുമ്പ് 14 വയസുള്ള എന്റെ വിദ്യാര്‍ഥിയെ നല്ലപോലെ വഴക്ക് പറഞ്ഞു. നല്ല കഴിവുള്ള കുട്ടിയാണ്. പക്ഷേ ഒട്ടും പ്രാക്ടീസ് ഇല്ലാതെയായിരുന്നു ക്ലാസിന് വന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ എന്നെ പരാതി പറയാനായി വിളിച്ചു. എന്നെ തിരുത്താനായിരുന്നു അവരുടെ ശ്രമം. പക്ഷേ ന്യൂജനറേഷന്‍ ആയാലും കഴിവുള്ള കുട്ടികളെ ഇതുപോലെ തന്നെ നേരെയാക്കണമെന്നാണ് ഞാന്‍ മറുപടി നല്‍കിയത്.

ഇന്ന് ഈ സംഭവം പറയാന്‍ ഒരു കാരണമുണ്ട്. ഈ പിറന്നാള്‍ ദിവസം എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്‌നേഹം കണ്ടപ്പോള്‍, പിറന്നാള്‍ ആഘോഷത്തില്‍ അവരെടുത്ത എഫേര്‍ട്ട് കണ്ടപ്പോള്‍ സന്തോഷം തോന്നി. കണ്ണ് നിറഞ്ഞു. ആത്മാര്‍ഥമായാണ് നമ്മള്‍ പഠിപ്പിക്കുന്നതെങ്കില്‍ അവരുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എത്ര വഴക്ക് പറഞ്ഞാലും നമുക്ക് അവരോടുള്ള സ്‌നേഹവും കരുതലും അവര്‍ തിരിച്ചറിയും.'-അഞ്ജു അരവിന്ദ് വീഡിയോയില്‍ പറയുന്നു.

നൃത്ത വിദ്യാലയത്തിലെ കുഞ്ഞുങ്ങളോടൊപ്പം കേക്ക് മുറിക്കുന്നതും എല്ലാവരേയും കെട്ടിപ്പിടിച്ച് സ്‌ന്തോഷം പങ്കുവെയ്ക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേര്‍ അഞ്ജുവിന് ആശംസ അറിയിച്ച് കമന്റും ചെയ്തിട്ടുണ്ട്.