മാതൃദിനത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി അഭിരാമി. കുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നുവെന്ന സന്തോഷമാണ് അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മകളുടെ പേര് കല്‍ക്കി എന്നാണെന്നും അമ്മയെന്ന നിലയില്‍ ആദ്യമായി എല്ലാവര്ക്കും മാതൃദിന ആശംസകള്‍ നേരുന്നുവെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു.
അഭിരാമിയും ഭര്‍ത്താവ് രാഹുലും കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞിനെ ദത്തെടുത്തത്. എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും തങ്ങള്‍ക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു.
'പ്രിയ സുഹൃത്തുക്കളേ, എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിന ആശംസകള്‍. ഞാനും എന്റെ ഭര്‍ത്താവ് രാഹുലും കല്‍ക്കി എന്ന പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങള്‍ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ തരത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയെന്ന നിലയില്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞങ്ങള്‍ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനയും കൂടെ ഉണ്ടാകണം'- അഭിരാമി കുറിച്ചു.
2009-ലാണ് അഭിരാമിയും ഹെല്‍ത്ത് കെയര്‍ ബിസിനസ് കണ്‍സള്‍ട്ടന്റായ രാഹുല്‍ പവനനും വിവാഹിതരായത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം അഭിനയിച്ച നടിയാണ് അഭിരാമി. ശ്രദ്ധ, ഞങ്ങള്‍ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാര്‍സ് എന്നീ സിനിമകളില്‍ നായികയായി എത്തിയ താരം പിന്നീട് തമിഴില്‍ സജീവമാകുകയായിരുന്നു.
Content Highlights: actress abhirami adopted a girl child
Published: 14 May 2023, 10:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented