തിരുവനന്തപുരം: ചൊവ്വാഴ്ച പുലർച്ചെ 3.35, തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ അലാം മുഴങ്ങി. അമ്മത്തൊട്ടിലിൽ എത്തുന്ന ആയിരാമത്തെ അതിഥിയുടെ വരവറയിച്ചായിരുന്നു അത്. ആ പെൺകുഞ്ഞിന് ശിശുക്ഷേമ സമിതി അധികൃതർ 'സഹസ്ര' എന്ന് പേരിട്ടു.

To advertise here,

സംസ്ഥാനത്ത് അമ്മത്തൊട്ടിലുകൾ സ്ഥാപിച്ചതിന്റെ 24-ാം വർഷത്തിലാണ് സഹസ്ര എത്തുന്നത്. അഞ്ചു ദിവസം പ്രായമുള്ള പെൺകുഞ്ഞിന് 2.57 കിലോഗ്രാം ഭാരമുണ്ട്. ആരോഗ്യവതിയാണ്. 2002 ഡിസംബർ 24-നാണ് അമ്മത്തൊട്ടിലിലേക്ക് ആദ്യത്തെ കുഞ്ഞെത്തുന്നത്. 'നിത്യ'യെന്നായിരുന്നു ആ കുഞ്ഞിന് പേരു നൽകിയത്. പിന്നീട് 681 പെൺകുട്ടികളും 319 ആൺകുട്ടികളും അമ്മത്തൊട്ടിലുകളിലൂടെ പുതിയ ജീവിതം കണ്ടു. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ കിട്ടിയത് തിരുവനന്തപുരത്താണ് -667. ഒരു വർഷംമുൻപ് അമ്മത്തൊട്ടിൽ സ്ഥാപിച്ച വയനാട്ടിൽ ഇതുവരെ ഒരു കുഞ്ഞുപോലും എത്തിയിട്ടില്ല.

കൊല്ലം-38, പത്തനംതിട്ട-28, ആലപ്പുഴ-26, കോട്ടയം-43, ഇടുക്കി-20, എറണാകുളം-21, തൃശ്ശൂർ-27, മലപ്പുറം-34, പാലക്കാട്-34, കോഴിക്കോട്-25, കണ്ണൂർ-21, കാസർകോട്-16 കുഞ്ഞുങ്ങളാണ് ഇതുവരെ അമ്മത്തൊട്ടിലിലെത്തിയത്. ഇവരിൽ 850 കുട്ടികളെ ഇന്ത്യക്ക് അകത്തും പുറത്തുമായി ദത്തുനൽകി. മൂന്നുവർഷത്തിനിടെ 258 കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമസമിതി ദത്തുനൽകിയത്.