കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. അമ്മയാകണം എന്ന് കുട്ടിക്കാലത്തുതന്നെ തോന്നിയിരുന്നുവെന്നും ഏഴ് വയസ്സിൽ തന്നെ കുഞ്ഞിന്റെ പേരുപോലും കണ്ടുവച്ചിരുന്നുവെന്നും അവർ പറഞ്ഞു. സുസ്മിത സെൻ ആണ് തനിക്ക് പ്രചോദനമായത്. അവരുടെ അഭിമുഖങ്ങൾ കണ്ട് ഇക്കാര്യത്തെക്കുറിച്ച് മാതാപിതാക്കളോട് സംസാരിച്ചിട്ടുണ്ട്. അന്ന് അവരത് കാര്യമാക്കിയില്ലെങ്കിലും ഇന്ന് താൻ സീരിയസ് ആണെന്ന് അമ്മയ്ക്കറിയാം. കുട്ടിയുടെ പേര് താൻ ടാറ്റൂ ചെയ്തിട്ടുണ്ടെന്നും പാർവതി പറഞ്ഞു.

To advertise here,

ഹോട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആഗ്രഹത്തെക്കുറിച്ച് പാർവതി തുറന്നുപറഞ്ഞത്. മുതിർന്നപ്പോൾ തന്റെ ശരീരം ഗർഭകാലത്തിലൂടെ കടന്നുപോകുന്നതിൽ താൽപര്യമില്ലാതായി. ഇപ്പോൾ കുഞ്ഞുങ്ങളെ ദത്ത് എടുക്കാനാണ് ആഗ്രഹം. തന്റെ അണ്ഡം ശീതീകരിച്ചിട്ടില്ല. സ്വന്തം ശരീരത്തെ അതിലൂടെ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ദത്ത് എടുക്കാൻ താൻ ഒരിക്കൽ തയാറായേക്കും. എല്ലാവർക്കും അവരുടേതായ തീരുമാനമുണ്ട്. തന്റെ പല തീരുമാനങ്ങളും പലതവണ മാറിയിട്ടുണ്ട്. അമ്മയാകുന്നതിനായാണ് ജനിച്ചത് എന്നുപോലും തോന്നിയിട്ടുണ്ട്. ഭാഗ്യത്തിന് അന്നാ ചിന്തയിൽ നിന്ന് തനിക്ക് പുറത്തുകടക്കാനായെന്നും ദൈവത്തിന് നന്ദിയെന്നും പാർവതി പറഞ്ഞു.

"അന്നത്തെ ആ ഞാൻ ഇന്ന് എവിടെയും ഇല്ല. പക്ഷേ പ്രസവിച്ചില്ലെങ്കിലും ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള സെൻസ് എനിക്കിന്നുണ്ട്. അത് എനിക്ക് എന്റെ വളർത്തുനായയിൽ നിന്ന് ലഭിച്ചതാണ്. ഒരു കുഞ്ഞ് വേണമെന്ന് ഭാവിയിൽ തോന്നിയാൽ അത് എന്റെ പങ്കാളിയുടെയും അംശങ്ങൾ ഉള്ള ഒരു കുഞ്ഞ് വേണമെന്ന നിമിഷത്തിൽ മാത്രമായിരിക്കും. ഇന്നത്തെ ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയെന്നാൽ അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. കൂടുതൽ കുട്ടികളെ ഉണ്ടാക്കുവാൻ ആഗ്രഹിക്കുന്നില്ല". പാർവതി അഭിമുഖത്തിൽ വ്യക്തമാക്കി.

നിസാം ബഷീർ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ഐ നോബഡി, ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നിവയാണ് പാർവതി നായികയായെത്തുന്ന പുതിയ ചിത്രങ്ങൾ.