നടന്‍ രവി മോഹനും (ജയം രവി) ഭാര്യ ആരതിയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഗായിക കെനിഷ ഫ്രാന്‍സിസുമായുള്ള രവി മോഹന്റെ പ്രണയമാണ് വിവാഹമോചനത്തിന് കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തള്ളി കെനിഷ രംഗത്തെത്തുകയും ചെയ്തിരുന്നു. തെറാപിസ്റ്റ് കൂടിയായ തന്നെ ചികിത്സയുടെ ഭാഗമായാണ് രവി മോഹന്‍ കാണാന്‍ വന്നതെന്നും വിവാഹജീവിതത്തില്‍ നേരിട്ട വൈകാരികവും മാനസികവുമായ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷ തേടിയാണ് അദ്ദേഹം വന്നതെന്നും കെനിഷ വ്യക്തമാക്കിയിരുന്നു.

To advertise here,

ഇപ്പോഴിതാ കെനിഷയും രവി മോഹനും ഒരുമിച്ച് ഒരു വിവാഹത്തില്‍ പങ്കെടുത്തിരിക്കുകയാണ്. നിര്‍മാതാവ് ഇഷാരി ഗണേഷിന്റെ മകളുടെ വിവാഹത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് രവിയും കെനിഷയും ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു ജയം രവിയുടെ വേഷം. കെനിഷ ഇതേ നിറത്തിലുള്ള സാരിയും ധരിച്ചു.

ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇരുവരും പ്രണയത്തിലാണെന്നും ദമ്പതികളെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് വന്നതെന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ജയം രവിയെ ഒരുപാട് സന്തോഷവാനായാണ് കെനിഷയ്‌ക്കൊപ്പം കാണുന്നതെന്നും ആളുകള്‍ കുറിച്ചു. 

നേരത്തെ കെനിഷയും താനും അടുത്ത സുഹൃത്തുക്കളാണെന്ന് രവി മോഹന്‍ വ്യക്തമാക്കിയിരുന്നു. കെനിഷയ്‌ക്കൊപ്പം ചേര്‍ന്ന് ഹീലിങ് സെന്റര്‍  ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഇതൈ യാര്‍ സൊല്‍വറോ' എന്ന പാട്ടിന്റെ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് രവി മോഹനും കെനിഷയും ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ഭാര്യ ആരതിയുമായുള്ള 14 വര്‍ഷത്തെ വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും വിവാഹമോചന വാര്‍ത്ത തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.