കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും കുടുംബവും. ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽവെച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം അദ്ദേഹത്തോടൊപ്പം പകർത്തിയ ചിത്രങ്ങൾ കൃഷ്ണകുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ദൈവീകം ഈ ബന്ധം... എന്ന് പറഞ്ഞുകൊണ്ട് ഒരു ചെറു കുറിപ്പുമായാണ് അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.

To advertise here,

ദൈവീകം ഈ ബന്ധം...ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ജയ്ഹിന്ദ്- കൃഷ്ണകുമാർ കുറിച്ചു.

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മകളും നടിയുമായ അഹാനാ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, ദിയാ കൃഷ്ണ, ദിയയുടെ ഭർത്താവ് അശ്വിൻ, മകൻ എന്നിവർക്കൊപ്പമാണ് വെള്ളിയാഴ്ച പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള അവിസ്മരണീയമായ ഒരു പ്രഭാതമായിരുന്നു അതെന്ന് അഹാന സോഷ്യൽമീഡിയാ പോസ്റ്റിലെഴുതി. അദ്ദേഹത്തെപ്പോലെ വലിയൊരു വ്യക്തിത്വം ഇത്രയധികം സ്‌നേഹത്തോടെയും വ്യക്തിപരമായ അടുപ്പത്തോടെയും ഞങ്ങളെ സ്വാഗതം ചെയ്തപ്പോൾ അത്ഭുതപ്പെട്ടുപ്പോയി എന്നും നടി കുറിച്ചു.

തങ്ങളുടെ കൊച്ചുകൊച്ചു ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി പറഞ്ഞും ലളിതവും സത്യസന്ധവുമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടും ഇരുന്നപ്പോൾ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളോടൊപ്പമാണ് നിൽക്കുന്നതെന്ന കാര്യം തങ്ങൾ മറന്നുപോയിരുന്നുവെന്നും അഹാന പറഞ്ഞു. ഇത്രയധികം പ്രമുഖ വ്യക്തികൾക്കിടയിൽ തന്റെ പിതാവ് വർഷങ്ങളായി നേടിയെടുത്ത ബഹുമാനവും അംഗീകാരവും കാണുന്നത് അഭിമാനമാണെന്നും കുടുംബത്തിന് അവർ നൽകിയ സ്വീകരണം അതിന്റെ പ്രതിഫലനമായാണ് തനിക്ക് തോന്നിയത് എന്നും മകൾ എന്ന നിലയിൽ ഹൃദയം സന്തോഷത്താൽ നിറഞ്ഞിരിക്കുകയാണെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അഹാന എഴുതി.

അവിശ്വസനീയമായ നിമിഷമായിരുന്നു അതെന്നും തന്റെ ജീവിതത്തിലെ സുവർണ്ണ ദിനമെന്നും ഹൻസിക സോഷ്യൽമീഡിയയിൽ കുറിച്ചു. ലോക നേതാക്കൾ പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുന്നതും ചിത്രങ്ങൾ എടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്, ഇന്ന് അദ്ദേഹത്തിന്റെ വസതിയിൽ എന്റെ കുടുംബത്തോടൊപ്പം അദ്ദേഹത്തെ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം വളരെ ദയയും മൃദലമായ സംസാരശൈലിയുമുള്ള വ്യക്തിയായിരുന്നു. ഇത് സാധ്യമാക്കിയതിന് ഞാൻ എന്റെ അച്ഛന് ഒരുപാട് നന്ദി പറയുന്നു, ഹൻസിക കുറിച്ചു.

ഇന്നലെ തന്റെ ജീവിതത്തിലെ ഏറ്റവും ഓർമിക്കപ്പെടുന്ന ദിവസങ്ങളിൽ ഒന്നായി എപ്പോഴും നിലനിൽക്കുമെന്നാണ് സിന്ധു കൃഷ്ണ പങ്കുവെച്ചത്. കുടുംബത്തോടൊപ്പം നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കണ്ടുമുട്ടാനുള്ള അവിശ്വസനീയമായ ഭാഗ്യം എനിക്ക് ലഭിച്ചു. ഒരു ജനക്കൂട്ടത്തിലോ, ഒരു പൊതുപരിപാടിയിലോ ആയിരുന്നില്ല, എപ്പോഴും ഞാൻ ആഗ്രഹിച്ചതുപോലെ വ്യക്തിപരവും അർത്ഥവത്തായതുമായ ഒരന്തരീക്ഷത്തിൽ, സിന്ധു തുറന്നെഴുതി.

അദ്ദേഹം ഞങ്ങളോട് സംസാരിച്ചത് സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്. ലളിതമായി, ദയയോടെ, ആത്മാർത്ഥമായി ശ്രദ്ധയോടെ അദ്ദേഹം ഇടപെട്ടു. എന്റെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് എന്റെ ഭർത്താവ് കൃഷ്ണകുമാറിന് ഹൃദയപൂർവ്വമായ നന്ദി. പ്രധാനമന്ത്രിയെ കണ്ടുമുട്ടുകയാണെങ്കിൽ, അത് വ്യക്തിപരമായിരിക്കണമെന്ന് ഞാൻ എപ്പോഴും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇന്നലെ ആ സ്വപ്നം യാഥാർത്ഥ്യമായി, സിന്ധു കൃഷ്ണ പറഞ്ഞു. ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് ദിയാ കൃഷ്ണയും തന്റെ സന്തോഷം പങ്കുവെച്ചു. 

ദിയാ കൃഷ്ണയുടെ മകൻ നിയോമിനെ കൈയിലെടുത്ത് ലാളിക്കുന്ന ചിത്രം പ്രധാനമന്ത്രി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെ തന്നെ കാണാനെത്തിയ യുവ സുഹൃത്തിനൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് നരേന്ദ്രമോദി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.