മോട്ടോർ സ്പോർട്ട്സിൽ കരിയർ തുടരാനായി കുടുംബത്തിനായി ചെലവഴിക്കുന്ന സമയത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് തമിഴ് നടനും റേസറുമായ അജിത് കുമാർ. എന്നാൽ തനിക്ക് സർവ പിന്തുണയും നൽകി കൂടെനിൽക്കുന്ന ശാലിനിയോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അജിത് പറയുന്നു.

To advertise here,

24 മണിക്കൂര്‍ എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കുന്നതിനായി ഞായറാഴ്ച സ്‌പെയിനിലെ ബാഴ്സലോണയില്‍ എത്തിയതായിരുന്നു താരം.

ശാലിനിയാണ് ശക്തി

റേസിങ് പിന്തുടരുന്ന സമയത്ത് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തുകൊണ്ട് തൻ്റെ ഭാര്യ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്ന് അജിത് പറഞ്ഞു. ‘ശാലിനി ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ പിന്തുണയില്ലായിരുന്നെങ്കിൽ എനിക്കിതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല’ -അജിത് പറഞ്ഞു. താൻ ദൂരെയുള്ളപ്പോൾ വീടും മക്കളെയും നോക്കുന്നത് ശാലിനിയാണെന്നും ഇത് തൻ്റെ ഭാഗത്ത് മാത്രമുള്ള ത്യാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "മക്കൾക്ക് എന്നെ കാണാൻ കഴിയാറില്ല, അവർ എന്നെ മിസ്സ് ചെയ്യുന്നതുപോലെ ഞാൻ അവരെയും മിസ്സ് ചെയ്യുന്നുണ്ട്. ഇതൊന്നും ആരും കാണുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ്. പക്ഷേ നിങ്ങൾ ഒന്നിനെ അത്രയധികം സ്നേഹിക്കുമ്പോൾ, നിങ്ങൾക്ക് പലതും ത്യാഗം ചെയ്യേണ്ടിവരും’  അജിത് വ്യക്തമാക്കി.

മക്കളെ നിർബന്ധിക്കില്ല; ഗോ-കാർട്ടിംഗ് തുടങ്ങി ആദ്വിക്

2002-ൽ ശാലിനിയുമായുള്ള വിവാഹ ശേഷം എല്ലാ പരിപാടികൾക്കും ശാലിനി അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. മക്കളായ അനൗഷ്ക, ആദ്വിക് എന്നിവർ ജനിച്ചതോടെയാണ് അവരെ ശ്രദ്ധിക്കാൻ വേണ്ടി ശാലിനി പലതിൽ നിന്നും വിട്ടുനിന്നത്. 

മക്കൾ തൻ്റെ പാത പിന്തുടരാൻ നിർബന്ധിക്കില്ലെന്നും അജിത് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘മകനും റേസിങ് ഇഷ്ടമാണ്. അവൻ ഗോ-കാർട്ടിംഗ് (go-karting) തുടങ്ങിയിട്ടുണ്ട്, പക്ഷേ ഒരു ഗൗരവമായ കണ്ടുതുടങ്ങിയിട്ടില്ല’ അദ്ദേഹം പറഞ്ഞു. റേസിങ് തുടരണോ എന്ന് തീരുമാനിക്കാൻ സമയം നൽകുമെന്നും സിനിമയിലായാലും റേസിങ്ങിലായാലും തൻ്റെ കാഴ്ചപ്പാടുകൾ അവരിൽ അടിച്ചേൽപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവർ സ്വന്തമായി ഈ രംഗത്തേക്ക് വന്നാൽ താൻ എല്ലാ പിന്തുണയും നൽകുമെന്നും അജിത് പറഞ്ഞു.